ന്യൂ ഡൽഹി: തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 180 ഏക്കർ ഭൂമി ബ്രഹ്‌മോസ് മിസൈൽ നിർമാണ യുണിറ്റ് സ്ഥാപിക്കുന്നതിന് കൈമാറാൻ സുപ്രീം കോടതി അനുമതി നൽകി.
ഡിആർഡിഓയ്ക്ക് ഭൂമി കൈമാറാൻ ആണ് സുപ്രീം കോടതി കേരള സർക്കാരിന് അനുമതി നൽകിയത്. നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 32 ഏക്കർ ഭൂമി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനായി നൽകാനും സുപ്രീം കോടതി അനുമതി നൽകി.ഇതിനുപുറമെ സശസ്ത്ര സീമ ബൽ ബറ്റാലിയന്റെ ഹെഡ് ക്വാട്ടേഴ്‌സ് സ്ഥാപിക്കാൻ 32 ഏക്കർ ഭൂമി കൈമാറാനും സംസ്ഥാന സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി.ബ്രഹ്‌മോസ് എയ്റോ സ്‌പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ വികസനത്തിന്റെ ഭാഗമായി ഭൂമി അനുവദിക്കണമെന്ന് കേരള സർക്കാരിനോട് ഡിആർഡിഓ ആവശ്യപ്പെട്ടിരുന്നു.അത്യാധുനിക മിസൈൽ നിർമ്മാണത്തിനും തന്ത്രപ്രധാനമായ ഹാർഡ്വെയർ നിർമ്മാണത്തിനുമായുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് ഡിആർഡിഓ ഭൂമി ഭൂമി ആവശ്യപ്പെട്ടത്. ബ്രഹ്‌മോസ് എയ്റോ സ്‌പേസ് ട്രിവാൻഡ്രം ലിമിറ്റഡിനെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ കൊണ്ടുവരുന്നതിനേക്കുറിച്ചും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.
സശസ്ത്ര സീമ ബലിൻ്റെ ബറ്റാലിയൻ ഹെഡ് ക്വാട്ടേഴ്‌സ് കേരളത്തിൽ ആരംഭിക്കണമെന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ദീർഘകാല ആവശ്യമാണ്. ബറ്റാലിയൻ ഹെഡ് ക്വാട്ടേഴ്‌സ് നിലവിൽവരുന്നതോടെ കേരളത്തിൽ കേന്ദ്ര സേനയുടെ സ്ഥിരം സാന്നിധ്യം ഉണ്ടാകും. ഇത് ദേശസുരക്ഷ ശക്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയും കേരളത്തിനെ സംബന്ധിച്ച് നിർണായകമാണ്. നെട്ടുകാൽത്തേരി തുറന്ന ജയിലിന് നിലവിൽ 457 ഏക്കർ ഭൂമിയാണ് ഉള്ളത്. ഇതിൽ 200 ഏക്കർ ഭൂമി ജയിലിനായി നിലനിർത്തിയശേഷം ബാക്കിയുള്ള 257 ഏക്കർ ഭൂമിയാണ് മൂന്ന് വികസന പദ്ധതികൾക്കായി കൈമാറാൻ പോകുന്നത്.
തുറന്ന ജയിൽ സ്ഥിതിചെയ്യുന്ന സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് കൈമാറണമെങ്കിൽ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്. അതിനാലാണ് സംസ്ഥാന സർക്കാർ ഭൂമി കൈമാറ്റത്തിന് സുപ്രീം കോടതിയുടെ അനുമതി തേടിയത്.
സംസ്ഥാന സർക്കാരിനുവേവേണ്ടി സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ ആണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹാജരായത്. സുപ്രീം കോടതി ഉത്തരവോടെ മൂന്ന് പദ്ധതികൾക്കും ഉടൻ ഭൂമി കൈമാറും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.