തിരുവനന്തപുരം: ഡൽഹി ചെങ്കോട്ടയിലുണ്ടായ ബോംബ് സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലും സുരക്ഷാ പരിശോധനകൾ കർശനമാക്കി സംസ്ഥാന പൊലീസ്. തന്ത്രപ്രധാനമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന തുടരുന്നത്.
റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, പ്രധാന മാർക്കറ്റുകൾ, മറ്റ് സുപ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു. സംഭവം നടന്നതുമുതൽ പരിശോധനകൾ തുടരുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ പറഞ്ഞു.പരിശോധനയുടെ ഭാഗമായി കേന്ദ്ര ഏജൻസികളായ എൻഐഎ, കേന്ദ്ര ഇൻ്റലിജൻസ് വിഭാഗങ്ങൾ എന്നിവയുമായി സംസ്ഥാന പൊലീസ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവരുടെ നിർദേശങ്ങൾ കൂടി കണക്കിലെടുത്താണ് സുരക്ഷാ പരിശോധനകൾ പുരോഗമിക്കുന്നതെന്നും ഡിജിപി വിശദീകരിച്ചു. ഇത്തരം കൃത്യങ്ങളിലേർപ്പെടാൻ സാധ്യതയുള്ളതായി സംശയിക്കുന്ന വ്യക്തികളെയും സംഘടനകളെയും പൊലീസ് നിരീക്ഷിച്ചു വരുന്നുണ്ട്.
ഡൽഹിയിലെ സ്ഫോടനത്തെ തുടർന്ന് സംസ്ഥാനത്തുടനീളം അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ, വിമാനത്താവളങ്ങൾ, ബീച്ചുകൾ തുടങ്ങിയ ആളുകൾ കൂടുന്ന എല്ലാ പ്രധാന ഇടങ്ങളിലും കർശന പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് റാവാഡ ചന്ദ്രശേഖർ പറഞ്ഞു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഈ നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാർ ഇത് അടിയന്തരം നടപ്പിലാക്കണമെന്നും നിർദേശിച്ചു.
സംശയാസ്പദമായ വസ്തുക്കളോ സാധനങ്ങളോ കാണുന്ന പക്ഷം ഉടൻതന്നെ 112-ൽ വിളിച്ച് പൊലീസിനെ അറിയിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. പരമാവധി പൊലീസ് പട്രോളിങ് ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള പൊലീസ്, റെയിൽവേ പൊലീസ്, ആർപിഎഫ് എന്നിവ സംയുക്തമായി അടുത്ത ഒരാഴ്ചത്തേക്കെങ്കിലും പരിശോധന തുടരണമെന്നാണ് നിർദേശം.തിരുവനന്തപുരം, എറണാകുളം, മലപ്പുറം ഉൾപ്പെടെ പ്രധാന നഗരങ്ങളിലും അതീവ ജാഗ്രതയുടെ ഭാഗമായി കർശന പരിശോധനകൾ നടക്കുന്നു. തിരുവനന്തപുരത്ത് അതീവ സുരക്ഷാ കേന്ദ്രമായ പത്മനാഭസ്വാമി ക്ഷേത്രത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. കേരള പൊലീസ്, ക്ഷേത്രത്തിൻ്റെ സുരക്ഷാ സംവിധാനം, ആൻ്റി ടെററിസ്റ്റ് സ്ക്വാഡിലെ ഐആർബി അവഞ്ചേഴ്സ് യൂണിറ്റിലെ ഉദ്യോഗസ്ഥർ എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്.
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് കടന്നുവരുന്ന എല്ലാ ആളുകളുടെയും ബാഗുകൾ വിശദമായി പരിശോധിച്ച ശേഷമാണ് അകത്തേക്ക് കടത്തിവിടുന്നത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും ലഗേജുകൾ പൂർണമായി പരിശോധിച്ച ശേഷമേ യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളിലും ആലുവ, അങ്കമാലി, തൃപ്പൂണിത്തുറ തുടങ്ങിയ സബ് സ്റ്റേഷനുകളിലും കൊച്ചി മെട്രോയിലും പരിശോധന കർശനമാക്കി. ട്രെയിനുകളുടെ ബോഗികളോടു ചേർന്നുള്ള ഭാഗങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും ബാഗേജ് കൗണ്ടറുകളിലും പരിശോധന തുടരുന്നു.ശബരിമലയിലേക്കുള്ള തീർഥാടകർ എത്തുന്ന പ്രധാന റെയിൽവേ സ്റ്റേഷനായതിനാൽ കോട്ടയത്ത് സുരക്ഷ ശക്തമാക്കി. ഡോഗ് സ്ക്വാഡിലെ സ്നിഫർ ഡോഗ് 'ബെയ്‌ലി' അടക്കമുള്ള സംഘമാണ് പരിശോധന നടത്തിയത്. ട്രെയിനുകളിലും യാത്രക്കാരുടെ ലഗേജുകളിലും പരിശോധന നടത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു.
കോഴിക്കോട്ടും മലപ്പുറത്തും സുരക്ഷാ പരിശോധന
ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കർശനമായ സുരക്ഷാ പരിശോധനകളാണ് പുരോഗമിക്കുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, ബീച്ച്, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ, പുതിയ ബസ് സ്റ്റാൻഡ്, മറ്റ് പൊതുസ്ഥലങ്ങൾ, റോഡിൻ്റെ സൈഡുകൾ എന്നിവിടങ്ങളെല്ലാം പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കുന്നു. ബോംബ് സ്ക്വാഡിൻ്റെയും ഡോഗ് സ്ക്വാഡിൻ്റെയും നേതൃത്വത്തിൽ, റെയിൽവേ പൊലീസിൻ്റെ സഹായത്തോടെയാണ് സംയുക്ത പരിശോധനകൾ നടക്കുന്നത്.
റെയിൽവേ സ്റ്റേഷനിലെ പരിശോധന പൂർത്തിയാക്കിയ ശേഷം നിലവിൽ കെഎസ്ആർടിസി ബസ് ടെർമിനലിലാണ് പരിശോധന പുരോഗമിക്കുന്നത്. ഇവിടെ പാർക്കിങ് ഏരിയ, ആളുകൾ ഇരിക്കുന്ന ഭാഗങ്ങൾ, ബസുകൾ നിർത്തിയിടുന്ന ഭാഗങ്ങൾ, ഓഫിസിനകത്തും പാഴ്സലുകൾ സൂക്ഷിക്കുന്ന റൂമുകളിലും ഉൾപ്പെടെ ഡോഗ് സ്ക്വാഡ് പരിശോധന വ്യാപകമാക്കി. കോഴിക്കോടൻ്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ആശുപത്രികളിലേക്കും മാളുകളിലേക്കും ബീച്ചിലേക്കും നിരവധി ആളുകൾ എത്തുമെന്നതിനാൽ കൂടുതൽ പൊലീസ് സേനയെ വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ 'കോബ്ര' സ്പെഷ്യൽ വിങ്ങിനെ വിന്യസിച്ചു.
മലപ്പുറത്ത് കലക്ടറേറ്റ് പരിസരം, ഹാൾ, കോൺഫറൻസ് റൂമിൻ്റെ സമീപം, പുറത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ, സമീപത്തുള്ള കോടതി പരിസരം ഉൾപ്പെടെ ഒരു ഭാഗവും ഒഴിച്ചുവിടാതെയുള്ള സംയുക്ത പരിശോധനയാണ് നടക്കുന്നത്. തിരൂർ, അങ്ങാടിപ്പുറം ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിലും പരിശോധന തുടരുന്നുണ്ട്. കോട്ടയം, കായകുളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി എന്നീ റെയിൽവേ സ്റ്റേഷനുകളിലും റെയിൽവേ പൊലീസ്, ആർപിഎഫ്, ബോംബ് സ്ക്വാഡ് സംയുക്തമായി ശക്തമായ പരിശോധന നടത്തി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.