കോഴിക്കോട്: ബിജെപിയെക്കുറിച്ച് കേരള ജനതയ്ക്ക് ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ഇപ്പോൾ കേരളം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റം കൊണ്ടുവരാനുള്ള കഴിവ് ബിജെപിക്കുണ്ട്. ഭരണ ശൈലിയിലെ മാറ്റവും പ്രധാനമാണ്. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഭരണമാണ് ബിജെപിയുടെ ആഗ്രഹം. എന്നാൽ മാറിമാറി ഭരിച്ചവർ ഒന്നും ചെയ്യുന്നില്ല. അഴിമതി, കഴിവില്ലായ്മ, കുറ്റകരമായ അനാസ്ഥ എന്നിവ ജനങ്ങൾക്ക് മടുത്തു.
അതിൽ ഒരു മാറ്റം വരുത്തി നല്ല രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ പുതിയൊരു പതിപ്പ് വരണം. അത് വികസനത്തിൻ്റേത് കൂടിയായിരിക്കും. ഒരു അവസരം നൽകണമെന്നാണ് അഭ്യർഥന. അത് നൽകിയാൽ തങ്ങളുടെ കഴിവ് കാണാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.നാട്ടിൽ മാറ്റം കൊണ്ടുവരാനുള്ള ജനങ്ങൾക്ക് വേണ്ടിയുള്ള ഒരു ദൗത്യമാണ് കേരളത്തിൽ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. പാർട്ടി പ്രവർത്തകർ നന്നായി അധ്വാനിക്കുന്നുണ്ട്. ആഗ്രഹിക്കുന്ന ഒരു കാഴ്ചപ്പാട് എല്ലാവരെയും കണ്ട് ധരിപ്പിക്കാൻ കഴിയുന്നുണ്ട്. നരേന്ദ്ര മോദി ഇന്ത്യയെ പഠിപ്പിച്ച വികസന രാഷ്ട്രീയം താഴെത്തട്ടിൽ വരെ എത്തുന്നുണ്ട്.
ഒറ്റക്കെട്ടായാണ് ഇപ്പോൾ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. പ്രസിഡൻ്റ് ആയതിനുശേഷമുള്ള ആറുമാസക്കാലം കേരളത്തിലെ എല്ലാ ജില്ലകളിലും സന്ദർശിച്ചു. സാധാരണക്കാരുടെ സങ്കടങ്ങളും വിഷമങ്ങളും കണ്ടു. അവർ ഒരു അവസരം നൽകിയാൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നതിൽ സംശയമില്ല. ആത്മാർഥമായി പ്രവർത്തിക്കാനും അധ്വാനിക്കാനും ബിജെപി തയ്യാറാണ്. അതിൻ്റെ ഫലം തദ്ദേശ തെരഞ്ഞെടുപ്പിൽ കാണാമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.കേരളത്തിലെ ഇരുമുന്നണികളും കാലങ്ങളായി ബിജെപിക്കെതിരെ നടത്തിവരുന്ന പ്രചാരണങ്ങളുടെ മുന ഒടിഞ്ഞുവെന്നാണ് രാജീവ് ചന്ദ്രശേഖറിൻ്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ന്യൂനപക്ഷ വിരുദ്ധരാണ് ബിജെപി എന്നതടക്കമുള്ള ആരോപണങ്ങൾക്കുള്ള മറുപടിയായാണ് നരേന്ദ്ര മോദി സർക്കാരിൻ്റെ കഴിഞ്ഞ 11 വർഷത്തെ ഭരണനേട്ടങ്ങളെ അദ്ദേഹം ഉയർത്തിക്കാട്ടുന്നത്.
ജാതിമത ഭേദമന്യേ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ക്ഷേമപദ്ധതികൾ കേരളത്തിലെ സാധാരണക്കാർക്ക് ബോധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വീട്, കുടിവെള്ളം, സൗജന്യ റേഷൻ, ചികിത്സ സഹായം എന്നിവ നൽകുന്നതിൽ മോദി സർക്കാർ ഒരു വിവേചനവും കാണിച്ചിട്ടില്ലെന്നത് ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് പാർട്ടി വിലയിരുത്തുന്നത്.ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ ഈ പര്യടനം. കേരളത്തിലെ വികസന മുരടിപ്പും സാമ്പത്തിക പ്രതിസന്ധിയും ചർച്ചയാക്കാനാണ് ബിജെപി നീക്കം. ശമ്പളവും പെൻഷനും മുടങ്ങുന്ന സാഹചര്യം, തകർന്ന റോഡുകൾ, വിലക്കയറ്റം എന്നിവ ഭരണകക്ഷിക്കെതിരെ ജനവികാരം ഉയർത്തുന്നുണ്ട്. ഒപ്പം പ്രതിപക്ഷം എന്ന നിലയിൽ യുഡിഎഫിൻ്റെ നിഷ്ക്രിയത്വവും ബിജെപി ആയുധമാക്കുന്നു. എൽഡിഎഫും യുഡിഎഫും ഒരേ നാണയത്തിൻ്റെ ഇരുവശങ്ങളാണെന്നും യഥാർഥ ബദൽ ബിജെപി മാത്രമാണെന്നുമുള്ള സന്ദേശമാണ് രാജീവ് ചന്ദ്രശേഖർ മുന്നോട്ടുവയ്ക്കുന്നത്.
സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം പാർട്ടിയിലെ ഗ്രൂപ്പ് തർക്കങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ കഴിഞ്ഞുവെന്നത് രാജീവ് ചന്ദ്രശേഖറിൻ്റെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ടെക്നോക്രാറ്റ് എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ പ്രതിച്ഛായ മധ്യവർഗ വോട്ടർമാരെയും യുവാക്കളെയും ആകർഷിക്കാൻ സഹായിക്കുന്നുണ്ട്. പരമ്പരാഗത രാഷ്ട്രീയ ശൈലികളിൽനിന്ന് മാറി വികസനത്തിലൂന്നിയുള്ള രാഷ്ട്രീയമാണ് അദ്ദേഹം പയറ്റുന്നത്.
ഒരു അവസരം എന്ന മുദ്രാവാക്യം വോട്ടർമാർക്ക് മുന്നിൽ വയ്ക്കുമ്പോൾ ത്രിപുരയിലും ഗോവയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി ഉണ്ടാക്കിയ മുന്നേറ്റം കേരളത്തിലും ആവർത്തിക്കാനാകുമെന്ന ആത്മവിശ്വാസം നേതൃത്വത്തിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഗണ്യമായ സീറ്റുകൾ നേടാനായാൽ അത് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വലിയ ചുവടുവയ്പ്പാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. വരും ദിവസങ്ങളിൽ കേന്ദ്ര നേതാക്കളെ കൂടി പങ്കെടുപ്പിച്ച് പ്രചാരണം കൂടുതൽ ശക്തമാക്കാനാണ് സംസ്ഥാന ഘടകത്തിൻ്റെ തീരുമാനം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.