തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് നൽകിയത് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ഇഡി നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ഒത്തുകളികളാണോ അതോ നിയമപരമായ നടപടികളാണോ എന്നതിലാണ് മുന്നണികളുടെ പ്രധാന ഊന്നൽ. നോട്ടീസിന്റെ ഉള്ളടക്കത്തേക്കാൾ, തിരഞ്ഞെടുപ്പുസമയത്തെ ഏജൻസിയുടെ ഇടപെടലിന്റെ രാഷ്ട്രീയ ലക്ഷ്യമാണ് എൽഡിഎഫും യുഡിഎഫും ഒരുപോലെ ചോദ്യംചെയ്യുന്നത്.
ആരോപണങ്ങൾക്ക് പിന്നിലെ രാഷ്ട്രീയം
"എന്തേ ഇഡി വരാത്തതെന്ന് ആലോചിക്കുകയായിരുന്നു" എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം, അന്വേഷണത്തിന് പിന്നിൽ വ്യക്തമായ അജൻഡയുണ്ടെന്ന പാർട്ടിയുടെ നിലപാട് വ്യക്തമാക്കുന്നു. സാധാരണഗതിയിൽ മുഖ്യമന്ത്രിക്കെതിരായ കേന്ദ്ര ഏജൻസി അന്വേഷണം പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധമാകേണ്ടതാണ്. എന്നാൽ, ഇഡിയെയും മുഖ്യമന്ത്രിയെയും 'ഒത്തുകളിയിലെ കക്ഷികളാക്കി' യുഡിഎഫ് രംഗത്തുവന്നത് ശ്രദ്ധേയമായി.
എൽഡിഎഫ് ഉയർത്തുന്ന പ്രധാന വാദങ്ങൾ
- തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെയും ഇടതുമുന്നണിയെയും ലക്ഷ്യമിടുന്നത് രാഷ്ട്രീയപ്രേരിതമാണ്.
- ഇത്തരം മുൻ അന്വേഷണങ്ങളെല്ലാം പരാജയപ്പെട്ട് പിൻവാങ്ങിയ ചരിത്രമുണ്ട്.
- അന്വേഷണം വികസനപദ്ധതികളെ തടസ്സപ്പെടുത്താനുള്ള രാഷ്ട്രീയ ഇടപെടലാണ്.
- മുമ്പ് തോമസ് ഐസക്കിന് നോട്ടീസ് അയച്ചപ്പോൾ, അതിന്റെ കാരണം കോടതിയിൽ വ്യക്തമാക്കാൻ പോലും ഇഡിക്ക് കഴിഞ്ഞിരുന്നില്ല.
- കിഫ്ബി ഭൂമി വാങ്ങുകയല്ല, വികസനാവശ്യങ്ങൾക്കായി സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്തത്.
യുഡിഎഫ് ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ
- തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് നോട്ടീസ് അയച്ച് പിണറായി വിജയനെ 'ഇരയാക്കി രക്ഷിക്കാനുള്ളത്' ബിജെപി-സിപിഎം ധാരണയാണ്. ഇതിന് പകരമായി നൽകിയത് നിയമസഭാ സീറ്റാണോ കോർപ്പറേഷൻ ഭരണമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
- 2019-ൽ ചട്ടലംഘനം തെളിഞ്ഞിട്ടും നോട്ടീസ് നൽകാൻ ആറു വർഷം കാത്തിരുന്നത് ഒത്തുകളിയുടെ ഭാഗമാണ്.
- സ്വർണക്കടത്ത്, മാസപ്പടി, ലാവലിൻ കേസുകൾ വർഷങ്ങളായി നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നിലെ 'ഡീൽ' അന്വേഷിക്കണം.
- മസാലബോണ്ടിന്റെ ഉപാധികൾ സർക്കാർ മറച്ചുവെക്കുകയാണ്. വിവരാവകാശ നിയമപ്രകാരം പോലും കിഫ്ബി പദ്ധതി വിവരങ്ങൾ പുറത്തുവിടാത്തത് തട്ടിപ്പിന്റെ ഏറ്റവും വലിയ തെളിവാണ്.
'ചട്ടലംഘനമില്ല'; സർക്കാർ വിശദീകരണം
കിഫ്ബി മസാലബോണ്ട് വഴി ധനസമാഹരണം നടത്തിയത് വിദേശകാര്യമന്ത്രാലയത്തിന്റെയും റിസർവ് ബാങ്കിന്റെയും (ആർബിഐ) മാർഗ്ഗരേഖയനുസരിച്ചാണെന്ന് സർക്കാർ വിശദീകരിക്കുന്നു. അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഭൂമി ഏറ്റെടുക്കാൻ ബോണ്ട് പണം ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന ഇഡി കണ്ടെത്തലിനെയാണ് സർക്കാർ ചോദ്യം ചെയ്യുന്നത്.
സർക്കാർ വാദങ്ങൾ: മസാലബോണ്ട് വഴിയുള്ള പണം ഭൂമി 'വാങ്ങാനല്ല', വികസന പദ്ധതികൾക്കുള്ള ഭൂമി ഏറ്റെടുക്കലിനാണ് ഉപയോഗിച്ചത്.
- ഇന്ത്യൻ രൂപയിൽ വിദേശവാണിജ്യ വായ്പ വാങ്ങാനുള്ള മാർഗ്ഗമാണ് മസാലബോണ്ട്. ആർബിഐയുടെ മാസ്റ്റർ സർക്കുലറിലെ 3.32 ഖണ്ഡിക പ്രകാരം 'ബോഡി കോർപ്പറേറ്റ്' ആയ കിഫ്ബിക്ക് ഇതിന് യോഗ്യതയുണ്ട്.
- നടപടിക്രമങ്ങൾ പാലിച്ച് അധികാരപ്പെടുത്തിയ ഡീലർ ബാങ്ക് വഴിയാണ് ആർബിഐക്ക് അപേക്ഷ നൽകിയത്.
- 2019-ൽ ബോണ്ട് വഴി 2150 കോടി രൂപ സമാഹരിച്ചു. മുതലും പലിശയും ഉൾപ്പെടെ 3195 കോടി രൂപ കിഫ്ബി തിരിച്ചടച്ചു.
- വിനിമയത്തിൽ ഡോളറിന്റെ ഉയർച്ചതാഴ്ച്ചകൾ ബാധിക്കാതിരിക്കാനാണ് ഇന്ത്യൻ രൂപയിൽ ധനം സമാഹരിച്ചത്. അന്താരാഷ്ട്ര ബോണ്ട് മാർക്കറ്റിലെ നടപടിക്രമങ്ങളും ആർബിഐ മാനദണ്ഡങ്ങളും പാലിച്ചാണ് നിക്ഷേപകരെ കണ്ടെത്തിയത്.
പലിശ നിരക്കിലെ വാദം
കിഫ്ബി ധനസമാഹരണം നടത്തിയ 9.72 ശതമാനം പലിശ നിരക്ക് കൂടുതലാണെന്ന വിമർശനങ്ങളെ സർക്കാർ തള്ളി. ആഭ്യന്തര വിപണിയിൽ 10.15 ശതമാനം വരെ നിരക്ക് വേണ്ടി വന്നപ്പോഴാണ് മസാല ബോണ്ടിലൂടെ 9.72 ശതമാനം നിരക്കിൽ പണം സമാഹരിച്ചത്. കുറഞ്ഞ പലിശ ഡോളറിൽ ഇറക്കുന്ന ബോണ്ടിനാണെന്നും സർക്കാർ മറുപടി നൽകി.

.png)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.