ഡൽഹി :ചൈനയുടെ ആധുനിക എൻജിനീയറിങ് വൈദഗ്ധ്യത്തിന്റെ പ്രതീകമായി യാങ്സി നദിക്ക് കുറുകെ നിർമിക്കപ്പെട്ടിരിക്കുന്ന ത്രീ ഗോർജസ് ഡാം എന്ന ഭീമൻ അണക്കെട്ട് ഭൂമിയുടെ ഭ്രമണത്തിന്റെ വേഗതയെ പോലും സ്വാധീനിക്കാൻ കഴിവുള്ളതാണ്.
സ്ഥാപിത ശേഷിയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ടായി വാഴ്ത്തപ്പെടുന്ന ത്രീ ഗോർജസ് ഡാം ഊർജസുരക്ഷ, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവ സാധ്യമാക്കുന്നുമുണ്ട്. വലിപ്പം കൊണ്ടും ശേഷി കൊണ്ടും ലോകത്തിലെ ഒന്നാം നിരയിൽ തുടരുമ്പോഴും അണക്കെട്ടിനെ വിവാദങ്ങൾ ഒരിക്കലും വിട്ടൊഴിഞ്ഞിട്ടില്ല.ഇപ്പോഴിതാ ത്രീ ഗോർജസ് അണക്കെട്ടിന് സമീപത്തുണ്ടായിരിക്കുന്ന മലയിടിച്ചിൽ ഡാമിന്റെയും പരിസരപ്രദേശങ്ങളുടെയും സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകളുടെ ആക്കം കൂട്ടുകയാണ്.സെക്കന്റുകൾ കൊണ്ട് ടൺ കണക്കിന് പാറകളാണ് മലഞ്ചെരുവിലൂടെ താഴേക്ക് പതിച്ചത്.
ഈ അപ്രതീക്ഷിത മലയിടിച്ചിലിന്റെ ഫലമായി ഡാമിന് സമീപം സ്ഥിതി ചെയ്തിരുന്ന ഒരു റോഡ് പൂർണമായും ഇല്ലാതായി. കനത്ത പാറക്കൂട്ടങ്ങൾ വന്നു പതിച്ചതോടെ യാങ്സി നദിയിൽ ഉടനീളം അതിന്റെ ആഘാതവും ദൃശ്യമായിരുന്നു. മനുഷ്യനിർമിതിയും പ്രകൃതിയുടെ ശക്തിയും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് മലയിടിച്ചിലൂടെ വെളിവായിരിക്കുന്നത്. പാരിസ്ഥിതിക തകർച്ച, ദശലക്ഷക്കണക്കിന് ആളുകളുടെ കുടിയിറക്കം, ഭൂമിശാസ്ത്രപരമായ അസ്ഥിരതയെക്കുറിച്ചുള്ള നിരന്തരമായ മുന്നറിയിപ്പുകൾ എന്നിവ എപ്പോഴും ത്രീ ഗോർജസ് ഡാമിനെ ചുറ്റിപ്പറ്റി നിലനിൽക്കുന്നുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ ഏറ്റവും ഒടുവിൽ ഉണ്ടായിരിക്കുന്ന മലയിടിച്ചിൽ വലിയൊരു ദുരന്തത്തിന്റെ സൂചനയാണെന്ന തരത്തിൽ വരെ വ്യാഖ്യാനങ്ങളുണ്ട്.അണക്കെട്ടിന്റെ നിർമാണത്തിനുശേഷം ചുറ്റുമുള്ള മേഖലകളിൽ ചെറുതും വലുതുമായ നിരവധി മണ്ണിടിച്ചുകളും മലയിടിച്ചിലുകളും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അണക്കെട്ടിനോട് ചേർന്നുതന്നെ ഇത്രയും ഗൗരവതരമായ മലയിടിച്ചിലുകൾ ഉണ്ടാവുന്ന സാഹചര്യത്തിൽ ഡാമിൻ്റെ ദീർഘകാല സുരക്ഷ ഉറപ്പാക്കാനാകുമോ എന്നതാണ് ഭീഷണി ഉയർത്തുന്നത്.
2335 മീറ്റർ നീളവും 185 മീറ്റർ ഉയരവുമുള്ള അണക്കെട്ടിന് 10 ട്രില്യൺ ഗാലൺ (40 ക്യുബിക്ക് കിലോമീറ്റർ) വെള്ളം സംഭരിക്കാൻ ശേഷിയുള്ള റിസർവോയറാണുള്ളത്. ഏതെങ്കിലും തരത്തിൽ അണക്കെട്ടിന് കേടുപാടുകൾ ഉണ്ടായാൽ അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപത്തിലേക്ക് വഴിതെളിക്കുമെന്ന് ചുരുക്കം. കുത്തനെയുള്ള ഭൂപ്രകൃതിയും സീസണൽ മഴയും ഭൂകമ്പ സാധ്യതകളുമടക്കം ഈ മേഖല ഭൂമിശാസ്ത്രപരമായ അസ്ഥിരതയ്ക്ക് സാധ്യത ഏറെ ഉള്ളതാണ്.
അണക്കെട്ടിലെ ജലസംഭരണിയുടെ ജലസമ്മർദ്ദത്തിലും നീരൊഴുക്ക് രീതിയിലും മാറ്റം വരുത്തുന്നത് ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുമെന്ന് ശാസ്ത്രജ്ഞർ വളരെക്കാലമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. അണക്കെട്ടിനോട് തൊട്ടടുത്ത് നിൽക്കുന്ന മലകളിലൊന്നിന്റെ വലിയൊരു ഭാഗം അടർന്നുവീണത് ഈ മുന്നറിയിപ്പുകൾ കൃത്യമാണെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.അണക്കെട്ടിന്റെ നിർമ്മാണത്തിലൂടെ പ്രകൃതിക്ക് ഉണ്ടായ മാറ്റം ഇനി തിരിച്ചുപിടിക്കാവുന്നതല്ല.
ഇതിനൊപ്പം ആഗോളതലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം കൂടി പ്രദേശം നേരിടുമ്പോൾ ദുരന്തസാധ്യത ഇരട്ടിയാകുന്നു. ശക്തമായ മഴയും പ്രവചനാതീതമായ കാലാവസ്ഥയും താപനിലയിൽ നാൾക്കുനാൾ ഉണ്ടാവുന്ന വർദ്ധനവും മലഞ്ചെരുവുകളുടെ അസ്ഥിരത വർദ്ധിപ്പിക്കുന്നുണ്ട്.
അണക്കെട്ട് നിർമ്മാണത്തിന്റെ ഭാഗമായി റോഡുകൾ നിർമ്മിക്കുന്നതും വനമേഖല കുറയുന്നതും ഇതിനുപുറമേ ഖനന പ്രവർത്തനങ്ങളും പ്രകൃതി ഒരുക്കുന്ന സ്വാഭാവിക സുരക്ഷാ സംവിധാനങ്ങളെ താറുമാറാക്കിയിട്ടുണ്ട്. അണക്കെട്ടിന്റെ സമീപമേഖലകളിൽ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ സംരക്ഷണമാണ് ഇപ്പോൾ ചോദ്യമായി അവശേഷിക്കുന്നത്.
മനുഷ്യന്റെ ഇടപെടലുകൾ പ്രകൃതി ദുരന്തങ്ങൾ വർദ്ധിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമാവുകയാണ് ത്രീ ഗോർജസ് ഡാമിന് സമീപത്തെ പ്രകൃതി സംഭവങ്ങൾ. മലയിടിച്ചിലിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെ അതിൻ്റെ വ്യാപ്തി ലോകമെമ്പാടും ആശങ്ക പരത്തുന്നുണ്ട്. വൻകിട ജലവൈദ്യുത പദ്ധതികൾ നിലനിൽക്കുന്ന രാജ്യങ്ങൾക്കൊക്കെയുമുള്ള സൂചനയാണിത്. പ്രകൃതിയുടെ പ്രവചനാതീതമായ അവസ്ഥകൾക്കായി ജനങ്ങൾ തയ്യാറെടുത്തിരിക്കണം എന്നത് ഈ സംഭവം ഓർമിപ്പിക്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.