ബെംഗളൂരു: അനധികൃത പ്രവർത്തനങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിച്ചതിനെ തുടർന്ന് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ അന്തേവാസികൾ മൂന്ന് ദിവസത്തെ നിരാഹാര സമരം നടത്തി. തടവുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും പാർട്ടികൾ നടത്തുന്നതിന്റെയും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് ജയിലിൽ വലിയ അഴിച്ചുപണി നടന്നിരുന്നു.
വിവാദങ്ങൾക്ക് പിന്നാലെ നിരവധി ജയിൽ ജീവനക്കാരെ സ്ഥലം മാറ്റുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. ജയിലിലെ അഴിമതി തടയാൻ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാരും ഉറപ്പുനൽകിയിരുന്നു. ഇതിന്റെ ഭാഗമായി, നിരോധിത വസ്തുക്കൾ കടത്തുന്നത് തടയാൻ കർശനമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി. ഈ നടപടിയാണ് നിരവധി തടവുകാരെ പ്രകോപിപ്പിച്ചത്.
നിയമവിരുദ്ധമായി നടന്നിരുന്ന ബീഡി, സിഗരറ്റ് എന്നിവയുടെ വിതരണം പുതിയ ഭരണകൂടം തടഞ്ഞതോടെയാണ് സമരം ആരംഭിച്ചത്. മൂന്ന് ദിവസമായി ഭക്ഷണം നിരസിച്ച തടവുകാർ, കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം സമരം അവസാനിപ്പിച്ചു.
'എയർപോർട്ട് നിലവാരത്തിലുള്ള' പരിശോധന
ജയിലിലെ നിയമലംഘനങ്ങളുടെ ആഴം വ്യക്തമാക്കിയ വൈറൽ വീഡിയോകൾക്ക് പിന്നാലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ അൻഷു കുമാറിനെ പുതിയ ചീഫ് സൂപ്രണ്ടായി നിയമിച്ചിരുന്നു. ജയിൽ മാനുവൽ പ്രകാരം നിരോധിച്ചിട്ടുള്ള ബീഡി, സിഗരറ്റ് എന്നിവയുടെ കടത്ത് പൂർണ്ണമായി തടഞ്ഞതാണ് അദ്ദേഹം ആദ്യം സ്വീകരിച്ച നടപടികളിലൊന്ന്.
പുതിയ നിയമങ്ങൾ നടപ്പാക്കാൻ രൂപീകരിച്ച പ്രത്യേക തിരച്ചിൽ സംഘം മിന്നൽ പരിശോധനകളിലൂടെ മൊബൈൽ ഫോണുകൾ, സിഗരറ്റുകൾ, മറ്റ് നിരോധിത വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. ബീഡിയും സിഗരറ്റും വീണ്ടും അനുവദിക്കണമെന്നായിരുന്നു തടവുകാരുടെ പ്രധാന ആവശ്യം. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ ഒരു കൂട്ടം തടവുകാർ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു.
പ്രതിഷേധം പിൻവലിച്ചതായി ചീഫ് സൂപ്രണ്ട് കുമാർ സ്ഥിരീകരിച്ചു. ജയിലിൽ ഇപ്പോൾ 'എയർപോർട്ട് നിലവാരത്തിലുള്ള' പരിശോധനയാണ് നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു.
"അടുത്തിടെ ഞങ്ങൾ അമ്പതോളം മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ജയിലിനുള്ളിലെ അനധികൃത വിതരണം പൂർണ്ണമായും തടഞ്ഞു. ഇപ്പോൾ വിമാനത്താവളങ്ങളിലേതിന് സമാനമായ നിലയിലേക്ക് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ പ്രശ്നങ്ങളുണ്ടാക്കിയാൽ കർശന നടപടി നേരിടേണ്ടി വരുമെന്ന് മനസ്സിലാക്കിയതോടെയാണ് തടവുകാർ സമരം അവസാനിപ്പിച്ചത്. പ്രകോപനമുണ്ടാക്കിയവരെ കണ്ടെത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്." - ചീഫ് സൂപ്രണ്ട് അൻഷു കുമാർ പറഞ്ഞു.
നിയമവിരുദ്ധമായ യാതൊരു പ്രവർത്തനവും വെച്ചുപൊറുപ്പിക്കില്ലെന്നും, നിരോധിത വസ്തുക്കൾ ഒരു കാരണവശാലും ജയിലിനുള്ളിൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരെയും സന്ദർശകരെയും കർശനമായി പരിശോധിക്കുന്നുണ്ട്. കൂടാതെ, കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (കെ.എസ്.ഐ.എസ്.എഫ്.) ഉദ്യോഗസ്ഥർക്ക് എല്ലാ വസ്തുക്കളും വിശദമായി പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നാല് ബാഗേജ് സ്കാനറുകളാണ് നിലവിൽ ഉപയോഗത്തിലുള്ളത്. ജയിലിനെ നാല് സോണുകളായി തിരിച്ച് വിവിധ വിഭാഗങ്ങളിലുള്ള തടവുകാർ പരസ്പരം ഇടകലരുന്നത് നിരോധിച്ചതും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ സഹായകമായതായി അദ്ദേഹം കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.