വാഷിങ്ടൺ ഡിസി; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക വ്യാപാരത്തിനും പീഡനത്തിനും ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടുന്നതിന്റെ ഭാഗമായി 68 ഫോട്ടോകൾ കൂടി പുറത്തുവിട്ടു.
മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകകോടീശ്വരന്മാരിലൊരാളുമായ ബിൽ ഗേറ്റ്സ്, ചിന്തകൻ നോം ചോംസ്കി തുടങ്ങിയവർ പുതിയ ചിത്രങ്ങളിലുണ്ട്. അമേരിക്കൻ സെനറ്റിന്റെ ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗങ്ങളാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.വിവിധ രാജ്യങ്ങളിലെ ആളുകളുടെ പാസ്പോർട്ടിന്റെയും തിരിച്ചറിയൽ രേഖകളുടെയും ചിത്രങ്ങളും പുറത്തുവിട്ടവയിലുണ്ട്. യുക്രെയ്ൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യുവതികളുടെ വിവരങ്ങളാണ് കൂടുതലും. പുറത്തുവിട്ട പല ചിത്രങ്ങളിലെയും യുവതികളുടെ മുഖങ്ങൾ മറച്ചിട്ടുണ്ട്.ഇതോടൊപ്പം, സ്ത്രീകളെ കൈമാറ്റം ചെയ്യുന്ന തരത്തിലുള്ള ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും പുറത്തുവിട്ടവയിലുണ്ട്. ‘പെൺകുട്ടികളെ അയക്കാം’ എന്നും ‘ഒരു പെൺകുട്ടിക്ക് 1000 ഡോളറാണ് ചോദിക്കുന്നത്’ എന്നും ചാറ്റിൽ പറയുന്നുണ്ട്. ‘ആരെങ്കിലുമൊക്കെ ‘ജെ’ യ്ക്ക് അനുയോജ്യമായിരിക്കും’ എന്നും ചാറ്റിൽ പറയുന്നു. പെൺകുട്ടികളുടെ വ്യക്തിവിവരങ്ങളും പങ്കുവയ്ക്കുന്നുണ്ട്.
നോം ചോംസ്കി ജെഫ്രി എപ്‌സ്റ്റീനൊപ്പം ഒരു വിമാനത്തിൽ ഇരിക്കുന്നതു പോലെയുള്ള ചിത്രമാണ് പുറത്തുവന്നത്. ബിൽ ഗേറ്റ്സ് ഒരു യുവതിക്കൊപ്പം നിൽക്കുന്ന ചിത്രവും. യുവതിയുടെ മുഖം മറച്ചിട്ടുണ്ട്. ഇതുകൂടാതെ, സിനിമാ സംവിധായകൻ വൂഡി അലൻ, ട്രംപിന്റെ മുൻ ഉപദേഷ്ടാവ് സ്റ്റീവ് ബാനോൺ എന്നിവരും ചിത്രങ്ങളിലുണ്ട്.
പുറത്തുവിട്ട ചിത്രങ്ങളിൽ അക്രമമോ നിയമവിരുദ്ധ പ്രവർത്തനങ്ങളോ പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും എപ്‌സ്റ്റീന് യുഎസിലെ വിവിധ തുറകളിലെ ഉന്നതരുമായുള്ള അടുത്ത ബന്ധം കാണിക്കുന്നതാണ്. നേരത്തെ പുറത്തുവിട്ട ചിത്രങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ എന്നിവരും ഉൾപ്പെട്ടിരുന്നു.
എപ്‌സ്റ്റീൻ എസ്റ്റേറ്റിൽ നിന്ന് ലഭിച്ച 95,000ത്തോളം ഫോട്ടോകളാണ് ഓവർസൈറ്റ് കമ്മിറ്റിയുടെ പക്കലുള്ളത്. കൂടുതൽ ഫോട്ടോകൾ പുറത്തുവിടുമെന്ന് കമ്മിറ്റി പറയുന്നു. എപ്സ്റ്റീൻ കേസിലെ അതീവ രഹസ്യമായ രേഖകൾ പുറത്തുവിടാനുള്ള നീക്കത്തിന് അമേരിക്കൻ സെനറ്റ് നേരത്തെ പൂർണ പിന്തുണ നൽകിയിരുന്നു. ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ ട്രംപ് ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.
പ്രമുഖ വ്യക്തികൾക്കായി ലൈംഗിക പാർട്ടികൾ സംഘടിപ്പിച്ചുവെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്നടക്കം ഒട്ടേറെ ആരോപണങ്ങൾ നേരിട്ടയാളാണ് ജെഫ്രി എപ്‌സ്റ്റീൻ. ലൈംഗികവൃത്തിക്കായി കുട്ടികളെ കടത്തിയതിന് അറസ്റ്റിലായ എപ്‌സ്റ്റീനെ 2019 ജൂലൈയിൽ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.