യുകെ: കുലുങ്ങാത്ത ബ്രിട്ടനെ നടുക്കി രണ്ടാഴ്ചയ്ക്കിടെ രണ്ടാം ഭൂചലനം, വെള്ളി പുലർച്ചെ വീടുകൾ കുലുങ്ങി, ഇടിമുഴക്കം പോലുള്ള ശബ്ദമെന്ന് സാക്ഷികൾ.
ലങ്കാഷെയറിലെ തീരദേശ മേഖലകളിൽ ഇന്ന് (ഡിസംബർ 19) പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. സിൽവർഡേൽ തീരത്ത് ഏകദേശം 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ (BGS) സ്ഥിരീകരിച്ചു. രണ്ടാഴ്ചയ്ക്കിടെ ലങ്കാഷെയറിൽ അനുഭവപ്പെടുന്ന രണ്ടാമത്തെ ഭൂചലനമാണിത്. രണ്ടാഴ്ച മുമ്പ് ഡിസംബർ 4-ന് ഇതേ മേഖലയിൽ 3.3 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം കൂടി ഉണ്ടായിരുന്നു.
വീടിനുള്ളിലെ റേഡിയേറ്ററുകളും ചുമരിലെ ചിത്രങ്ങളും ആടിയുലഞ്ഞതായും ഇടിമിന്നലിന് സമാനമായ വലിയ ശബ്ദം കേട്ടതായും പ്രദേശവാസികൾ റിപ്പോർട്ട് ചെയ്തു. കട്ടിലുകൾ കുലുങ്ങിയതിനെത്തുടർന്ന് പലരും ഭീതിയോടെയാണ് പുലർച്ചെ ഉണർന്നത്. പുലർച്ചെ അഞ്ചു മണിയോടെയാണ് മോർക്കാംബ് ബേ ഏരിയയിലുള്ളവർക്ക് കുലുക്കം അനുഭവപ്പെട്ടത്.
സൗത്ത് ലേക്ക്‌സ്, കെൻഡൽ, അൾവർസ്റ്റൺ തുടങ്ങിയ സ്ഥലങ്ങളിലും ഇന്നത്തെ പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്.
ഭൂനിരപ്പിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. "അഞ്ചു മണിയോടെ വലിയൊരു ശബ്ദം കേട്ടാണ് ഉണർന്നത്, ജനലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു" എന്നാണ് ഒരാൾ കുറിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ തീവ്രതയായിരുന്നെങ്കിലും വീടിനുള്ളിലെ സാധനങ്ങൾ വീഴാൻ തുടങ്ങിയത് പരിഭ്രാന്തി പരത്തി.
യുണൈറ്റഡ് കിംഗ്ഡത്തിൽ സാധാരണയായി ശക്തമായ ഭൂചലനങ്ങൾ ഉണ്ടാകാറില്ലെങ്കിലും, ഒരേ മേഖലയിൽ തന്നെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രണ്ടാമതും കുലുക്കം ഉണ്ടായത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. നിലവിൽ ആർക്കും പരിക്കേറ്റതായോ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായോ റിപ്പോർട്ടുകളില്ല. മുൻകരുതലിന്റെ ഭാഗമായി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
തൊഴിലാളികളും താമസക്കാരും തങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷാ പരിശോധനകൾ നടത്തണമെന്ന് പോലീസ് നിർദ്ദേശിച്ചു. ഭൂചലനം അനുഭവപ്പെട്ടവർ ബിജിഎസ് (BGS) വെബ്സൈറ്റിലെ ചോദ്യാവലി പൂരിപ്പിക്കുന്നത് ശാസ്ത്രീയ പഠനങ്ങൾക്ക് സഹായകരമാകുമെന്നും അധികൃതർ അഭ്യർത്ഥിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.