കോഴിക്കോട് :വിളിക്കാത്ത സ്ഥലത്തു വന്നിരുന്നാൽ ‘കടക്കു പുറത്ത്’ എന്നു പറയുമെന്നും വിളിച്ച ഇടത്തേ പോകാൻ പാടുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
2017 ൽ മാധ്യമ പ്രവർത്തകരോട് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞതിനെപ്പറ്റി, കോഴിക്കോട് പ്രസ് ക്ലബിൽ നടന്ന മുഖാമുഖത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ‘അമ്പലക്കള്ളന്മാര്‍ കടക്കു പുറത്ത്’ എന്ന പ്രചാരണം യുഡിഎഫ് തുടങ്ങിയിരുന്നു. മുഖാമുഖത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.വിളിക്കാത്ത സ്ഥലങ്ങളില്‍ പോയിരിക്കുന്നവരെ ഉദ്ദേശിച്ചാണ് ‘കടക്കു പുറത്ത്’ എന്ന പരാമര്‍ശം നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എവിടെയും വിളിച്ച ഇടത്തേ പോകാന്‍ പാടുള്ളൂ. വിളിക്കാത്ത സ്ഥലത്തു പോകാന്‍ പാടില്ല. വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടത്. അങ്ങനെ നിങ്ങള്‍ ഇരുന്നാല്‍ അവിടെ വന്നിട്ട്, ‘നിങ്ങള്‍ ഒന്നു ദയവായി പുറത്തേക്കു പോകുമോ’ എന്നു ചോദിക്കുന്നതിനു പകരം ‘നിങ്ങള്‍ പുറത്തു കടക്കൂ’ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടാവും അത്രയേ ഉള്ളൂവെന്നു മുഖ്യമന്ത്രി വിശദീകരിച്ചു.
തിരുവനന്തപുരത്തെ സംഘർഷങ്ങളെക്കുറിച്ച് 2017 ജൂലൈയിൽ അന്നത്തെ ഗവർണർ പി.സദാശിവത്തിന്റെ നിർദ്ദേശാനുസരണം മുഖ്യമന്ത്രിയും ബിജെപി നേതാക്കളും മാസ്കറ്റ് ഹോട്ടലിൽ നടത്തിയ അനുരഞ്ജന ചർച്ചയ്ക്കിടെയാണ് ‘കടക്കു പുറത്ത്’ എന്ന് പറഞ്ഞ് മുഖ്യമന്ത്രി മാധ്യമങ്ങളോട് കയര്‍ത്തത്.ശബരിമല സ്വർണക്കവർച്ച കേസിൽ സംസ്ഥാന സർക്കാർ നടത്തുന്ന അന്വേഷണത്തിൽ ഒരു പോരായ്മയും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തുടക്കം മുതൽ സർക്കാർ വ്യക്തമാക്കിയ ഒരു കാര്യമുണ്ട്, ഫലപ്രദമായ അന്വേഷണം നടക്കും എന്നുള്ളതാണത്. ഹൈക്കോടതി അടക്കം ഇടപെട്ടുള്ള അന്വേഷണ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കൃത്യതയോടെയുള്ള അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത് ആ അന്വേഷണത്തെക്കുറിച്ച് പ്രത്യേകമായ ആക്ഷേപം ഒന്നും ഇതേവരെ ഉയർന്നു വന്നിട്ടില്ല. ഹൈക്കോടതിയും അതിൽ പൊതുവേ മതിപ്പ് രേഖപ്പെടുത്തുന്നു.
ഇത്തരമൊരു അന്വേഷണ സംവിധാനം വന്നപ്പോൾ, അത് പോരാ എന്നും സിബിഐ അന്വേഷിക്കണമെന്നും ഒക്കെ പറഞ്ഞവർ ഉണ്ടായിരുന്നു പക്ഷേ അവരടക്കം പിന്നീട് ഈ അന്വേഷണ സംവിധാനത്തെ അംഗീകരിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. ഇതിൽ പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.
ആരെയും സംരക്ഷിക്കുന്ന നിലപാട് പാർട്ടിക്കില്ല എന്നത് വ്യക്തമാക്കിയ കാര്യമാണ്. അന്വേഷണം അന്വേഷണത്തിന്റെ വഴിക്ക് നടക്കട്ടെ, അത് നല്ല രീതിയിൽ ശക്തിപ്പെടുത്താനുള്ള എല്ലാ പിന്തുണയും നൽകുക എന്നതാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.