തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണസംഘം(എസ്ഐടി) അറസ്റ്റ്ചെയ്തത്. കേസില്‍ പ്രതിയായതോടെ ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണപ്പാളികള്‍ കടത്തിക്കൊണ്ടുപോയ കാലത്ത് ശ്രീകുമാറായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍. സ്വര്‍ണക്കൊള്ളക്കേസില്‍ എസ്ഐടി പ്രതിചേര്‍ത്തവരില്‍ ശ്രീകുമാറിന്റെയും മുന്‍ ദേവസ്വംബോര്‍ഡ് സെക്രട്ടറി ജയശ്രീയുടെയും അറസ്റ്റാണ് ബാക്കിയുണ്ടായിരുന്നത്. ഇതില്‍ ജയശ്രീ മുന്‍കൂര്‍ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
അതിനിടെ സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ. പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി കഴിഞ്ഞദിവസം നീട്ടിയിരുന്നു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലന്‍സ് കോടതി ജുഡീഷ്യല്‍ റിമാന്‍ഡ് കാലാവധി നീട്ടിയത്. കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസില്‍ വ്യാഴാഴ്ചയാണ് റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. ദ്വാരപാലകശില്‍പ്പക്കേസില്‍ പത്മകുമാറിന്റെ ജാമ്യഹര്‍ജി 22-ന് പരിഗണിക്കും. ഈ കേസില്‍ കോടതി പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എസ്ഐടിയുടെ കസ്റ്റഡിയില്‍ വിട്ട ഉണ്ണിക്കൃഷ്ണന്‍പോറ്റി, മുരാരി ബാബു എന്നിവരെ ചൊവ്വാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയച്ചു.
ദ്വാരപാലകശില്‍പ്പത്തിലെ സ്വര്‍ണപ്പാളി അപഹരിച്ച കേസില്‍ മുരാരി ബാബുവിനെയും കട്ടിളയിലെ സ്വര്‍ണപ്പാളി അപഹരിച്ച കേസില്‍ ഉണ്ണിക്കൃഷ്ണന്പോറ്റിയെയും രണ്ടു ദിവസത്തേക്കായിരുന്നു എസ്ഐടി ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സിജു രാജന് ഹാജരായി. ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണാപഹരണവുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് കൈമാറണമെന്നാവശ്യപ്പെട്ട് ഇഡി നല്കിയ അപേക്ഷ ബുധനാഴ്ച പരിഗണിക്കും. എതിര്‍വാദം അറിയിക്കാന്‍ അന്വേഷണസംഘം സാവകാശം ചോദിച്ച സാഹചര്യത്തിലാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്.
സര്‍ക്കാര്‍ സമാന്തര അന്വേഷണത്തെ അനുകൂലിക്കുന്നില്ലെന്നാണ് സൂചന. തങ്ങളുടെ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടു മതി മറ്റൊരു അന്വേഷണം എന്നതാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിലപാട്. ഇഡി അന്വേഷിച്ചാല്‍ മറ്റ് ഉന്നതരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നതും സര്‍ക്കാരിനു മുന്നിലെ ആശങ്കയാണ്. കേസിന്റെ എഫ്ഐആറുകള്‍, റിമാന്‍ഡ് റിപ്പോര്‍ട്ടുകള്‍, ഇതുവരെ അറസ്റ്റിലായവരുടെയും മറ്റുള്ളരുടെയും മൊഴികള്‍, പിടിച്ചെടുത്ത രേഖകള്‍ തുടങ്ങിയവയുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ഇഡിയുടെ അഭിഭാഷകന് അപേക്ഷ നല്‍കിയതെന്നാണ് സൂചന. എസ്ഐടി അന്വേഷണ രേഖകള്‍ ലഭിച്ചാല്‍ തുടര്‍നടപടികള്‍ എളുപ്പമാകുമെന്ന വിലയിരുത്തലിലാണ് ഇഡി കോടതിയെ സമീപിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.