തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പ്രധാന കാരണം മുന്നണിക്കുണ്ടായിരുന്ന അമിതമായ ആത്മവിശ്വാസമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
സർക്കാർ നേട്ടങ്ങളും ഭരണമികവും മാത്രം മുൻനിർത്തി അനായാസം ജയിക്കാമെന്ന കണക്കുകൂട്ടൽ പിഴച്ചുവെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെയും സംസ്ഥാന കമ്മിറ്റിയുടെയും വിലയിരുത്തൽ. തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചെന്നും പരാജയകാരണങ്ങൾ കണ്ടെത്തി പരിഹാര നടപടികളുമായി മുന്നോട്ടുപോകുമെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങളും ഒക്ടോബർ 29ലെ മന്ത്രിസഭ തീരുമാനങ്ങളും ജനങ്ങൾക്കിടയിൽ വലിയ മതിപ്പുണ്ടാക്കിയിരുന്നു. ഇതിൻ്റെ ബലത്തിൽ വിജയിച്ചുകയറാം എന്ന എൽഡിഎഫിൻ്റെ അമിത ആത്മവിശ്വാസം വിനയായി. ഈ ആത്മവിശ്വാസം കാരണം പ്രാദേശിക വിഷയങ്ങളെയും പ്രതിപക്ഷത്തിൻ്റെ നീക്കങ്ങളെയും വേണ്ടത്ര ഗൗരവത്തോടെ കാണുന്നതിൽ വീഴ്ച പറ്റി.
ചിലയിടങ്ങളിൽ, പ്രത്യേകിച്ച് നഗരമേഖലകളിൽ ഉണ്ടായ സംഘടനാപരമായ ദൗർബല്യങ്ങളും പ്രാദേശിക തലത്തിൽ പ്രവർത്തനങ്ങളിൽ ഉണ്ടായ വീഴ്ചകളും തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. വികസന നേട്ടങ്ങൾ ജനങ്ങൾ അംഗീകരിക്കുന്നുണ്ടെന്ന് കരുതിയപ്പോൾ പ്രതിപക്ഷം കള്ളക്കഥകളും വർഗീയതയും ഉപയോഗിച്ച് വോട്ട് ബാങ്ക് വികസിപ്പിച്ചത് തിരിച്ചറിയാൻ വൈകി. മാധ്യമങ്ങളുടെ ഇടതുപക്ഷ വിരുദ്ധ പ്രചാരണങ്ങളും പരാജയത്തിന് ആക്കംകൂട്ടി. പരാജയഭീതിയിൽ തളരാതെ, സംഭവിച്ച വീഴ്ചകൾ ശരിയായ ദിശാബോധത്തോടെ തിരുത്തി അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവരാനാണ് പാർട്ടിയുടെ തീരുമാനം.
വോട്ട് വിഹിതത്തിൽ വർധന
തിരിച്ചടി നേരിട്ടപ്പോഴും വോട്ട് വിഹിതത്തിൽ വർധനയുണ്ടായതാണ് എൽഡിഎഫിന് ആശ്വാസം നൽകുന്ന ഘടകം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ 33.60 ശതമാനത്തിൽനിന്ന് വോട്ട് വിഹിതം 39.73 ശതമാനമായി ഉയർത്താൻ മുന്നണിക്ക് കഴിഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ 66,65,370 വോട്ടാണ് ലഭിച്ചതെങ്കിൽ ഇത്തവണ അത് 84,10,085 വോട്ടായി വർധിച്ചു. 17,35,175 വോട്ടുകളുടെ വർധനയാണ് ഉണ്ടായത്. ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫിനും ബിജെപിക്കും വോട്ട് കുറയുകയാണ് ചെയ്തത്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിയമസഭ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ 60 മണ്ഡലങ്ങളിൽ എൽഡിഎഫിന് വ്യക്തമായ ലീഡുണ്ട്. നേരിയ വോട്ടിന് പിന്നിൽപ്പോയ മണ്ഡലങ്ങൾ രാഷ്ട്രീയ പ്രചാരണത്തിലൂടെയും സംഘാടന മികവിലൂടെയും തിരിച്ചുപിടിക്കാനാവുമെന്നും സർക്കാർ വിരുദ്ധ വികാരമില്ലാത്തതിനാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താൻ സാധിക്കുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.
വോട്ട് കച്ചവടവും വർഗീയ സഖ്യവും
അമിത ആത്മവിശ്വാസത്തിനൊപ്പം യുഡിഎഫ്-ബിജെപി വോട്ട് കച്ചവടവും പരാജയത്തിന് കാരണമായി എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. എൽഡിഎഫിനെ തോൽപ്പിക്കാൻ ഇരുമുന്നണികളും പരസ്പരം വോട്ട് മറിച്ചു. എൽഡിഎഫും യുഡിഎഫും തമ്മിൽ മത്സരം നടന്നയിടത്ത് ബിജെപി വോട്ടുകൾ യുഡിഎഫിനും, എൽഡിഎഫും ബിജെപിയും തമ്മിൽ മത്സരം നടന്നയിടത്ത് യുഡിഎഫ് വോട്ടുകൾ ബിജെപിക്കും ലഭിച്ചു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ജയിച്ച 41 ഡിവിഷനുകളിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയത് ഇതിന് തെളിവാണ്.
തൃശൂർ ജില്ലയിലെ ചുവന്നൂരിൽ എൽഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ അവരെ പരാജയപ്പെടുത്താൻ കോൺഗ്രസും ബിജെപിയും എസ്ഡിപിഐയും കൂട്ടുചേർന്നു. പത്തനംതിട്ടയിലെ കൊട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയോടെയാണ് യുഡിഎഫ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ആലപ്പുഴ വീയപുരത്ത് പട്ടികജാതി വനിത സംവരണ സീറ്റിൽ എൽഡിഎഫ് വിജയിച്ചിട്ടും പ്രസിഡന്റ് ആകാതിരിക്കാൻ ബിജെപി യോഗം ബഹിഷ്‌കരിച്ച് യുഡിഎഫിനെ സഹായിച്ചു.
മറ്റത്തൂരിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ 35 സീറ്റ് ലഭിച്ചാൽ കേരളം ഭരിക്കുമെന്ന പഴയ പ്രസ്താവന ശരിവെക്കുന്ന തരത്തിലാണ്. കോൺഗ്രസിനെ വിജയിപ്പിക്കുന്നത് ബിജെപിക്ക് വളമാകുമെന്ന് സിപിഎം നേരത്തെ നൽകിയ മുന്നറിയിപ്പ് യാഥാർഥ്യമാവുകയാണ്. പണം കൊടുത്ത് വോട്ട് വാങ്ങുക എന്ന പുതിയ പ്രവണതയും തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും പയറ്റി.
കോൺഗ്രസിനുള്ളിലെ ബിജെപി മനസ്
കോൺഗ്രസ് പ്രവർത്തക സമിതിയിലെ ഒരു വിഭാഗം നേതാക്കൾ ബിജെപിക്ക് വേണ്ടി ജോലി ചെയ്യുകയാണെന്ന് എംവി ഗോവിന്ദൻ വിമർശിച്ചു. എൽ കെ അദ്വാനി കസേരയിൽ ഇരിക്കുമ്പോൾ നരേന്ദ്ര മോദി തറയിൽ ഇരിക്കുന്ന ഫോട്ടോ പങ്കുവെച്ച് ആർഎസ്എസിൻ്റെ എളിമ വാഴ്ത്തിയ ദിഗ്‌വിജയ് സിങ്ങിൻ്റെ നടപടി ഇതിന് ഉദാഹരണമാണ്. ഗുജറാത്ത് കലാപത്തിലൂടെ വളർന്ന മോദിയുടെ ചരിത്രം മറച്ചുവെച്ച് ആർഎസ്എസിനെ വെള്ളപൂശാനാണ് കോൺഗ്രസ് ഉന്നത നേതൃത്വം ശ്രമിക്കുന്നത്.
ശശി തരൂർ നരേന്ദ്ര മോദിയെ അനുകൂലിക്കുകയും നെഹ്റു കുടുംബത്തെ വിമർശിക്കുകയും ചെയ്യുന്നതും ഇതിനോട് ചേർത്തു വായിക്കണം. എംഎൽഎ ഓഫിസ് തർക്കത്തിൽ കെ മുരളീധരൻ പിന്തുണച്ചത് ബിജെപിയെയാണ്. ഏതുസമയത്തും ബിജെപിയിലേക്ക് ചേക്കേറാൻ തയ്യാറായി നിൽക്കുന്ന ഒരു വിഭാഗം കോൺഗ്രസിനുള്ളിലുണ്ട്.
ശബരിമലയും ബിജെപിയുടെ വീഴ്ചയും
ശബരിമല വിഷയം ചർച്ചയായ സാഹചര്യത്തിലും, ശബരിമല ഉൾപ്പെടുന്ന പെരുനാട് ഗ്രാമപഞ്ചായത്തിലും വാർഡിലും എൽഡിഎഫ് ആണ് വിജയിച്ചത്. ശബരിമല വിശ്വാസികളുടെ പ്രധാന കേന്ദ്രമായി കരുതുന്ന പന്തളം നഗരസഭ കഴിഞ്ഞ അഞ്ചു വർഷമായി ബിജെപി ഭരണത്തിലായിരുന്നു. എന്നാൽ ഇത്തവണ അവിടെ എൽഡിഎഫ് വിജയിച്ചു.
തൃശൂരിൽ നടന്ന സമ്മേളനത്തിൽ 25 ശതമാനം വോട്ടും സീറ്റും നേടുമെന്ന അമിത് ഷായുടെ വെല്ലുവിളി നടപ്പായില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 15.56 ശതമാനം വോട്ട് ലഭിച്ച ബിജെപിക്ക് ഇത്തവണ കൂടുതൽ സീറ്റിൽ മത്സരിച്ചിട്ടും 16.06 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ 19.40 ശതമാനത്തിൽ നിന്ന് വോട്ട് കുറയുകയും ചെയ്തു. പാലക്കാട് നഗരസഭയിൽ കേവല ഭൂരിപക്ഷം നേടാനും ബിജെപിക്ക് സാധിച്ചില്ല.
തിരുത്തൽ നടപടികളും പ്രക്ഷോഭങ്ങളും
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കാര്യങ്ങൾ വിശദീകരിക്കാനും തിരുത്തൽ നടപടികൾക്കുമാണ് സിപിഎം തീരുമാനം. ഇതിൻ്റെ ഭാഗമായി ജനുവരി 15 മുതൽ 22 വരെ ഗൃഹസന്ദർശനം നടത്തും. എല്ലാ വിഭാഗം ആളുകളെയും കണ്ട് സർക്കാർ നേട്ടങ്ങളും കേന്ദ്ര അവഗണനയും വിശദീകരിക്കും. ജനുവരി 5ന് സംസ്ഥാനത്തെ 23,000 വാർഡുകളിൽ തൊഴിലുറപ്പ് പദ്ധതി സംരക്ഷണ അസംബ്ലി സംഘടിപ്പിക്കും. ജനുവരി 12ന് കേന്ദ്ര സർക്കാരിനെതിരെ സത്യഗ്രഹം നടത്തും. ഫെബ്രുവരിയിൽ മൂന്ന് മേഖലകളിലായി എൽഡിഎഫ് വാഹനപ്രചാരണ ജാഥയും സംഘടിപ്പിക്കും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.