തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചും, വിവാദമായ 'ശാപ്പാടടി' പ്രസ്താവന നടത്തിയ മുതിർന്ന നേതാവ് എം.എം. മണിയെ തിരുത്തിയും മന്ത്രി വി. ശിവൻകുട്ടി രംഗത്ത്.
എം.എം. മണി അദ്ദേഹത്തിന്റെ ശൈലിയിൽ പറഞ്ഞതാണെന്നും, എന്നാൽ അത്തരത്തിൽ പറയാൻ പാടില്ലായിരുന്നുവെന്നും ശിവൻകുട്ടി പ്രതികരിച്ചു. കോർപ്പറേഷനിലെ ദയനീയ തോൽവി മുൻ മേയർ ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ടതില്ലെന്നും, അവർ മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എം.എം. മണിയുടെ പ്രസ്താവന: നിലപാട് തള്ളി മന്ത്രി
“എം.എം. മണിയുടെ ശൈലിയിൽ അദ്ദേഹം പറഞ്ഞതാണ്. എന്നാൽ എം.എം. മണി അങ്ങനെ പറയാൻ പാടില്ലായിരുന്നു. തൊഴിലാളി വർഗ്ഗ നേതാവും, പാർട്ടിയുടെ സമുന്നതനായ നേതാവും, വളരെ താഴെക്കിടയിൽ നിന്ന് സമര പോരാട്ടങ്ങളിലൂടെ കടന്നു വന്ന വ്യക്തിയുമാണ് അദ്ദേഹം. അങ്ങനെയുള്ള ഒരു നേതാവ്, ചെറിയൊരു പരാജയം ഉണ്ടായി എന്നതുകൊണ്ട് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഒരു ജനവിഭാഗങ്ങളെയും ഒരു രൂപത്തിലും ആക്ഷേപിക്കാൻ പാടില്ല,” മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഈ പരാമർശം സി.പി.എമ്മിന്റെ നയമാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് എം.എം. മണി വിവാദ പ്രസ്താവന നടത്തിയത്. "ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു" എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചതോടെ, ഞായറാഴ്ച രാവിലെ തന്നെ മണി പ്രസ്താവന തിരുത്തി രംഗത്തെത്തിയിരുന്നു.
ആര്യ രാജേന്ദ്രന് പിന്തുണ:
തിരുവനന്തപുരം കോർപ്പറേഷനിൽ എൽ.ഡി.എഫിന് വലിയ തോൽവി നേരിട്ടതിന് പിന്നാലെ മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനമുയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതിരോധം.
“ആര്യയുടേത് മാതൃകാപരമായ പ്രവർത്തനമായിരുന്നു. ഈ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ടതില്ല. അവരുടെ പരിമിതിക്കുള്ളിൽ, ആരോഗ്യസ്ഥിതി പരിഗണിച്ചുകൊണ്ട് അവർ പരമാവധി പ്രവർത്തനം നടത്തിയിട്ടുണ്ട്. തോറ്റപ്പോൾ എല്ലാ കുറ്റവും മേയറുടെ തലയിൽ ചാരാം, ജയിച്ചിരുന്നെങ്കിൽ നല്ല മേയർ എന്നും പറയുന്ന നിലയിൽ ഇതിനെ കാണാനാകില്ല. ആര്യ പാർട്ടിക്ക് വിധേയയായി തന്നെയാണ് പ്രവർത്തിച്ചിട്ടുള്ളത്,” ശിവൻകുട്ടി വ്യക്തമാക്കി.
അതോടൊപ്പം, മറ്റൊരു യുവനേതാവായ ഗായത്രി ബാബുവിന്റേത് വ്യക്തിപരമായ പ്രസ്താവന മാത്രമാണെന്നും അത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിവാദ പരാമർശങ്ങൾ തിരുത്തി മുതിർന്ന നേതാക്കളെ തള്ളിപ്പറഞ്ഞും, യുവനേതാവിന് ശക്തമായ പിന്തുണ നൽകിയും ശിവൻകുട്ടി നടത്തിയ പ്രതികരണം സി.പി.എം. നേതൃത്വം ഈ വിഷയത്തിൽ സ്വീകരിക്കുന്ന സമീപനത്തെയാണ് സൂചിപ്പിക്കുന്നത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.