തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി.) നീക്കങ്ങൾ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റായിരുന്ന എ. പത്മകുമാറിനെ കേന്ദ്രീകരിച്ചാകുന്നു. കേസിൽ അദ്ദേഹത്തിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ട ഒത്താശകൾ ചെയ്‌തത് പത്മകുമാറാണെന്ന സുപ്രധാന നിഗമനത്തിലാണ് എസ്.ഐ.ടി. എത്തിച്ചേർന്നിരിക്കുന്നത്. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നതിന് അന്വേഷണസംഘത്തിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ളതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് എസ്.ഐ.ടി. വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
മൊഴികൾ പത്മകുമാറിനെതിര്
കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായവരുടെയെല്ലാം മൊഴികൾ പത്മകുമാറിന് എതിരാണ്. മുരാരി ബാബു മുതൽ മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസു വരെയുള്ള പ്രതികൾ പത്മകുമാറിനെതിരെ മൊഴി നൽകിയതായാണ് വിവരം. സ്വർണം ചെമ്പാക്കി മാറ്റാനുള്ള ഉത്തരവ് ഇറക്കിയത് പത്മകുമാർ നിർദ്ദേശിച്ചിട്ടാണെന്നാണ് ഇവരുടെ മൊഴികളിലെ സുപ്രധാനമായ വെളിപ്പെടുത്തൽ. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ എസ്.ഐ.ടി. വിശദമായി പരിശോധിച്ചു വരികയാണ്.
സ്വർണക്കൊള്ളക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി പത്മകുമാറിന് നേരത്തേ രണ്ടുതവണ എസ്.ഐ.ടി. നോട്ടീസ് നൽകിയിരുന്നു. എൻ. വാസു അറസ്റ്റിലായതിന് പിന്നാലെ രണ്ടാമതും നോട്ടീസ് നൽകിയതോടെ അന്വേഷണം അദ്ദേഹത്തിലേക്ക് വഴിമാറുന്നതിന്റെ സൂചനകൾ ലഭിച്ചിരുന്നു. എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരുന്ന കാലഘട്ടത്തിൽ പത്മകുമാറായിരുന്നു ബോർഡ് പ്രസിഡന്റ്.
നിലവിൽ ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ്കുമാർ, മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസു എന്നിവരാണ് കേസിൽ അറസ്റ്റിലായിട്ടുള്ള പ്രമുഖർ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.