തിരുവനന്തപുരം ;നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ബിജെപിയുടെ ‘മിഷൻ 2026’ പദ്ധതി പ്രധാനമന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിക്കും.
ജനുവരി 24നു മുൻപ് പ്രധാനമന്ത്രിയെത്തും. പരിപാടി തയാറാക്കാൻ ദേശീയ നേതൃത്വം സംസ്ഥാന ബിജെപി ഘടകത്തിനു നിർദേശം നൽകി. 34 മണ്ഡലങ്ങളിൽ ജനുവരി രണ്ടാം വാരം തന്നെ സ്ഥാനാർഥികളെ നിർണയിച്ച് പ്രവർത്തനം തുടങ്ങാനാണു തീരുമാനം. തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചാൽ 45 ദിവസത്തിനകം നഗരവികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിയെത്തുമെന്നു പ്രഖ്യാപിച്ചിരുന്നു.ആ പരിപാടിയിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കൂടി തുടക്കമിടുകയാണ് ബിജെപി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മിഷൻ 2025 എന്ന പേരിൽ ‘വികസിത കേരളം’ പദ്ധതി തിരുവനന്തപുരത്ത് ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രഖ്യാപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ശതമാനത്തിൽ കാര്യമായ കുറവുണ്ടായെങ്കിലും 34 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി കരുത്ത് തെളിയിച്ചെന്നാണ് വിലയിരുത്തൽ. 9 മണ്ഡലങ്ങളിൽ 40,000 വോട്ടിനു മുകളിൽ പിടിച്ചു. നേമം, കാട്ടാക്കട, കഴക്കൂട്ടം, ചെങ്ങന്നൂർ, മലമ്പുഴ, എലത്തൂർ, കാസർകോട്,മഞ്ചേശ്വരം, അരൂർ മണ്ഡലങ്ങളിലാണ് ഇൗ മുന്നേറ്റം. ഇതിൽ തന്നെ 5 മണ്ഡലങ്ങളിൽ 45,000 വോട്ട് കടന്നു.കോവളം, വട്ടിയൂർക്കാവ്, പാറശാല, ചിറയിൻകീഴ്, കൊട്ടാരക്കര, പുതുക്കാട്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, നാട്ടിക, ഒറ്റപ്പാലം, പാലക്കാട്, മാവേലിക്കര എന്നീ 12 മണ്ഡലങ്ങളിൽ 35,000ത്തിനും 40,000ത്തിനും ഇടയിൽ വോട്ടുനേടി. തിരുവനന്തപുരം, ആറ്റിങ്ങൽ, കുന്നത്തൂർ, ആറന്മുള, കരുനാഗപ്പള്ളി, കുണ്ടറ, ചേലക്കര, വടക്കാഞ്ചേരി, മണലൂർ, ഷൊർണൂർ, കുന്നമംഗലം, കോഴിക്കോട് നോർത്ത്, നെന്മാറ എന്നീ 13 മണ്ഡലങ്ങളിൽ 30,000ത്തിനും 35,000 ത്തിനും ഇടയിൽ വോട്ട് നേടി. നേമത്തും വട്ടിയൂർക്കാവിലും ബിജെപിയാണ് ഒന്നാമത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ നേതാക്കൾക്കു മത്സരിക്കാനുള്ള സീറ്റുകൾ കൂടി ലക്ഷ്യമിട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രവർത്തനച്ചുമതല നൽകിയിരുന്നു. അതാണ് ഇൗ മണ്ഡലങ്ങളിൽ വോട്ട് വർധനയ്ക്കു കാരണമെന്നാണ് ബിജെപി നിഗമനം. ഇൗ നേതാക്കളോട് തുടർന്നും മണ്ഡലങ്ങളിൽ പ്രവർത്തനം തുടരാൻ നിർദേശിച്ചു. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി.മുരളീധരനും മത്സരിക്കുമെന്ന് അവർ തന്നെ പറയുകയും ചെയ്തിരുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.