ബെംഗളൂരു: ടെക്കി യുവാവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലെന്ന് പോലീസ്.
നാലുമാസം മുൻപുതന്നെ തോക്കും കത്തിയും ഉൾപ്പെടെയുള്ള ആയുധങ്ങൾ പ്രതി വാങ്ങിയിരുന്നതായും അകന്നുകഴിയുകയായിരുന്ന ഭാര്യയെ കൊല്ലാനായി ഇയാൾ മാസങ്ങൾക്ക് മുൻപേ തീരുമാനിച്ചിരുന്നതായും പോലീസ് പറഞ്ഞു.ബെംഗളൂരുവിൽ ബാങ്ക് മാനേജരായ ഭുവനേശ്വരി(39)യെയാണ് സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് ബാലമുരുകൻ(40) വെടിവെച്ച് കൊലപ്പെടുത്തിയത്.ബെംഗളൂരു രാജാജി നഗറിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു ദാരുണസംഭവം. കൃത്യം നടത്തിയശേഷം പ്രതിതന്നെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കൈയിലുണ്ടായിരുന്ന കത്തിയും ഇയാൾ പോലീസിന് കൈമാറി. ഭാര്യയെ കൊലപ്പെടുത്തിയിട്ടും കൂസലില്ലാതെ പോലീസ് സ്‌റ്റേഷനിലെത്തിയ പ്രതി, 'അവൾ അത് അർഹിക്കുന്നു' എന്നുമാത്രമാണ് പോലീസുകാരോട് പറഞ്ഞതെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.വിവാഹം 2011-ൽ... 2011-ലാണ് ഭുവനേശ്വരിയും ബാലമുരുകനും വിവാഹിതരായത്. ഏതാനുംവർഷങ്ങൾക്ക് ശേഷം ഇരുവർക്കുമിടയിൽ ദാമ്പത്യപ്രശ്‌നങ്ങൾ ആരംഭിച്ചു. ഭുവനേശ്വരിക്ക് മറ്റൊരു ബന്ധമുണ്ടെന്നായിരുന്നു ബാലമുരുകന്റെ സംശയം. ഭാര്യ മറ്റുപുരുഷന്മാരുമായി സംസാരിക്കുന്നതുപോലും ഇയാൾ സംശയത്തോടെയാണ് കണ്ടത്. കുട്ടികളുണ്ടായശേഷവും ദമ്പതിമാർക്കിടയിലെ വഴക്ക് രൂക്ഷമായി. ബന്ധുക്കൾ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ ബാലമുരുകൻ ഭാര്യയെയും കുട്ടികളെയും ഉപദ്രവിക്കുന്നതും പതിവായി. ഇതോടെയാണ് ഭുവനേശ്വരി ഭർത്താവിൽനിന്ന് അകന്നുകഴിയാൻ തീരുമാനിച്ചത്. ദമ്പതിമാർക്ക് എട്ടാംക്ലാസിൽ പഠിക്കുന്ന മകനും യുകെജി വിദ്യാർഥിനിയായ മകളും ഉണ്ട്. നാലുമാസം മുൻപേ തീരുമാനം... അകന്നുകഴിയുന്ന ഭാര്യയെ കൊലപ്പെടുത്താനായി നാലുമാസം മുൻപേ തീരുമാനിച്ചിരുന്നതായാണ് പ്രതി ബാലമുരുകന്റെ മൊഴി. ഇതിനായി തോക്കും തിരകളും അനധികൃതമായി സംഘടിപ്പിച്ചു. കത്തി ഉൾപ്പെടെയുള്ള ആയുധങ്ങളും വാങ്ങിവെച്ചിരുന്നു.തോക്ക് ഉപയോഗിച്ചുള്ള ആക്രമണം പാളിപ്പോയാൽ ഭാര്യയ്ക്ക് രണ്ടാമതൊരു അവസരം ലഭിക്കരുതെന്നും അതിനായാണ് കത്തി കൂടെ കരുതിയതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. അഞ്ചുതവണയാണ് പ്രതി ഭാര്യയ്ക്ക് നേരേ നിറയൊഴിച്ചതെന്നാണ് പോലീസ് നൽകുന്നവിവരം. ഇതിൽ നാല് വെടിയുണ്ടകളും സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ്‌ചെയ്തു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.