ന്യൂഡല്‍ഹി: ഒരാഴ്ചയോളം നീണ്ട പ്രതിസന്ധികള്‍ക്കുശേഷം ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ സാധാരണനിലയിലേക്ക്.
തങ്ങളുടെ വിമാനസര്‍വീസുകളില്‍ ഭൂരിഭാഗവും പുനഃസ്ഥാപിച്ചതായും ഞായറാഴ്ച 1650-ലേറെ വിമാനസര്‍വീസുകള്‍ നടത്തുമെന്നും ഇന്‍ഡിഗോ അറിയിച്ചു. കഴിഞ്ഞദിവസം 1500-ലേറെ സര്‍വീസുകള്‍ നടത്തി.ഡിസംബര്‍ പത്താം തീയതിയോടെ പൂര്‍ണമായും സര്‍വീസുകള്‍ സാധാരണനിലയിലാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.വെള്ളിയാഴ്ച 706 വിമാനസര്‍വീസുകള്‍ മാത്രമാണ് ഇന്‍ഡിഗോയ്ക്ക് നടത്താനായത്. ശനിയാഴ്ച ഇത് 1565 ആയി. ഞായറാഴ്ച 1650 ഓളം സര്‍വീസുകള്‍ നടത്താനാകുമെന്നാണ് ഇന്‍ഡിഗോയുടെ അവകാശവാദം. ദിവസവും ഏകദേശം 2300 വിമാനസര്‍വീസുകളാണ് ഇന്ഡിഗോയ്ക്കുള്ളത്.
ഇന്‍ഡിഗോയുടെ 'ഓണ്‍ടൈം പെര്‍ഫോമന്‍സ്' ഇന്ന് 75 ശതമാനമാണെന്നും കമ്പനി പറഞ്ഞു. കഴിഞ്ഞദിവസം ഇത് 30 ശതമാനമായിരുന്നു. ഡിസംബര്‍ 15 വരെയുള്ള എല്ലാ ബുക്കിങ്ങുകളും റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുകയാണെങ്കില്‍ പൂര്‍ണമായ ഇളവ് നല്‍കുമെന്നും കമ്പനി അറിയിച്ചു.
റീഫണ്ട് നടപടികളും ബാഗേജ് തിരികെനല്‍കാനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനായി 24 മണിക്കൂറും ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. അതേസമയം, കഴിഞ്ഞദിവസങ്ങളില്‍ നിരവധി വിമാനസര്‍വീസുകള്‍ മുടങ്ങിയ സംഭവത്തില്‍ ഇന്‍ഡിഗോ ഇതുവരെ 610 കോടി രൂപയുടെ റീഫണ്ട് നല്‍കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്‍ഡിഗോയുടെ ആയിരക്കണക്കിന് സര്‍വീസുകളാണ് രാജ്യവ്യാപകമായി തടസപ്പെട്ടത്. നിരവധി വിമാനസര്‍വീസുകള്‍ ഈ ദിവസങ്ങളില്‍ റദ്ദാക്കിയിരുന്നു. ഒട്ടേറെ സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകുകയുംചെയ്തു. ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിട്ടതാണ് ഇന്‍ഡിഗോയ്ക്ക് പ്രതിസന്ധിയായത്.
സര്‍വീസുകള്‍ താളംതെറ്റി യാത്രക്കാര്‍ വലഞ്ഞതോടെ പൈലറ്റുമാരുടെ വിശ്രമം ഉറപ്പാക്കാനുള്ള പുതിയ ഡ്യൂട്ടി ചട്ടമായ ഫ്ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ (എഫ്ഡിടിഎല്‍) നടപ്പാക്കുന്നതില്‍ ഫെബ്രുവരി 10 വരെ ഇന്‍ഡിഗോയ്ക്ക് ഇളവ് നല്‍കിയിരുന്നു.
അതിനിടെ, പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ചുള്ള പുതിയ ചട്ടങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ വീഴ്ചവരുത്തിയതിനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. 24 മണിക്കൂറിനുള്ളില്‍ മറുപടിനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഡിജിസിഎ ഇന്‍ഡിഗോ സിഇഒയ്ക്ക് നോട്ടീസ് നല്‍കിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.