ധാക്ക: രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ബംഗ്ലാദേശിലെ രാജ്ഷാഹിയിലും ഖുല്‍നയിലും രണ്ട് വിസ അപേക്ഷാ കേന്ദ്രങ്ങള്‍ ഇന്ത്യ അടച്ചുപൂട്ടി.
ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ അടുത്ത കാലത്തുണ്ടായ ഭീഷണികകളുടെയും ബംഗ്ലാദേശ് രാഷ്ട്രീയ നേതാക്കളുടെ പ്രകോപനപരമായ ഇന്ത്യ വിരുദ്ധ പ്രസ്താവനകളുടെയും പശ്ചാത്തത്തിലാണ് നീക്കം.‘നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് രാജ്ഷാഹി, ഖുല്‍ന എന്നിവിടങ്ങളിലെ വിസ അപേക്ഷാകേന്ദ്രങ്ങള്‍ അടച്ചിടുമെന്ന് അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കാനായി മുന്‍കൂട്ടി അനുമതിയെടുത്ത എല്ലാ അപേക്ഷകര്‍ക്കും പിന്നീട് ഒരു സ്ലോട്ട് നല്‍കും.’- ഇന്ത്യൻ വിസ അപ്ലിക്കേഷൻ സെന്റർ(ഐവിഎസി) വ്യക്തമാക്കി.
ബംഗ്ലാദേശിന്റെ ഹൈക്കമ്മീഷണര്‍ മുതിര്‍ന്ന നയതന്ത്രജ്ഞന് മുഹമ്മദ് റിയാസ് ഹമീദുള്ളയെ വിളിച്ച് പ്രതിഷേധം അറിയിച്ചതിന് ശേഷമാണ് ഈ നീക്കം. ഏറ്റവും ഒടുവിലായി, ബംഗ്ലാദേശ് നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി നേതാവ് ഹസ്നത്ത് അബ്ദുള്ള ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ വിവരിക്കാന്‍ ഉപയോഗിക്കുന്ന പദപ്രയോഗമായ 'ഏഴ് സഹോദരിമാരെ' 'അറുത്തുമാറ്റും' എന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
'ബംഗ്ലാദേശ് ജനതയുടെ സ്വാതന്ത്ര്യസമരത്തില്‍ വേരൂന്നിയതും വിവിധ വികസന, ജനകീയ സംരംഭങ്ങളിലൂടെ ശക്തിപ്പെടുത്തിയതുമായ സൗഹൃദപരവുമായ ബന്ധമുണ്ട്. ബംഗ്ലാദേശിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഞങ്ങള്‍ അനുകൂലമാണ്. കൂടാതെ, സമാധാനപരമായ അന്തരീക്ഷത്തില്‍ നടക്കുന്ന സ്വതന്ത്രവും നീതിയുക്തവും സമഗ്രവും വിശ്വാസയോഗ്യവുമായ തിരഞ്ഞെടുപ്പുകള്‍ക്കായി ഞങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്.’ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മൂന്ന് ദിവസം മുന്‍പ്, ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ധാക്കയിലെ ഇന്ത്യന്‍ പ്രതിനിധി പ്രണയ് വര്‍മ്മയെ വിളിച്ച്, ഇന്ത്യന്‍ മണ്ണില്‍നിന്ന് ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ 'പ്രകോപനപരമായ' പ്രസ്താവനകളെക്കുറിച്ച് അതിന്റെ ആശങ്ക അറിയിച്ചിരുന്നു. ബംഗ്ലാദേശിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ഒരിക്കലും അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം മറുപടി നല്കി. വിദ്യാര്‍ത്ഥി നേതൃത്വത്തിലുള്ള പ്രതിഷേധങ്ങള്‍ക്കെതിരെയുണ്ടായ ഭരണകൂടത്തിന്റെ നടപടികളെത്തുടര്‍ന്ന് ഷെയ്ഖ് ഹസീനയെ ധാക്കയിലെ പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
2024-ലെ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് നാടുവിട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. മുഹമ്മദ് യൂനുസ് തലവനായ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്. അവിടുത്തെ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് ഹിന്ദുക്കള്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.