സിഡ്‌നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ആക്രമണം നടത്തിയ പ്രതികൾ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് ഫിലിപ്പീൻസ് സന്ദർശിച്ചിരുന്നതായി റിപ്പോർട്ട്.
പ്രതികളായ സാജിദ് അക്രമും (50) മകൻ നവീദ് അക്രമും (24) ഫിലിപ്പീൻസ് സന്ദർശിച്ചുവെന്ന കാര്യം ഇമിഗ്രേഷൻ അധികൃതരെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.പ്രതികൾ പാകിസ്താൻകാരാണെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.ഇവർ നവംബർ ഒന്നിനാണ് ഫിലിപ്പീൻസ് സന്ദർശനത്തിനെത്തിയത്. ഇതിനായി ഉപയോഗിച്ചത് ഇന്ത്യൻ പാസ്പോർട്ട് ആണെന്നും ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. പിന്നീട് ഇവിടെ നിന്ന് നവംബർ 28ന് തിരികെ പോയതായി റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫിലിപ്പീൻസ് അധികൃതർ പറഞ്ഞു.
ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കുന്നതിനിടെ ഉണ്ടായ വെടിവെപ്പിൽ 15 പേർ മരിച്ചിരുന്നു. പത്തുവയസ്സുകാരിയും ജൂതപുരോഹിതനും ഇസ്രയേൽ പൗരനും നാസികളുടെ ജൂതവംശഹത്യയെ അതിജീവിച്ചയാളും മരിച്ചവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ 42 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
50 വയസ്സുകാരൻ സാജിദ് അക്രവും മകൻ നവീദ് അക്രവുമാണ് (24) ആൾക്കൂട്ടത്തിനുനേരേ വെടിവെച്ചത്. ഇവരിൽ സാജിദ് അക്രം പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. പരിക്കേറ്റ മകൻ ചികിത്സയിലാണ്. 1998-ലാണ് സാജിദ് വിദ്യാർഥി വിസയിൽ ഓസ്ട്രേലിയയിലെത്തിയത്. ഇയാൾ ഏതുരാജ്യത്തുനിന്നാണ് കുടിയേറിയതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പാക് വംശജനാണെന്ന് ചില പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു. നവീദ് ഓസ്‌ട്രേലിയയിലാണ് ജനിച്ചത്. ഓസ്‌ട്രേലിയയുടെ ആഭ്യന്തര ചാരസംഘടനയായ ദി ഓസ്‌ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഏജൻസി 2019-ൽ നവീദിനെക്കുറിച്ച് ആറുമാസത്തോളം അന്വേഷണം നടത്തിയിരുന്നതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് തിങ്കളാഴ്ച പറഞ്ഞു.
സിഡ്‌നിയിൽ പ്രവർത്തിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് സംഘവുമായി ഇയാൾക്കുള്ള ബന്ധത്തെക്കുറിച്ചാണ് ഏജൻസി അന്വേഷിച്ചതെന്നാണ് സൂചന. അതേസമയം, സംഭവസ്ഥലത്തുനിന്ന് രണ്ട് ഐഇഡികൾ ലഭിച്ചെന്നും ബോംബുകൾ നിർവീര്യമാക്കിയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.