തൃശൂർ; വിയ്യൂർ പൊലീസ് ആളുമാറി കസ്റ്റഡിയിൽ എടുത്ത യുവാവിന്റെ ശരീരത്തിലെ ലാത്തിയടിപ്പാടുകൾ.
യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചെന്നാണ് പരാതി. കുറ്റൂർ ചാമക്കാട് പുതുകുളങ്ങരയിൽ പി.എസ്.ശരത്തിന് (31) ആണു വിയ്യൂർ സ്റ്റേഷനിലെ പൊലീസ് സംഘത്തിന്റെ മർദനമേറ്റത്.ശരത്തിന്റെ ദേഹമാസകലം മർദനത്തിന്റെ പാടുകളുണ്ട്. നെയ്തലക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ അടിപിടിയുടെ പേരിൽ ശരത് എന്നു പേരുള്ളയാളെ പൊലീസ് തിരയുന്നുണ്ടായിരുന്നു.കാപ്പാ കേസിലടക്കം പ്രതിയായ പി.എസ്. ശരത്ത് ആണ് ഈ അടിപിടിക്കേസിലും പ്രതിയെന്നു തെറ്റിദ്ധരിച്ചാണു മർദനം നടന്നതെന്നു പറയുന്നു. ശരത്തിന്റെ സഹോദരൻ രാജീവിന്റെ വീട്ടിലെത്തിയാണു മർദിച്ചതെന്നുകാട്ടി ബന്ധുക്കൾ കമ്മിഷണർക്ക് അടക്കം പരാതി നൽകി.ഉത്സവത്തിനിടയിൽ അടിപിടിയുണ്ടാക്കിയവരുടെ കൂട്ടത്തിൽ ശരത് എന്നു പേരുള്ള മറ്റൊരാൾ ഉണ്ടായിരുന്നു. ആ ശരത്താണെന്നു തെറ്റിദ്ധരിച്ചാണു പൊലീസ് തിരഞ്ഞ് എത്തിയതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം രാത്രി 10.30നു വീട്ടിലേക്കു കയറിവന്ന പൊലീസുകാർ ശരത്തിനെ തലങ്ങും വിലങ്ങും മർദിച്ചെന്നും ലാത്തി കൊണ്ടു പുറത്തും വയറ്റിലും അടിച്ചെന്നും പരാതിയിലുണ്ട്.
ഉന്തിത്തള്ളി ജീപ്പിൽ കയറ്റിയപ്പോൾ തലയിടിച്ചും പരുക്കേറ്റു. ഉത്സവം കാണാൻ പോയിട്ടില്ലെന്നു ശരത് പറഞ്ഞെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. ആളു മാറിയാണ് അറസ്റ്റ് ചെയ്തതെന്നു പിന്നീടു മനസ്സിലാക്കിയതോടെ രാത്രി ഒന്നരയോടെ സ്റ്റേഷനിൽ നിന്നു മോചിപ്പിച്ചു. പരുക്കുകൾ ഉള്ളതിനാൽ പൊലീസ് തന്നെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി.
വീട്ടിലെത്തിയ ശേഷം രാവിലെ അസ്വസ്ഥത തോന്നിയതിനാൽ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. കണ്ണിന്റെ ഭാഗത്തു ലാത്തി കൊണ്ടുള്ള അടിയേറ്റിട്ടുണ്ടെന്നും കാഴ്ചയ്ക്കു മങ്ങലുണ്ടായെന്നും ശരത് പറയുന്നു. ശരത്തിന്റെ സഹോദരന്റെ ഭാര്യ വിയ്യൂർ പൊലീസിൽ പരാതി നൽകാൻ എത്തിയെങ്കിലും എസ്എച്ച്ഒ സ്ഥലത്തില്ലെന്നു പറഞ്ഞു പരാതി സ്വീകരിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
എന്നാൽ, വിശേഷ ദിവസങ്ങളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കാപ്പാ കേസ് പ്രതികളെയും കേഡി ലിസ്റ്റിൽ ഉൾപ്പെട്ടവരെയും കസ്റ്റഡിയിലെടുക്കാറുണ്ടെന്നും ശരത്തിന്റെ കാര്യത്തിലും ഇതാണു സംഭവിച്ചതെന്നും പൊലീസ് അറിയിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.