ന്യൂഡല്‍ഹി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് രാജ്കുമാര് ഗോയല്‍ മുഖ്യ വിവരാവകാശ കമ്മീഷണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
കഴിഞ്ഞാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഗോയലിനെ മുഖ്യവിവരാവകാശ കമ്മീഷണറാക്കി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.1990 ബാച്ചിലെ അരുണാചല്‍പ്രദേശ്- ഗോവ -മിസോറം-കേന്ദ്രഭരണ പ്രദേശങ്ങളുടെ കേഡറിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗോയല്‍.ഓഗസ്റ്റ് 31ന് അദ്ദേഹം നിയമ-നീതിന്യായ മന്ത്രാലയത്തില്‍ നിന്ന് സെക്രട്ടറിയായി വിരമിച്ചിരുന്നു. ആഭ്യന്തരമന്ത്രാലയത്തിലെ ബോര്‍ഡര്‍ മാനേജ്മെന്റ് സെക്രട്ടറി ഉള്‍പ്പെടെ കേന്ദ്രത്തിലും ജമ്മു കശ്മീരിലും സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്.
രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്, കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സെപ്റ്റംബര്‍ പതിമൂന്നിന് ഹീരാലാല്‍ സമാരിയയുടെ കാലാവധി അവസാനിച്ചതോടെ മുഖ്യ വിവരാവകാശ കമ്മീഷണറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കുന്ന സമിതിയുടെ ബുധനാഴ്ച നടന്ന യോഗത്തില്‍ എട്ട് വിവരാവകാശ കമ്മീഷണര്‍മാരുടെ പേരുകളും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
എല്ലാവരും ചേര്‍ന്ന് കഴിഞ്ഞാല്‍ ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമ്മീഷന്റെ മുഴുവന്‍ തസ്തികകളും നികത്തപ്പെടും. മുഖ്യ വിവരാവകാശ കമ്മീഷണറും പരമാവധി പത്ത് കമ്മീഷണര്‍മാരും അടങ്ങുന്നതാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്. നിലവില്‍ രണ്ട് കമ്മീഷണര്‍മാര്‍ മാത്രമാണ് ഉള്ളത്. ആനന്ദി രാമലിംഗവും വിനോദ് കുമാര്‍ തിവാരിയുമാണ് ഇപ്പോഴത്തെ വിവരാവാകാശ കമ്മീഷണര്‍മാര്‍.
റെയില്‍വേ ബോര്‍ഡ് മുന്‍ മേധാവി ജയ വര്‍മ സിന്‍ഹ, ഇന്റലിജന്‍സ് ബ്യൂറോ, ആഭ്യന്തര മന്ത്രാലയം, കാബിനറ്റ് സെക്രട്ടറിയേറ്റ് എന്നിവയില്‍ സുപ്രധാന ചുമതലകള്‍ വഹിച്ചിരുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് സ്വാഗത് ദാസ്, കേന്ദ്ര സെക്രട്ടറിയേറ്റ് സര്‍വീസ് ഉദ്യോഗസ്ഥന് സഞ്ജീവ് കുമാര്‍ ജിന്‍ഡാല്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് സുരേന്ദ്ര സിങ് മീണ, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് മുന്‍ ഉദ്യോഗസ്ഥന് കുശ്വന്ത് സിങ് സേത്തി തുടങ്ങിവരാണ് വിവരാവകാശ കമ്മീഷണര്‍മാരായി ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്.
ഇവര്‍ക്ക് പുറമെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ പി ആര് രമേശ്, അശുതോഷ് ചതുര്‍വേദി, പെട്രോളിയം പ്രകൃതി വാതക റെഗുലേറ്ററി ബോര്‍ഡിലെ അംഗം സുധാ റാണി റെലാന്‍ഗി തുടങ്ങിയവരെയും സമിതി വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സിബിഐ പ്രൊസിക്യൂഷന് മേധാവി, കേന്ദ്ര നിയമ-നീതിന്യായ മന്ത്രാലയത്തിന് കീഴില്‍ ജോയിന്റ് സെക്രട്ടറി ലെജിസ്ലേറ്റീവ് കോണ്‍സല്‍ തുടങ്ങിയ പദവികള്‍ റെലാന്‍ഗി വഹിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മുഖ്യ വിവരാവകാശ കമ്മീഷണറുടെയും എട്ട് വിവരാവകാശ കമ്മീഷണര്‍മാരുടെയും പേരുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തലവനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അംഗങ്ങളുമായ സമിതിയാണ് ശുപാര്‍ശ ചെയ്തത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.