തിരുവനന്തപുരം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയമാക്കുകയും ചെയ്തെന്ന കേസിൽ ഒളിവിലിരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്ക് ഇന്ന് നിർണായക ദിനം. എം.എൽ.എ.യുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
കേരളത്തിനകത്തും പുറത്തും പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുന്നതിനിടെയാണ് ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ടമുറിയിൽ കേൾക്കണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ വാദിക്കുന്നത്.
പുതിയ പീഡന പരാതി: എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തം
മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ, രാഹുലിനെതിരേ വീണ്ടും ഒരു പീഡന പരാതി കൂടി ഉയർന്നിരിക്കുന്നു. ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് ഇ-മെയിൽ വഴി കോൺഗ്രസ് ദേശീയ നേതൃത്വത്തിനും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിനും പരാതി അയച്ചത്. താൻ നേരിട്ടത് ക്രൂരമായ ലൈംഗിക പീഡനമാണെന്ന് പരാതിയിൽ യുവതി ആരോപിക്കുന്നു.
ചൊവ്വാഴ്ച പകൽ 12.47-നാണ് പരാതി കെ.പി.സി.സി. നേതൃത്വത്തിന് ലഭിച്ചത്. പരാതി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയതായി സണ്ണി ജോസഫ് അറിയിച്ചു. അന്വേഷണസംഘത്തിന് പരാതി കൈമാറണമെന്നും യുവതിയോട് നിർദേശിച്ചതായും കെ.പി.സി.സി. നേതൃത്വം വ്യക്തമാക്കി. കൂടാതെ, രാഹുലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത വിവരവും യുവതിയെ അറിയിച്ചിട്ടുണ്ട്. രാഹുലിന്റെ പേരിൽ നേരത്തെ ആരോപണമുന്നയിച്ച യുവതി തന്നെയാണ് ഇപ്പോഴത്തെ പരാതിക്കാരി എന്നും സൂചനയുണ്ട്. ഇവരിൽനിന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം മുൻപ് വിവരങ്ങൾ തേടിയിരുന്നു.
പുതിയ പരാതിയുടെ പശ്ചാത്തലത്തിൽ, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ശക്തമായി ഉയരുകയാണ്.
രാഹുലിനായി തിരച്ചിൽ; സൂചനകൾ തേടി പോലീസ്
അതേസമയം, ഒളിവിലുള്ള രാഹുലിനായുള്ള പോലീസ് തിരച്ചിൽ തുടരുകയാണ്. തമിഴ്‌നാട്-കർണാടക അതിർത്തിപ്രദേശത്ത് രാഹുൽ ഉണ്ടെന്ന വിവരത്തെത്തുടർന്ന് അന്വേഷണം നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. കേസിലെ രണ്ടാംപ്രതിയായ ജോബി ജോസഫും രാഹുലിനൊപ്പം ഉണ്ടെന്നാണ് സൂചന.
രാഹുൽ കാറുകൾ മാറിമാറി ഉപയോഗിക്കുന്നുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഫോൺ ഇടയ്ക്ക് ഓൺ ചെയ്തതായി കണ്ടെത്തിയെങ്കിലും പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിതെന്നും കരുതുന്നു. ആദ്യഘട്ടത്തിൽ പാലക്കാടുനിന്ന് കോയമ്പത്തൂരിലേക്കാണ് രാഹുൽ കടന്നതെന്നാണ് പോലീസ് നിഗമനം. പ്രധാന പാതകൾ ഒഴിവാക്കിയുള്ള യാത്രയായതിനാൽ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല.
കോയമ്പത്തൂർ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് കേരള-കർണാടക അതിർത്തിപ്രദേശത്തെ ഒരു റിസോർട്ട് കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തിയത്. എന്നാൽ, അപ്പോഴേക്കും രാഹുൽ അവിടെനിന്ന് മാറിയെന്ന വിവരമാണ് ലഭിച്ചത്. രാഹുലുമായി ബന്ധമുള്ളവരെ പ്രത്യേകസംഘം വിളിച്ച് വരുത്തി വിവരങ്ങൾ ശേഖരിക്കുകയും ചിലരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
രാഹുൽ ആദ്യം സഞ്ചരിച്ചത് ഒരു നടിയുടെ കാറിലായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ബെംഗളൂരുവിലുള്ള ഈ നടിയിൽനിന്ന് മൊഴി ശേഖരിക്കാൻ പോലീസ് ആലോചിക്കുന്നുണ്ട്. ഈ വാഹനം പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.