കോര്‍ക്ക് : അയര്‍ലണ്ടിലെ കോര്‍ക്കില്‍ കാര്‍ നദിയില്‍ വീണ് മലയാളി യുവാവ് മരണപ്പെട്ടു.
മിഡില്‍ടണിനടുത്തുള്ള ബാലന്കൂറിങ് നഴ്സിംഗ് കെയര്‍ ഹോമിലെ ജീവനക്കാരനായിരുന്ന ജോയ്സ് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവെയാണ് കാര്‍ അപകടത്തില്‍ പെട്ടത്. ഏറെ വൈകിയിട്ടും ജോയ്സിനെ കാണാതായതോടെ പരിഭ്രാന്തരായ ഭാര്യയും കുഞ്ഞുങ്ങളും ,ജോയ്സിന്റെ സുഹൃത്തുക്കളെ വിവരം അറിയിച്ചു.അവര്‍ പ്രാഥമിക തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു വിവരവും ലഭിക്കാത്തതിനാല്‍ ഗാര്‍ഡയെ വിവരം അറിയിക്കുകയുമാണുണ്ടായത്.
ഗാര്‍ഡ അപ്പോള്‍ തന്നെ തിരച്ചില്‍ തുടങ്ങി.പുലര്‍ച്ചയാണ് നദിയില്‍ ഒരു കാര്‍ മുങ്ങി കിടക്കുന്ന കാര്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. ഗാര്‍ഡ എത്തിയാണ് കാറിനുള്ളില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. കാറില്‍ ജോയ്സ് ഒറ്റയ്ക്കെ ഉണ്ടായിരുന്നുള്ളു. ആരോ സമ്മാനിച്ച ഒരു കേക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ജോയ്സ് കൈയ്യില്‍ കരുതിയിരുന്നു.
ഗാര്‍ഡ മൃതദേഹം പുറത്തെടുക്കുമ്പോഴും ,കുഞ്ഞുമക്കള്‍ക്കായി ജോയ്സ് കരുതിയ ആ ക്രിസ്മസ് കേക്ക് , ആ കൈകളില്‍ ഉണ്ടായിരുന്നു. ഇന്നലെ ഈ മേഖലയില്‍ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു.മഴയില്‍ കാര്‍ തെന്നലില്‍ സ്കിഡ് ചെയ്ത് പുഴയിലേക്ക് കുതിയ്ക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് നദിയിലെ വെള്ളത്തില്‍ കാര്‍ കാണപ്പെട്ടതായി ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചത്. സംഭവ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍, യാത്രക്കാരനായിരുന്ന ആള് മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹം കോര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി.
മരണകാരണം വ്യക്തമാക്കുന്നതിനായി പിന്നീട് പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തും. സംഭവത്തെ തുടര്‍ന്ന് ഫോറന്‍സിക് കൊളിഷന്‍ അന്വേഷണ സംഘങ്ങള്‍ സാങ്കേതിക പരിശോധന നടത്തുന്നതിനാല്‍ കോണ്‍ന റോഡ് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. വാഹനങ്ങള്‍ ദിശ തിരിച്ചുവിട്ടിട്ടുണ്ട്.. ദൃക്സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഗാര്‍ഡയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ഡാഷ്ക്യാം ഉള്‍പ്പെടെ ക്യാമറ ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍, ഡിസംബര്‍ 19 വെള്ളിയാഴ്ച രാത്രി 10 മണിയ്ക്കും ഡിസംബര്‍ 20 ശനിയാഴ്ച രാവിലെ 10 മണിയ്ക്കും ഇടയില്‍ കോണ്‍ന റോഡ് വഴി യാത്ര ചെയ്തിട്ടുണ്ടെങ്കില്‍, അവരുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കണമെന്നും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഏതെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ഫെര്‍മോയ് ഗാര്‍ഡാ സ്റ്റേഷനുമായോ (025 82100), ഗാര്‍ഡാ സീക്രട്ട് സഹായ ലൈനായ 1800 666 111 എന്ന നമ്പറിലോ ബന്ധപ്പെടണമന്നും അറിയിപ്പില്‍ പറയുന്നു.
ഭാര്യയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും അനാഥരാക്കിയാണ് ജോയ്സിന്റെ അകാലത്തിലുള്ള ആകസ്മിക മരണമുണ്ടായത്. ജോയ്സിനെ അടുത്തറിയുന്ന എല്ലാവരും ഏറെ സങ്കടത്തിലാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.