ഭോപാല്‍: ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് ആണ്‍സുഹൃത്ത് കടന്നുകളഞ്ഞു.
മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലാണ് സംഭവം. ഭോപാലില്‍ താമസിക്കുന്ന മോഡലായ ഖുശ്ബു ആഹിര്‍വാര്‍(27) ആണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആണ്‍സുഹൃത്തും ലിവ് ഇന്‍ പങ്കാളിയുമായ ഖാസിമിനായി പോലീസ് അന്വേഷണം ആരംഭിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഖാസിം ഖുശ്ബുവിനെ സെഹോറിലെ ആശുപത്രിയില്‍ എത്തിച്ചത്.എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ത്തന്നെ യുവതി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതേസമയം, യുവതിയെ കൊണ്ടുവന്ന യുവാവ് ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.അതേസമയം, ഖുശ്ബുവിന്റെ മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ''മകളുടെ ശരീരമാസകലം നീലനിറത്തിലുള്ള പാടുകളുണ്ട്. മുഖം വീര്‍ത്തിരിക്കുകയാണ്. സ്വകാര്യഭാഗങ്ങളിലും മുറിവുകളുണ്ട്. എന്റെ മകളെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതാണ്'', ഖുശ്ബുവിന്റെ അമ്മ ലക്ഷ്മി ആഹിര്‍വാര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ഖുശ്ബുവിനെ കൊലപ്പെടുത്തിയതാണെന്നും ദേഹമാസകലം മുറിവുകളുണ്ടെന്നും സഹോദരിയും മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവത്തില്‍ കുടുംബത്തിന് നീതി ലഭിക്കണമെന്നും ഖുശ്ബുവിനെ കൊലപ്പെടുത്തിയയാളെ ശിക്ഷിക്കണമെന്നും സഹോദരി പറഞ്ഞു. ഖുശ്ബുവും ആണ്‍സുഹൃത്തായ ഖാസിമും ഏതാനും നാളുകളായി ഒരുമിച്ചാണ് താമസമെന്ന് കുടുംബം പറഞ്ഞു. കഴിഞ്ഞദിവസം ഇരുവരും ഒരുമിച്ച് ഉജ്ജ്വയിനിലേക്ക് പോയിരുന്നു. ഇവിടെനിന്ന് ഭോപാലിലേക്ക് മടങ്ങുന്നതിനിടെയാണ് ഖുശ്ബുവിന്റെ മരണം സംഭവിച്ചതെന്നാണ് നിഗമനം. മൂന്നുദിവസം മുന്‍പ് ഖാസിമും ഖുശ്ബുവും തങ്ങളെ ഫോണില്‍ വിളിച്ചിരുന്നതായും ഖുശ്ബുവിന്റെ അമ്മ വെളിപ്പെടുത്തി.
മകള്‍ തന്നോടൊപ്പമുണ്ടെന്നും പേടിക്കേണ്ടെന്നും ഖുശ്ബുവിനെ ഉജ്ജ്വയിനിലേക്ക് കൊണ്ടുപോവുകയാണെന്നുമാണ് ഖാസിം പറഞ്ഞത്. പിന്നാലെ ഖുശ്ബുവും അമ്മയുമായി സംസാരിച്ചു. പേടിക്കേണ്ടെന്നും ഖാസിം നല്ലയാളാണെന്നും താന്‍ അവനോടൊപ്പമുണ്ടെന്നുമാണ് ഖുശ്ബു അമ്മയോട് പറഞ്ഞത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഭോപാല്‍ കേന്ദ്രീകരിച്ച് മോഡലിങ് രംഗത്ത് സജീവമായിരുന്നു ഖുശ്ബു. ഇന്‍സ്റ്റഗ്രാമില്‍ ആയിരക്കണത്തിന് ഫോളോവേഴ്സുള്ള ഖുശ്ബു, ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെയും ചില പരസ്യങ്ങളിലൂടെയും ശ്രദ്ധനേടി.
ബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് പഠനം ഉപേക്ഷിച്ച് ഖുശ്ബു ഭോപാലിലേക്ക് ചേക്കേറിയത്. തുടര്‍ന്ന് മോഡലിങ്ങും ചില പാര്‍ട്ട്-ടൈം ജോലികളുമായി ജീവിതമാര്‍ഗം കണ്ടെത്തി. മോഡലിങ് രംഗത്ത് വലിയനിലയിലെത്തുക എന്നതായിരുന്നു ഖുശ്ബുവിന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഖാസിമിനെ തിരയുകയാണെന്നും ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. യുവതി ആക്രമണത്തിനിരയായെന്നാണ് മൃതദേഹത്തിലെ മുറിവുകള്‍ നല്കുന്ന സൂചന. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ. സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.