എടപ്പാൾ : കണ്ടനകം ആസ്ഥാനമായി പ്രവർത്തിക്കുന്ന സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഒരുക്കുന്ന സമഗ്ര വാദ്യകലാചരിത്ര ഗ്രന്ഥമായ 'കേരളീയ വാദ്യപാരമ്പര്യം തക്കിട്ട യുടെ പ്രകാശനകർമ്മം 2025 നവംബർ 27-ന് (വ്യാഴാഴ്ച) കാലത്ത് 10 മണിക്ക് കണ്ടനകം IDTR ഓഫിസിനു സമീപമുള്ള സോപാനം സ്കൂളിന്റെ സഭാമണ്ഡപത്തിൽ നടക്കും. സംഘാടകർ എടപ്പാളിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ വാദ്യകലാ പാരമ്പര്യത്തിന്റെ നാല് നൂറ്റാണ്ടുകാലത്തെ ചരിത്രവും അമൂല്യ വിവരങ്ങളും ഇതിഹാസതുല്യരായ കലാകാരന്മാരുടെ ജീവിതവും ഒരുമിച്ച് സമാഹരിച്ച ഈ ചരിത്രരേഖ, കേരളീയ വാദ്യകലാ ലോകത്തിന് സോപാനം അഭിമാനപൂർവം സമർപ്പിക്കുകയാണ്. പത്രസമ്മേളനത്തിൽ കുറുങ്ങാട്ട് മന വാസുദേവൻ നമ്പൂതിരി, കെ.വി. ഉണ്ണികൃഷ്ണൻ മൂക്കുതല, വിജയൻ പരിയപ്പുറം, പി.ടി. മോഹനൻ, സന്തോഷ് ആലങ്കോട്, അജിത, നാരായണൻ മുല്ലപ്പുള്ളി എന്നിവർ പങ്കെടുത്തു.
കേരളീയ വാദ്യകലയുടെ സമഗ്രമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ ഗ്രന്ഥം ഗവേഷക വിദ്യാർത്ഥികൾക്ക് ഒരു ആധികാരിക റഫറൻസ് ഗ്രന്ഥമെന്ന നിലയിലും കലാസ്നേഹികൾക്ക് കേരളീയ വാദ്യകലയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ചരിത്രപരമായ താക്കോൽ എന്ന നിലയിലും വലിയ പ്രാധാന്യമർഹിക്കുന്നു. ചെണ്ട, തിമില, മദ്ദളം, ഇടയ്ക്ക, കൊമ്പ്, കുറുംകുഴൽ, ഇലത്താളം എന്നീ വാദ്യോപകരണങ്ങളുടെ വിശദമായ ലേഖനങ്ങൾ, നിർമ്മാണരീതി, അവതരണ സമ്പ്രദായങ്ങൾ, കാലഘട്ടത്തിനനുസരിച്ച് വന്ന മാറ്റങ്ങൾ എന്നിവയെല്ലാം ഇതിൽ വിശദീകരിക്കുന്നു. കൂടാതെ, പതിനായിരത്തിൽപ്പരം വാദ്യകലാകാരന്മാരുടെ വിവരങ്ങൾ, പ്രശസ്തരായ പതിനഞ്ചോളം ചരിത്രകാരന്മാരുടെയും പ്രഗത്ഭ വാദ്യകലാകാരന്മാരുടെയും ലേഖനങ്ങൾ, കഥകളി, പഞ്ചവാദ്യം, തായമ്പക, മേളങ്ങൾ, കേളി, പാണി, കലശക്കൊട്ട്, സന്ധ്യവേല, കൊമ്പ് പറ്റ്, കുഴൽ പറ്റ് ഉൾപ്പെടെയുള്ള വിവിധ അവതരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, വിശദമായ താളപദ്ധതികൾ എന്നിവയും ഗ്രന്ഥത്തിലുണ്ട്.
പത്രസമ്മേളനം (click Here)
സാമവേദം, നാട്യശാസ്ത്രം, ചുമർചിത്രകല, ദാരുശില്പം, ഫോക്ലോർ, ഗുരുമുഖത്തുനിന്നറിഞ്ഞ വായ്മൊഴികൾ തുടങ്ങിയ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പ്രധാന ക്ഷേത്രങ്ങളിലെ വാദ്യപാരമ്പര്യത്തിന്റെ വിവരങ്ങളും പഴയകാല ചിത്രങ്ങളും ഉൾപ്പെടുന്ന കേരളീയ വാദ്യകലാചരിത്രത്തിലെ ആദ്യത്തെ സമഗ്ര ഗ്രന്ഥമാണിത്. A4 വലുപ്പത്തിൽ മൂന്ന് വോള്യങ്ങളായി (തക്കിട്ട) രണ്ടായിരത്തിലധികം പേജുകളോടുകൂടിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് മുതൽക്കൂട്ടാവുന്ന ഈ മഹത്തായ ഗ്രന്ഥത്തെ വായനക്കാരുടെ കൈകളിൽ എത്തിക്കുവാൻ എല്ലാ കലാസ്നേഹികളുടെയും പിന്തുണ സംഘാടകർ അഭ്യർത്ഥിച്ചു
വാദ്യകലയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി തയ്യാറാക്കിയ ഈ വാദ്യകലാചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനകർമ്മത്തിലേക്ക് എല്ലാ സഹൃദയരുടെയും മഹനീയസാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു. സ്വാഗതസംഘം ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, വൈസ് ചെയർമാൻ കരിയന്നൂർ നാരായണൻ നമ്പൂതിരി, ജനറൽ കൺവീനർ കുറുങ്ങാട്ടുമന വാസുദേവൻ നമ്പൂതിരി, സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തെ പ്രതിനിധീകരിച്ച് സന്തോഷ് ആലങ്കോട് എന്നിവരാണ് പരിപാടിയുടെ മുഖ്യ സംഘാടകർ.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.