പറവൂർ: ഏഴിക്കര പഞ്ചായത്തിലെ നന്ത്യാട്ടുകുന്നം അമ്പാട്ട് കോളനിയിൽ ലഹരിമാഫിയാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവതിക്ക് പരിക്കേറ്റു. വാടകവീട്ടിലേക്ക് സ്ഫോടകവസ്തുക്കളെറിഞ്ഞ് ആക്രമണം നടത്തിയ സംഭവത്തിൽ, പൊട്ടിത്തെറിക്കാതെ കിടന്ന രണ്ടാമത്തെ സ്ഫോടകവസ്തു പോലീസ് നിർവീര്യമാക്കി.
ഞായറാഴ്ച രാത്രിയാണ് സംഭവം. തിരുവനന്തപുരം പുല്ലുവിള സ്വദേശി എ.എൻ. വിജിനും റോഷ്നിയും (25) മറ്റ് രണ്ട് യുവതികളും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്കാണ് കാറിലെത്തിയ നാലംഗ സംഘം ആക്രമണം നടത്തിയത്. ആദ്യമെറിഞ്ഞ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതോടെ പുകയും ശബ്ദവുമുയർന്നു. നാട്ടുകാർ ഓടിക്കൂടിയെങ്കിലും പോലീസ് എത്തുന്നതിനു മുൻപ് അക്രമി സംഘം കടന്നു കളഞ്ഞു.പിന്നീട് രാത്രി 12 മണിയോടെ ഇതേ സംഘം വീണ്ടും അതേ വാഹനത്തിൽ തിരിച്ചെത്തി വാടകവീട്ടിലുള്ളവരുമായി തർക്കത്തിലേർപ്പെട്ടു. ഈ സമയം രണ്ടാമതൊരു സ്ഫോടകവസ്തു എറിഞ്ഞെങ്കിലും അത് പൊട്ടിയില്ല. അക്രമത്തിനിടെ റോഷ്നിയുടെ തലയ്ക്ക് ബിയർകുപ്പികൊണ്ടുള്ള അടിയേറ്റ് പരിക്കേൽക്കുകയും ചെയ്തു.
വിവരമറിഞ്ഞെത്തിയ പറവൂർ പോലീസ് പൊട്ടാത്ത സ്ഫോടകവസ്തു ആളൊഴിഞ്ഞ പറമ്പിലേക്ക് മാറ്റിയ ശേഷം ബോംബ് സ്ക്വാഡിനെ വിളിച്ചുവരുത്തി നിർവീര്യമാക്കി. ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്ന സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് വീടാക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. വാടകവീടിനു സമീപത്തുനിന്ന് പോലീസ് ഏതാനും സിറിഞ്ചുകൾ കണ്ടെത്തുകയുമുണ്ടായി.
രണ്ടുമാസം മുൻപാണ് ദമ്പതിമാരെന്ന വ്യാജേന വിജിനും റോഷ്‌നിയും ഇവിടെ വീട് വാടകയ്ക്കെടുത്തത്. അധികം വൈകാതെ ഒന്നിലധികം യുവതികൾ വീട്ടിൽ താമസിക്കാനെത്തി. വീട്ടിൽ വളർത്തുനായയെ അഴിച്ചുവിട്ടിരുന്നതിനാൽ നാട്ടുകാർക്ക് ഇവിടേക്ക് അടുക്കാൻ കഴിഞ്ഞിരുന്നില്ല. നേരത്തെ പാലാരിവട്ടത്ത് പോലീസുമായി വാക്കുതർക്കത്തിലേർപ്പെട്ട യുവതിയുടെ നേതൃത്വത്തിലാണ് വീടുകയറിയുള്ള ആക്രമണം നടന്നതെന്നും പോലീസ് സൂചിപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.