തിരുവനന്തപുരം; പിഎം ശ്രീ പദ്ധതിയില്‍നിന്നു പിന്മാറേണ്ടിവന്നതില് സിപിഐയോടു കലിയടങ്ങാതെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എഴുതിയ ലേഖനമാണ് ശിവന്‍കുട്ടിയെ ചൊടിപ്പിച്ചത്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ആരെ ലക്ഷ്യമിട്ടാണെന്നു മനസിലാകുമെന്നും നമ്മളൊന്നും മണ്ടന്മാരല്ലല്ലോ എന്നും ശിവന്‍കുട്ടി പറഞ്ഞു. പിഎം ശ്രീയുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയെക്കുറിച്ചു പോലും ചില കേന്ദ്രങ്ങള്‍ക്ക് പുച്ഛമാണെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി. പദ്ധതിയില്‍നിന്നു പൂര്‍ണമായി പിന്മാറിയിട്ടില്ലെന്നും താല്‍ക്കാലികമായി മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.ആര്‍എസ്എസ് അജന്‍ഡ നേരിടാന്‍ ആരാണ് ത്യാഗം ചെയ്തതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെയും പ്രശ്നമൊന്നുമല്ലെന്നും സിപിഐയെ കുത്തി വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇത് ആരെങ്കിലും ഇടപെട്ടതിന്റെ പേരില്‍ ഏതെങ്കിലും കൂട്ടരുടെ വിജയമോ മറ്റൊരു കൂട്ടരുടെ പരാജയമോ ആണെന്നു വിശ്വസിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.പിഎംശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചത് ഇടതു രാഷ്ട്രീയത്തിന്റെ വിജയമാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവന പരാമര്‍ശിച്ചായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം. ചര്‍ച്ചകളിലൂടെ പ്രശ്നത്തിനു പരിഹാരം കാണണമെന്നത് ഇടതുമുന്നണി തീരുമാനമായിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇടതു മൂല്യങ്ങള്‍ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും മുറുകെ പിടിക്കുന്ന മൂല്യങ്ങള്‍ തന്നെയാണ്. ആര് എപ്പോള്‍ പുറകോട്ടു പോയിട്ടുണ്ട് എന്നതു സംബന്ധിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തുന്നില്ല. ആരൊക്കെയാണ് ദേശീയതലത്തില്‍ സമരം ചെയ്തതെന്നും ത്യാഗം സഹിച്ചതെന്നും ഈ അവസരത്തില്‍ അളക്കാനുമില്ല. കത്ത് കൊടുത്ത സ്ഥിതിക്ക് കേന്ദ്രഫണ്ട് കിട്ടുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. എസ്എസ്കെയുടെ 1,300 കോടിയോളം കിട്ടിയില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ എനിക്കായിരിക്കില്ല. അത് ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തുകൊള്ളണമെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഇടതുപക്ഷ രാഷ്ട്രീയം നന്നായി തന്നെ സിപിഎമ്മിന് അറിയാം. അത് എങ്ങനെയാണ് നടപ്പാക്കേണ്ടതെന്ന് ഏതെങ്കിലും കേന്ദ്രങ്ങളില്‍ നിന്ന് പഠിക്കേണ്ട ഗതികേട് സിപിഎമ്മിനില്ല. കേരളം ഈ നാലര വര്‍ഷക്കാലത്തിൽ ആര്‍എസ്എസിന്റെ ഒരു അജൻഡ പോലും വിദ്യാഭ്യാസ രംഗത്ത് കടന്നുവരുന്നതിനുള്ള അവസരം ഉണ്ടാക്കിയിട്ടില്ല. ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കാര്യങ്ങള്‍ സംരക്ഷിക്കാനും ആര്‍എസ്എസിന്റെ വര്‍ഗീയ അജൻഡ തടയാനും ഞങ്ങള്‍ മാത്രമേ ഉള്ളൂവെന്ന് ചില കേന്ദ്രങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നതു കണ്ടു. അത് ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ ഉണ്ടാകുന്ന കാര്യമായതിനാലാണ് വിശദീകരണം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.അതേസമയം, മന്ത്രിയുടെ പ്രകോപനത്തിന്റെ കാരണം അറിയില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. പ്രകോപനം ഉണ്ടാക്കാനോ പ്രകോപിതരാകാനോ തന്റെ രാഷ്ട്രീയബോധം അനുവദിക്കുന്നില്ലെന്നും ബിനോയ് പറഞ്ഞു. ആ രാഷ്ട്രീയ ബോധം എല്ലാവര്ക്കും വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു. അതാണ് എല്‍ഡിഎഫിന്റെ കൈമുതലും കരുത്തും. പിഎം ശ്രീയെക്കുറിച്ച് ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ ഞാന്‍ ആളല്ല. പിഎം ശ്രീയിലെ ഇടതു രാഷ്ട്രീയം എന്താണെന്ന് ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ കൂടുതല്‍ അര്‍ഹര്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമാണ്. അവര്‍ പഠിപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.