ഡൽഹി ;പ്രമുഖ വ്യവസായി നരേഷ് ഗോയലിൻറെ തട്ടിപ്പുകേസ് അടക്കമുള്ളവ പറഞ്ഞ് ഭീഷണിപ്പെടുത്തി 'വെർച്വൽ അറസ്റ്റ്' (Virtual Arrest) എന്ന കെണിയിൽ കുടുങ്ങിയ ഡോക്ടറെ സമയോചിത ഇടപെടലിലൂടെ കൊട്ടാരക്കര പോലീസ് രക്ഷിച്ചു.
സിബിഐ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട സൈബർ തട്ടിപ്പുകാർ ഡോക്ടറെ രണ്ട് ദിവസത്തോളമാണ് സ്വന്തം വീട്ടിൽ വിർച്വൽ അറസ്റ്റിലാക്കിയത്.കൊട്ടാരക്കരയിലെ ഒരു ഡോക്ടർ സൈബർ തട്ടിപ്പിന് ഇരയായി എന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഡോക്ടറുടെ വീട്ടിലെത്തിയ പോലീസ് സംഘത്തെ ആദ്യം വീട്ടിലേക്ക് പ്രവേശിപ്പിക്കാൻ ഡോക്ടർ അനുവദിച്ചിരുന്നില്ല. ഈ സമയം അദ്ദേഹം തട്ടിപ്പുകാരുമായി വീഡിയോ കോളിലായിരുന്നു. ഡോക്ടറെ വസ്തുതകൾ പറഞ്ഞ് മനസ്സിലാക്കിയ പോലിസിനോട് അദ്ദേഹം നടന്ന സംഭവങ്ങൾ വെളിപ്പെടുത്തി.
മുംബൈയിലെ സിബിഐ ഓഫീസിൽ നിന്നുള്ള അസിസ്റ്റന്റ് കമ്മീഷണർ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് ഡോക്ടറുമായി സംസാരിച്ചിരുന്നത്. മുൻ ജെറ്റ് എയർവെയ്സ് ചെയർമാനും തട്ടിപ്പ് കേസിൽ ജയിലിലുമായ നരേഷ് ഗോയൽ തട്ടിപ്പിന് ഉപയോഗിച്ച 966 കോടി രൂപ ഡോക്ടറുടെ മുംബൈയിലെ കാനറാ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്നു എന്നും ഇതിൻറെ പേരിൽ ഡോക്ടറെ 'വെർച്വൽ അറസ്റ്റ്' ചെയ്തിരിക്കുകയാണെന്നും തട്ടിപ്പുകാർ പറഞ്ഞ് വിശ്വസിപ്പിച്ചു.സിബിഐയുടെ കസ്റ്റഡിയിലാണെന്നും വീടും പരിസരവും നിരീക്ഷണത്തിലാണെന്നും തെറ്റിദ്ധരിപ്പിച്ച് ഡോക്ടറെ രണ്ട് ദിവസത്തോളം വീട്ടുതടങ്കലിലാക്കി.
ഇതൊരു സൈബർ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ പോലീസ് സംഘം, അടുത്തിടെ ഇത്തരത്തിൽ നടന്ന സൈബർ തട്ടിപ്പിനെ പറ്റി ഡോക്ടറെ പറഞ്ഞ് മനസിലാക്കി. ഇതോടെ താൻ തട്ടിപ്പിന് ഇരയായതാണെന്ന് ഡോക്ടർക്ക് പൂർണ്ണമായി ബോധ്യപ്പെട്ടു. തട്ടിപ്പ് സംഘം വിളിക്കുമെന്ന് അറിയിച്ചിരുന്ന ദിവസം, രാവിലെ 10.00 മണിക്ക് വീണ്ടും വീഡിയോ കോൾ ചെയ്തു. ഈ കോൾ എടുത്ത പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ തട്ടിപ്പ് സംഘം ഉടൻ തന്നെ കോൾ ഡിസ്കണക്റ്റ് ചെയ്തു.
ഇതോടെ സൈബർ തട്ടിപ്പിൻറെ വ്യാപ്തി ഡോക്ടർക്ക് പൂർണ്ണമായി മനസിലാവുകയും മനോനില വീണ്ടെടുക്കുകയും ചെയ്തു. സൈബർ തട്ടിപ്പിൽ നിന്ന് രക്ഷിച്ചതിന് പോലീസിന് നന്ദി അറിയിച്ച ഡോക്ടർ പിന്നീട് ജോലിയിൽ പ്രവേശിച്ചു.കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ ഐഎസ്എച്ച്ഒ ജയകൃഷ്ണൻ എസിൻറെ നിർദ്ദേശാനുസരണം എസ്ഐമാരായ പങ്കജ് കൃഷ്ണ വി, ആതിര എൻ.ആർ , സിപിഒ ക്ലിൻറ് എ.എം എന്നിവരടങ്ങിയ സംഘമാണ് ഡോക്ടറെ സൈബർ തട്ടിപ്പിൽ നിന്നും രക്ഷിച്ചത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.