കോഴിക്കോട്; കേരളം കേന്ദ്രീകരിച്ചുള്ള ക്രിപ്റ്റോ കറൻസി ഇടപാടുകൾ തേടി ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം.
സൈബർ തട്ടിപ്പുകാരും ഓൺലൈൻ ഗെയിമിങ് കമ്പനികളും ചേർന്നു ക്രിപ്റ്റോകറൻസി വഴി വൻ തോതിൽ കള്ളപ്പണം വിദേശത്തേക്കു കടത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട പരിശോധനയിലാണു മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് 330 കോടി രൂപയുടെ ഹവാല ഇടപാടുകൾ ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തിയത്.കള്ളപ്പണം വിദേശത്തേക്കു കടത്താനുള്ള എളുപ്പ വഴിയെന്ന നിലയിലാണു ക്രിപ്റ്റോ കറൻസിയെ ഇന്ത്യയിലെ സൈബർ തട്ടിപ്പുകാരും ലഹരിമരുന്ന് ഇടപാടുകാരും കാണുന്നത്.ഇവർക്കു ബാങ്ക് വഴി വിദേശത്തേക്ക് അയയ്ക്കാൻ കഴിയില്ല. അതേസമയം, ക്രിപ്റ്റോ കറൻസിയിലാക്കിയാൽ ലോകത്ത് എവിടേക്കു വേണമെങ്കിലും അയയ്ക്കാൻ കഴിയും. കേരളത്തിലും ക്രിപ്റ്റോ കറൻസി ഇടപാടുകൾ വർധിച്ചതോടെയാണ് ആദായനികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം തുടങ്ങിയത്.നേരത്തേ സ്വർണക്കടത്തിലൂടെയാണു കേരളത്തിൽ ഹവാല എത്തിച്ചിരുന്നത്. സ്വർണക്കടത്തു കുറഞ്ഞതോടെ, ഹവാല ഇടപാടുകൾ ക്രിപ്റ്റോ കറൻസി വഴിയായി.ഇന്തൊനീഷ്യയിൽ നിന്നും ദുബായിൽ നിന്നുമൊക്കെ ക്രിപ്റ്റോകറൻസി വാങ്ങി, സംഘത്തിൽ പെട്ടവരുടെ കേരളത്തിലെ ക്രിപ്റ്റോ വോലിറ്റിലേക്ക് (ക്രിപ്റ്റോ കറൻസി അക്കൗണ്ട്) അയയ്ക്കുകയാണു ഹവാല ഇടപാടുകാർ ചെയ്യുന്നത്. ഈ ക്രിപ്റ്റോ കറൻസി, ഇന്ത്യയിലെ സൈബർ തട്ടിപ്പുകാരും ഗെയിമിങ് കമ്പനികളും വാങ്ങുകയും പകരം ഇന്ത്യൻ രൂപ ഹവാല സംഘം കൈകാര്യം ചെയ്യുന്ന മ്യൂൾ അക്കൗണ്ടുകളിൽ (ഉടമ ഉപയോഗിക്കാത്തതോ ജീവിച്ചിരിപ്പില്ലാത്തതോ ആയ അക്കൗണ്ടുകൾ) നിക്ഷേപിക്കുകയും ചെയ്യും.ദുബായിലെ ക്രിപ്റ്റോ നിരക്കിനെക്കാൾ 7–10 രൂപ വരെ കൂടുതൽ നൽകിയാണു സൈബർ തട്ടിപ്പുകാർ ഹവാല ഇടപാടുകാരിൽ നിന്നു ക്രിപ്റ്റോ കറൻസി വാങ്ങുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്.വിദ്യാർഥികളുടെ പേരിലുള്ള ആയിരക്കണക്കിനു മ്യൂൾ അക്കൗണ്ടുകൾ ഇടപാടുകൾക്ക് ഉപയോഗിച്ചതായാണു കണ്ടെത്തൽ. 15,000 രൂപ മുതൽ 20,000 രൂപ വരെയാണ് ഇതിന് അക്കൗണ്ട് ഉടമകൾക്ക് ഒറ്റത്തവണ പ്രതിഫലം ലഭിക്കുക. ബാങ്കുകൾ നൽകുന്ന അക്കൗണ്ട് ഓപ്പണിങ് കിറ്റും എടിഎം കാർഡും അക്കൗണ്ട് എടുത്ത മൊബൈൽ സിം കാർഡും ഹവാല ഇടപാടുകാർക്കു കൈമാറണം.
അന്വേഷണ ഏജൻസികളുടെ നോട്ടപ്പുള്ളികളായ സൈബർ തട്ടിപ്പുകാരുടെ പണമാണു തങ്ങളുടെ പേരിലുള്ള അക്കൗണ്ടിലെത്തുക എന്നറിയാതെയാണു വിദ്യാർഥികളടക്കമുള്ള ഇരകൾ ഇതിനു തയാറാകുന്നത്. ഹവാല ഇടപാടുകാർ കാണാമറയത്തായതിനാൽ, കേസിൽ പ്രതികളാകുക ഈ ഇരകളായിരിക്കും. എത്ര പണം നൽകാമെന്നു പറഞ്ഞാലും സ്വന്തം ബാങ്ക് അക്കൗണ്ട് വഴി ഇടപാടുകൾ നടത്താൻ മറ്റാരെയും അനുവദിക്കരുതെന്നും ഗുരുതരമായ നിയമപ്രശ്നങ്ങളുണ്ടാകുമെന്നും ആദായനികുതി വകുപ്പ് മുന്നറിയിപ്പു നൽകുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.