തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ അക്രമസംഭവങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും പുത്തൻപ്രതീക്ഷയുടെയും ആഘോഷമാണ് ക്രിസ്മസ്.ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനമെന്ന ബൈബിൾ വാക്യം മഹത്തായ നന്മയെ കുറിക്കുന്നു. ലോകത്തിനാകെ വെളിച്ചംപകരുന്ന ആ സന്ദേശത്തിന്റെ പ്രഭ കെടുത്തുംവിധം ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നാക്രമിക്കുന്ന അവസ്ഥ നമ്മെ ആകെ അസ്വസ്ഥരാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മധ്യപ്രദേശ്, യുപി, കർണാടക, ഹരിയാണ, ഒഡീഷ, ഛത്തീസ്ഗഢ്, ബിഹാർ, ഝാർഖണ്ഡ് മുതലായ സംസ്ഥാനങ്ങളിൽ വ്യാപകമായി ഇത്തരം ആക്രമണം നടക്കുന്നതിന്റെ വാർത്ത വന്നെന്നും സംഘ പരിവാർ ശക്തികളാണ് എല്ലാ ആക്രമണങ്ങൾക്കും പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുപി സർക്കാർ ക്രിസ്മസ് അവധിതന്നെ റദ്ദാക്കി. അന്ന് മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജന്മദിനം ആഘോഷിക്കാനാണ് നിർദേശം. ഈ ദിവസം വിദ്യാർഥികളുടെ ഹാജർ നിർബന്ധമാക്കുകയും ചെയ്തു, അദ്ദേഹം പറഞ്ഞു. ഇതിൽനിന്നൊക്കെ കേരളം വിട്ടുനിൽക്കും എന്നാണ് നമ്മൾ എല്ലാവരുടെയും ബോധ്യം.
എന്നാൽ, ആ ബോധ്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നു. സംസ്ഥാനത്തെ തപാൽ ഓഫീസുകളിലെ ക്രിസ്മസ്- നവവത്സര പരിപാടികളിൽ ഗണഗീതം പാടണമെന്ന് ബിഎംഎസ് യൂണിയന്റെ ആവശ്യം ഉയർന്നു. ഇതിനെതിരേ പ്രതിഷേധം വന്നതോടെ ജീവനക്കാരുടെ കൂട്ടായ്മകൾ പോസ്റ്റ് ഓഫീസുകളിൽ നടത്താനിരുന്ന ക്രിസ്മസ് ആഘോഷംതന്നെ റദ്ദാക്കാൻ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ തീരുമാനിച്ചുവത്രെ, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.പാലക്കാട്ട് പുതുശ്ശേരിയിൽ കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തിന് നേരെ സംഘപരിവാർ അക്രമമുണ്ടായി. ഈ അക്രമിസംഘത്തെ ന്യായീകരിച്ചാണ് ബിജെപി നേതാക്കൾ രംഗത്തുവന്നത്. കരോൾ സംഘങ്ങളെ അപമാനിക്കുന്ന രീതിയിൽ, അവർ പൊതുവായി മദ്യപിക്കാറുണ്ടെന്നും മാന്യതയില്ലാത്ത രീതിയിലാണ് കരോൾ നടന്നതെന്നുമാണ് മുതിർന്ന നേതാക്കൾ പറഞ്ഞത്. അക്രമം നടത്തിയവർക്കെതിരേ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. ചില സ്വകാര്യ സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷം നടത്തുന്നതിനെതിരെ ആർഎസ്എസ് അനുകൂല സംഘടനകളിൽനിന്ന് സമ്മർദവും ഭീഷണിയും ഉണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ചില സ്‌കൂളുകൾ ആഘോഷങ്ങളൊഴിവാക്കി. വിദ്യാർഥികളിൽനിന്ന് വാങ്ങിയ പണം തിരികെനൽകി. ഇത്തരം സംഭവങ്ങളേക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ഇത്തരം ശക്തികൾ തലപൊക്കുന്നു എന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഭരണഘടന അനുവദിച്ച് നൽകുന്ന മൗലികാവകാശങ്ങൾക്കെതിരായ ഒരു കടന്നുകയറ്റത്തെയും അംഗീകരിക്കാൻ കഴിയില്ല.
രാജ്യത്തിന്റെ ബഹുസ്വരതയോടും സഹവർത്തിത്വത്തോടും വിപ്രതിപത്തി വെച്ചുപുലർത്തുന്ന കൂട്ടരാണ് സംഘപരിവാർ. കഴിഞ്ഞ വർഷം ഇതേസമയം, ക്രിസ്മസിന് കെയ്ക്കുമായി ക്രൈസ്തവ ഭവനങ്ങളിലും ആരാധനാലയങ്ങളിലും സന്ദർശനം നടത്തിയവരാണ് ക്രിസ്മസ് കരോൾ സംഘത്തെ ആക്രമിക്കാൻ തയ്യാറാകുന്നതെന്നും അദ്ദേഹം വിമർശിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.