നൈനിറ്റാൾ: ഉത്തരാഖണ്ഡിലെ വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാളിൽ വിനോദയാത്രയ്‌ക്കെത്തിയ ദമ്പതികൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി.
കാമുകിക്കൊപ്പം രഹസ്യമായി യാത്രയ്‌ക്കെത്തിയ ഭർത്താവിനെ ഗാസിയാബാദിൽ നിന്ന് പിന്തുടർന്നെത്തിയ ഭാര്യയും ബന്ധുക്കളും പിടികൂടിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നഗരത്തിലെ തിരക്കേറിയ തല്ലിതാൽ ദാന്റ് കവലയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഗാസിയാബാദ് സ്വദേശിയായ യുവാവ് ഭാര്യ അറിയാതെ കാമുകിയുമായി നൈനിറ്റാളിലേക്ക് യാത്ര പോയതായിരുന്നു. വിവരമറിഞ്ഞ ഭാര്യയും ബന്ധുക്കളും ഇവരെ പിന്തുടർന്ന് നൈനിറ്റാളിലെത്തി. നഗരത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ തല്ലിതാൽ കവലയിൽ വെച്ച് ഭർത്താവിന്റെ വാഹനം ഭാര്യ തിരിച്ചറിയുകയായിരുന്നു. ബന്ധുക്കൾ വാഹനം തടഞ്ഞുനിർത്തിയതോടെ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വാഗ്വാദവും കയ്യാങ്കളിയുമുണ്ടായി. രോഷാകുലരായ ബന്ധുക്കൾ യുവാവിന്റെ കാറിന്റെ ചില്ലുകൾ തകർത്തു.
സംഘർഷത്തിനിടെ കാറിലുണ്ടായിരുന്ന കാമുകി തന്ത്രപരമായി അവിടെനിന്ന് രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ പോലീസ് ഇരുവിഭാഗത്തെയും സ്റ്റേഷനിലേക്ക് മാറ്റി. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നെ നിരന്തരം മർദ്ദിക്കാറുണ്ടെന്നും ഭാര്യ പോലീസിനോട് പരാതിപ്പെട്ടു. എന്നാൽ ഭാര്യയും ബന്ധുക്കളും ചേർന്ന് തന്നെ പരസ്യമായി മർദ്ദിച്ചുവെന്നായിരുന്നു യുവാവിന്റെ ആരോപണം. തനിക്ക് വിവാഹമോചനം വേണമെന്നും വിഷയം കോടതിയിൽ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
രക്ഷപ്പെട്ട കാമുകിയെ സ്റ്റേഷനിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും ബന്ധുക്കളും മണിക്കൂറുകളോളം പോലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു. യുവാവ് പലതവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും യുവതി സ്റ്റേഷനിൽ എത്താൻ തയ്യാറായില്ല.
ദമ്പതികൾ തമ്മിൽ നിലവിൽ വിവാഹമോചന കേസ് നിലനിൽക്കുന്നുണ്ടെന്നും, ഇരുകൂട്ടരെയും കൗൺസിലിംഗിന് വിധേയമാക്കിയ ശേഷം വിട്ടയച്ചതായും സബ് ഇൻസ്‌പെക്ടർ അഞ്ജുല ജോൺ അറിയിച്ചു. നൈനിറ്റാളിലെ വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ച ഈ സംഭവം മണിക്കൂറുകളോളമാണ് നഗരത്തിൽ ചർച്ചാവിഷയമായത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.