ന്യൂഡൽഹി: ഇന്ത്യൻ അധികൃതർ അസാധാരണമായ വൈദഗ്ധ്യത്തോടെയാണ് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ മാരകമായ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം കൈകാര്യം ചെയ്യുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.
ബുധനാഴ്ച കാനഡയിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഇന്ത്യയ്ക്ക് പിന്തുണ നൽകിയിട്ടുണ്ടെന്നും അതേസമയം സ്ഥിതിഗതികൾ ഫലപ്രദമായി കൈകാര്യം ചെയ്തതിന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരെ പ്രശംസിക്കുകയും ചെയ്തതായി റൂബിയോ പറഞ്ഞു. അന്വേഷണത്തിൽ ഇന്ത്യയ്ക്ക് യുഎസ് സഹായം വാഗ്ദാനം ചെയ്തിരുന്നു.“ഞങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്, പക്ഷേ ഇത്തരം അന്വേഷണങ്ങളിൽ അവർക്ക് ഏറെ മികവുണ്ടെന്ന് ഞാൻ കരുതുന്നു. അവർക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല, അവർ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്”, റൂബിയോ പറഞ്ഞു. ആക്രമണത്തെ അപലപിച്ച് വിവിധ രാഷ്ട്രങ്ങൾ രംഗത്തെത്തുകയും ആക്രമണത്തെ തുടർന്ന് ഇന്ത്യ സ്വീകരിച്ച ദ്രുതഗതിയിലുള്ള നടപടികൾക്കുള്ള അംഗീകാരത്തിനും ഇടയിലാണ് അദ്ദേഹത്തിന്റെ പരാമർശം.
ന്യൂഡൽഹിയിലെ യുഎസ് എംബസിയും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രസ്താവനയിറക്കി. “കഴിഞ്ഞ രാത്രി ന്യൂഡൽഹിയിലുണ്ടായ ഭയാനകമായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടൊപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു”, ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ സാമൂഹിക മാധ്യമ പോസ്റ്റിൽ പറഞ്ഞു.
നേരത്തെ, ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു നേതാക്കളും ഉഭയകക്ഷി, ആഗോള വിഷയങ്ങൾ ചർച്ച ചെയ്തു, ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവും അവരുടെ ചർച്ചകളിൽ വിഷയമായി.
ഡൽഹി സ്ഫോടനത്തിൽ ആളപായം ഉണ്ടായതിൽ റൂബിയോ അനുശോചനം രേഖപ്പെടുത്തിയതിൽ എക്സ് പോസ്റ്റിൽ ജയശങ്കർ നന്ദിയറിയിച്ചു. “ഡൽഹി സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടതിലുള്ള അദ്ദേഹത്തിന്റെ അനുശോചനത്തിൽ നന്ദിയറിയിക്കുന്നു. വ്യാപാരത്തിലും വിതരണ ശൃംഖലയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഞങ്ങൾ ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്തു. യുക്രൈൻ സംഘർഷം, മിഡിൽ ഈസ്റ്റ് /പശ്ചിമേഷ്യൻ സാഹചര്യം, ഇൻഡോ-പസഫിക് എന്നിവയെക്കുറിച്ചും ചർച്ച നടത്തി”, ജയശങ്കർ കുറിച്ചു.
നവംബർ 10-ന് ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാർ ബോംബ് സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത് ദിവസങ്ങൾക്കകമാണ് കൂടിക്കാഴ്ച നടന്നത്. ഈ ആഴ്ച ആദ്യം ന്യൂഡൽഹിയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സഹായിക്കാൻ തയ്യാറാണെന്നും യുഎസ് അറിയിച്ചിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.