പാലക്കാട്: ചിറ്റൂരിൽ ആറ് വയസ്സുകാരനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.
ഇരവങ്കാട് സ്വദേശി മുഹമ്മദ് അനസിന്റെയും സൗഹിദയുടെയും മകനായ സുഹാനെയാണ് ഞായറാഴ്ച രാവിലെ വീടിനുസമീപമുള്ള കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിയെ ശനിയാഴ്ച രാവിലെ 11 മണിയോടെ കാണാതാവുകയായിരുന്നു. ചിറ്റൂർ പോലീസിന്റെ നേതൃത്വത്തിൽ 21 മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.കുട്ടി വീട്ടുമുറ്റത്തേക്ക് ഒറ്റക്കിറങ്ങുന്നത് പതിവായിരുന്നതിനാൽ കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാർ വൈകിയാണ് അറിഞ്ഞത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തിരച്ചിലിന്റെ ഭാഗമായി ശനിയാഴ്ച സ്ഥലത്തെത്തിയ ഡോഗ് സ്ക്വാഡിലെ പോലീസ് നായ മണം പിടിച്ച് വീടിന് സമീപത്തെ ഒരു കുളത്തിന് അരികിൽ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുളത്തിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, ഞായറാഴ്ച മൃതദേഹം കണ്ടെത്തിയത് ഇതിന് 100 മീറ്റർ അപ്പുറത്തുള്ള കുളത്തിൽനിന്നാണ്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് കാണായായതിൽ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാനെ സഹോദരൻ 'ബാഡ് ബോയ്' എന്ന് വിളിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാതെ കുട്ടി പിണങ്ങി പുറത്തേക്ക് പോയതായിക്കാമെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാലും നിമിഷങ്ങൾക്കകം കുട്ടിക്ക് ഇത്ര ദൂരം തനിയെ പോകാൻ അറിയില്ലെന്നും ആരോ കുട്ടിയെ എടുത്തുകൊണ്ടുപോയതുപോലെയാണ് തോന്നുന്നതെന്നും ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു.
കുട്ടിയുടെ വീടിന് സമീപത്തുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ, ആ കുളത്തിലേക്ക് കുട്ടി തനിയെ എത്താനുള്ള സാധ്യത വളരെ കുറവാണെന്ന് നഗരസഭാ ചെയർമാനും നാട്ടുകാരും ചൂണ്ടിക്കാട്ടി. പ്രധാന റോഡിനോട് ചേർന്നല്ല ഈ കുളം സ്ഥിതി ചെയ്യുന്നത്. റോഡിൽനിന്ന് ചാൽ കടന്ന് വേണം കുളത്തിനരികിലെത്താൻ. ചെറിയ പാലങ്ങളിലൂടെയോ ചാലുകളിലൂടെയോ ഒരു ആറ് വയസ്സുകാരൻ തനിയെ അങ്ങോട്ട് പോകുന്നത് അസ്വാഭാവികമാണെന്ന് ചെയർമാൻ പറഞ്ഞു. കുട്ടി സാധാരണയായി സഹോദരനൊപ്പം സമീപത്തുള്ള പാർക്കിൽ കളിക്കാൻ പോകാറുണ്ടെങ്കിലും ഈ കുളത്തിന്റെ ഭാഗത്തേക്ക് വരാറില്ല.
കൂടാതെ, മൃതദേഹം കണ്ടെത്തിയ കുളത്തിൽ ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയും ആളുകൾ കുളിച്ചിരുന്നുവെന്നും എന്നാൽ, അപ്പോഴൊന്നും ഒന്നും ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും പ്രദേശവാസികൾ വെളിപ്പെടുത്തി. മൃതദേഹം കണ്ടെത്തിയ കുളത്തിന്റെ ഘടന അനുസരിച്ച് അവിടെ കാൽ വഴുതി വീഴാനുള്ള സാധ്യത കുറവാണെന്നും ആരെങ്കിലും കുളത്തിലേക്ക് ഇറങ്ങിയാൽ മാത്രമേ അപകടം സംഭവിക്കൂ എന്നും ചെയർമാൻ സുമേഷ് അച്യുതൻ വ്യക്തമാക്കി.
കുട്ടി അപകടത്തിൽപ്പെട്ടതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്ന് കണ്ടെത്താൻ പോലീസിന്റെ വിശദമായ അന്വേഷണം വേണമെന്നാണ് നഗരസഭാ ചെയർമാനും ബന്ധുക്കളും ആവശ്യപ്പെടുന്നത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.