തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണക്കേസിലെ അന്താരാഷ്ട്ര മാനങ്ങൾ ഉൾപ്പെടെ വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘം മേധാവി എ.ഡി.ജി.പി. വെങ്കടേഷിന് കത്ത് നൽകി. പുരാവസ്തുക്കൾ കടത്തി അന്താരാഷ്ട്ര കരിഞ്ചന്തയിൽ ശതകോടികൾക്ക് വിറ്റഴിക്കുന്ന കള്ളക്കടത്ത് സംഘങ്ങൾക്ക് ഈ മോഷണവുമായി ബന്ധമുണ്ടോ എന്നതടക്കം പരിശോധിക്കണമെന്നാണ് കത്തിലെ മുഖ്യ ആവശ്യം.
ക്ഷേത്രങ്ങളിൽ നിന്ന് പുരാവസ്തുക്കളും ദിവ്യവസ്തുക്കളും മോഷ്ടിച്ച് രാജ്യാന്തര കരിഞ്ചന്തയിൽ കോടിക്കണക്കിന് രൂപയ്ക്ക് വിൽക്കുന്ന സംഘവുമായി ദേവസ്വം ബോർഡിലെ ചില ഉന്നത ഉദ്യോഗസ്ഥർക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, അന്വേഷണം ഈ ദിശയിലേക്കും വ്യാപിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെടുന്നു.
500 കോടിയുടെ ഇടപാട്?
പൗരാണിക വസ്തുക്കളുടെ കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ച് നേരിട്ടുള്ള അറിവുള്ള ഒരാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ കത്ത് നൽകുന്നതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കുന്നു. ഈ വിവരമനുസരിച്ച്, സ്വർണ്ണപ്പാളികളുടെ വിഷയത്തിൽ ഏതാണ്ട് 500 കോടിയോളമുള്ള ഒരു അന്താരാഷ്ട്ര ഇടപാടാണ് നടന്നിരിക്കുന്നത്. താൻ സ്വതന്ത്രമായി ഈ വിവരങ്ങളുടെ വിശ്വാസ്യത പരിശോധിച്ചെന്നും, ഇതിൽ യാഥാർത്ഥ്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വിവരം നൽകിയ വ്യക്തിക്ക് പൊതുജനമധ്യത്തിൽ വെളിപ്പെടുത്താൻ താത്പര്യമില്ല. എന്നാൽ, പ്രത്യേക അന്വേഷണ സംഘവുമായി പൂർണ്ണമായി സഹകരിക്കാനും കോടതിയിൽ മൊഴി നൽകാനും അദ്ദേഹം തയ്യാറാണെന്നും ചെന്നിത്തല അറിയിച്ചു.
വെറും മോഷണമല്ല, അന്താരാഷ്ട്ര മാഫിയാ ബന്ധങ്ങൾ
ശബരിമല സ്വർണ്ണമോഷണം ഒരു സാധാരണ മോഷണമല്ല, മറിച്ച് അന്താരാഷ്ട്ര മാനങ്ങളുള്ള വൻ ഗൂഢാലോചനയാണ്. നിലവിൽ അറസ്റ്റിലായവർ ഈ കേസിലെ സഹപ്രതികൾ മാത്രമാണ്. ഇതിന്റെ മുഖ്യ സൂത്രധാരകർ ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയിൽ വന്നിട്ടില്ല. ചോദ്യം ചെയ്ത ആഭരണ വ്യാപാരി ഗോവർദ്ധൻ വെറും ഇടനിലക്കാരൻ മാത്രമാണ്. ശക്തമായ രാജ്യാന്തര ബന്ധങ്ങളും സാമ്പത്തിക സ്രോതസ്സുകളുമുള്ള ഒരു മാഫിയ ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
പൗരാണിക വസ്തുക്കളുടെ അന്താരാഷ്ട്ര കരിഞ്ചന്തയ്ക്ക് അമേരിക്കയിൽ നിന്ന് നേതൃത്വം നൽകിയിരുന്ന സുഭാഷ് കപൂർ സംഘത്തിന്റെ രീതികളുമായി ശബരിമല മോഷണ സംഘത്തിന്റെ രീതികൾക്ക് സാമ്യമുണ്ട് എന്ന ഹൈക്കോടതിയുടെ നിരീക്ഷണം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്.
സംസ്ഥാനത്തിനകത്തുള്ള ചില വ്യവസായികളും സംഘടിത റാക്കറ്റുകളും ഈ ഗൂഢാലോചനയുടെ ഭാഗമാണ് എന്ന വിവരവും ലഭിച്ചിട്ടുണ്ട്. വ്യാപകമായ അന്വേഷണം നടത്തിയിട്ടും നഷ്ടപ്പെട്ട സാധനസാമഗ്രികൾ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നത് ഈ വിഷയത്തിലെ രാജ്യാന്തര ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു.
ഈ സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട വിശാലമായ ഗൂഢാലോചനയും അന്താരാഷ്ട്ര മാഫിയാ ബന്ധങ്ങളും അന്വേഷിക്കാൻ പ്രത്യേക സംഘം തയ്യാറായാൽ, കൂടുതൽ നിർണ്ണായക വിവരങ്ങൾ കൈമാറാൻ തനിക്ക് സാധിക്കുമെന്നും രമേശ് ചെന്നിത്തല കത്തിൽ ഉറപ്പുനൽകുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.