തൃശ്ശൂർ: ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.ക്ക് ഒളിത്താവളമൊരുക്കിയത് കോൺഗ്രസ് നേതൃത്വമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത് സ്വാഭാവിക കോടതി നടപടിയുടെ ഭാഗം മാത്രമാണെന്നും മുഖ്യമന്ത്രി തൃശ്ശൂരിൽ നടന്ന 'മീറ്റ് ദി പ്രസ്' പരിപാടിയിൽ സംസാരിക്കവെ വ്യക്തമാക്കി.
ഒളിവിൽ കഴിയുന്നത് സ്വന്തം കഴിവുകൊണ്ടല്ല
"രാഹുലിന് ഒളിത്താവളമൊരുക്കിയത് കോൺഗ്രസാണ്. അയാളുടെ മാത്രം കഴിവിന്റെ ഭാഗമായല്ല ഒളിവിലിരിക്കുന്നത്. കോൺഗ്രസ് രാഷ്ട്രീയ നേതൃത്വത്തിൻ്റെ സംരക്ഷണം രാഹുലിനുണ്ട്. രാഹുൽ എവിടെയാണെന്ന് കോൺഗ്രസ് നേതൃത്വത്തിനറിയാം. ആ വിവരം പോലീസിനെ അറിയിക്കുകയാണ് അവർ ചെയ്യേണ്ടത്," മുഖ്യമന്ത്രി പറഞ്ഞു.
കോടതി നടപടിയെക്കുറിച്ച് പ്രതികരിച്ച മുഖ്യമന്ത്രി, ജാമ്യാപേക്ഷ കോടതിയുടെ മുന്നിൽ നിലനിൽക്കുമ്പോൾ അറസ്റ്റ് ചെയ്യുന്നതിൽ തെറ്റില്ല. എങ്കിലും, ഒരു തീരുമാനം വരുന്നതുവരെ കാത്തിരിക്കലാണ് കേരളത്തിലെ പൊതുരീതി. കേസ് കേൾക്കാൻ ഹൈക്കോടതി ഒരു തീയതിയിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഇത് സ്വാഭാവികമായ കോടതി നടപടിയുടെ ഭാഗം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലേക്ക് കടന്നത് ആരുടെ ഒത്താശയിൽ?
രാഹുലിനെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നതാണ് വാസ്തവം. പോലീസ് മനഃപൂർവം അറസ്റ്റു ചെയ്യാതിരിക്കുകയാണെന്ന ആരോപണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
"ഒളിവിൽപ്പോകാൻ വേണ്ട സഹായങ്ങളെല്ലാം ചെയ്‌തുകൊടുത്തത് രാഹുലിൻ്റെ സഹപ്രവർത്തകരാണ്. ആ സഹപ്രവർത്തകർ കോൺഗ്രസിൻ്റെ പ്രവർത്തകരും നേതാക്കളുമാണ്. സംസ്ഥാനത്തിന് പുറത്തടക്കം രാഹുലിന് നല്ലരീതിയിൽ സംരക്ഷണം തീർത്തിരിക്കുകയാണ്."
രാഹുൽ എന്തിനാണ് കർണാടകയിലേക്ക് കടന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. "അവിടെ രാഹുലിന് ഒത്താശകൾ ചെയ്‌തുകൊടുത്തത് ആരാണ്? ക്രിമിനൽ സ്വഭാവമുള്ള ഈ വ്യക്തി, അയാളുടെ കഴിവിൻ്റെ ബലത്തിൽ മാത്രം ഒളിവിലിരിക്കുകയല്ല. രാഷ്ട്രീയ നേതൃത്വത്തിൻ്റെ സംരക്ഷണമുണ്ട്. ഭാവിയിലെ നിക്ഷേപമാണെന്ന് കണക്കാക്കിയിരുന്ന ആളല്ലേ? ആ നിലയിൽ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. രാഹുലിനെ സംരക്ഷിക്കുന്നതിൽ ആർക്കൊക്കെ പങ്കുണ്ടെന്ന് കൂടുതൽ പരിശോധിച്ചാൽ മനസ്സിലാകുമെന്നും" മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.