കടുത്തുരുത്തി ; ക്രിസ്മസ് ആഘോഷിക്കാൻ ഇറച്ചിയും മീനും വാങ്ങാൻ ഇറങ്ങിയാൽ കീശ കാലിയാകും.
ക്രിസ്മസ് വിപണിയിൽ പോത്ത്, പന്നി, ആട്, താറാവ്, കോഴി എന്നിവയ്ക്ക് വില വർധിച്ചു. മാംസ വിപണിയിൽ കച്ചവടക്കാർ തോന്നും പോലെയാണ് വില വർധിപ്പിച്ചിരിക്കുന്നത്. ഇതിനെച്ചൊല്ലി പലയിടത്തും മാംസം വാങ്ങാൻ എത്തിയവരും കച്ചവടക്കാരുമായി തർക്കവും ബഹളവും ഉണ്ടായി.പോത്തിറച്ചിക്ക് 420 മുതൽ 460 രൂപ വരെയാണ് ഇന്നലെ വില വാങ്ങിയത്. കടുത്തുരുത്തി മാർക്കറ്റിൽ 420 രൂപയ്ക്ക് പോത്തിറച്ചി നൽകിയപ്പോൾ പാലത്തിനു സമീപമുള്ള കടയിൽ 460 രൂപയാണ് വാങ്ങിയത്. പന്നിയിറച്ചി 300 രൂപ മുതൽ 380 രൂപ വരെയാണ് പലയിടത്തും വില. കോഴിക്ക് 160 രൂപയായിരുന്നു ഇന്നലെ കിലോ വില. ആടിന് 1000 രൂപയായും വില ഉയർന്നു.
പോത്തിറച്ചി മാത്രമാണ് തങ്ങൾ വിൽപന നടത്തുന്നത്. പോത്തുകളെ ലഭിക്കാൻ ബുദ്ധിമുട്ടാണ്. വില കൂടുതൽ നൽകിയാണ് പോത്തുകളെ എത്തിച്ച് കശാപ്പു ചെയ്യുന്നത്. ഇതിനാലാണ് വില വർധിപ്പിക്കേണ്ടി വരുന്നതെന്നാണ് ഒരു വിഭാഗം വ്യാപാരികളുടെ വാദം. താറാവ് 350 രൂപയാണ് വില. കടൽ മത്സ്യങ്ങൾ വാങ്ങണമെങ്കിലും വില കൂടുതൽ നൽകണം.
ഒരു കിലോ നെയ്മീന് ഇന്നലെ 1200 രൂപയായിരുന്നു കുറുപ്പന്തറ ടൗണിലെ വിൽപന വില. മോദയുടെ കിലോ വില 1080 രൂപയും കടന്നു. വറ്റയ്ക്ക് – 640 , സ്രാവ് തൂമ്പൻ –650, ഏട്ട –560 , ആവോലി –740, കാളാഞ്ചി – 540, കായൽ പൂമീൻ 300, കായൽ കാളാഞ്ചി –680 എന്നിങ്ങനെ വില വർധിച്ചു.
കൊല്ലം നീണ്ടകര, ചെല്ലാനം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണു പ്രധാനമായും ജില്ലയിൽ മീൻ വിൽപനയ്ക്കെത്തുന്നത്. കരിമീൻ 600 രൂപയ്ക്കാണ് വിൽപന നടന്നത്. നാടൻ മത്സ്യങ്ങൾക്കും വില വർധിച്ചു. വരാൽ, കാരി, നാടൻ കരിമീൻ എന്നിവയ്ക്ക് 50 മുതൽ 100 രൂപ വരെ വില വർധനയുണ്ടായി.
ഫിഷ് ഫാമുകളിൽ എത്തിയാൽ പിടയ്ക്കുന്ന മീനുകൾ കൈയോടെ വാങ്ങി പോകാം. വരാൽ, കാരി, , മൃഗല, കാർപ്പ്, തിലോപ്പിയ,നട്ടർ ,ഗൗര, ചെമ്പല്ലി തുടങ്ങിയ മീനുകളാണ് കൂടുതലും കുളങ്ങളിൽ വളർത്തുന്നത്. കിലോയ്ക്ക് 250 രൂപ മുതൽ 350 രൂപ വരെ വിലയ്ക്ക് വളർത്തു മത്സ്യങ്ങൾ ലഭിക്കും. ആവശ്യക്കാരെത്തുമ്പോൾ വല വീശി പിടിക്കുകയോ, കോരിയെടുക്കുകയോ ആണ് ചെയ്യുന്നത്. മീൻ വൃത്തിയാക്കി നൽകാനും സൗകര്യമുണ്ട്. രാസവസ്തുക്കൾ ചേർക്കാത്ത ശുദ്ധ ജൈവ മത്സ്യം ലഭിക്കുമെന്നതിനാൽ ദിവസേന 200 കിലോ മത്സ്യം വരെ ഫാമുകാർ വിൽക്കുന്നുണ്ട്.
ഉത്സവ കാലത്തും ആഘോഷ വേളകളിലും തോന്നുംപടിയാണ് പോത്തിറച്ചിക്കും പന്നിയിറച്ചിക്കും വില വാങ്ങുന്നത്. പലയിടത്തും പല വിലയാണ്. വില ഏകീകരിച്ച് വിൽപന നടത്താൻ നടപടി വേണം. പഞ്ചായത്ത് മാംസ വ്യാപാരികളുടെ യോഗം വിളിച്ച് വില ഏകീകരിക്കണം. ഇന്നലെ പലയിടത്തു നിന്നും പരാതിയുണ്ടായി. വ്യാപാരികൾ ആവശ്യക്കാരെ പിഴിയുന്ന നിലപാടിൽ നിന്നും പിന്തിരിയണം. കടുത്തുരുത്തി പഞ്ചായത്തിൽ മാംസ വില ഏകീകരിക്കാൻ ഇടപെടും. – ജോസ് മൂണ്ടകുന്നേൽ കടുത്തുരുത്തി പഞ്ചായത്തംഗം







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.