മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെ തള്ളി പാർട്ടി നേതൃത്വം രംഗത്ത്. വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് പോകുന്നത് പാർട്ടി നയമല്ലെന്നും ഇത്തരം കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഭരണപക്ഷത്തിന്റെ വീഴ്ചകൾ പ്രതിപക്ഷത്തിന് ചൂണ്ടിക്കാണിക്കാം. എന്നാൽ രാഷ്ട്രീയ വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് വഴിമാറുന്നത് നല്ല കീഴ്‌വഴക്കമല്ലെന്നും, അത് പാർട്ടി നയത്തിന് വിരുദ്ധമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.
വിവാദ പരാമർശം
വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പി.എം.എ. സലാം വിവാദ പരാമർശം നടത്തിയത്. പിഎം ശ്രീ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടതിനെ വിമർശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ, "കേരള മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതിനാലാണ് പദ്ധതിയിൽ ഒപ്പിട്ടതെന്നും അത് പറയാതിരിക്കാൻ നിർവാഹമില്ലെ"ന്നുമുള്ള പ്രയോഗമാണ് അദ്ദേഹം നടത്തിയത്.
പുരുഷനായ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കോടിക്കണക്കിന് രൂപ വേണ്ടെന്നുവെച്ച് പദ്ധതി തള്ളിക്കളഞ്ഞ നിലപാടും, സ്ത്രീയായ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കുട്ടികളെ വർഗ്ഗീയ വിഷം പഠിപ്പിക്കാൻ ഒരുക്കമല്ലെന്ന് നിലപാടെടുത്ത കാര്യവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കേരള മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്.
സി.പി.എം. നിലപാട്
സലാമിന്റെ പരാമർശം തരംതാണതും രാഷ്ട്രീയ മര്യാദകൾ പാലിക്കാത്തതുമാണ് എന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. രാഷ്ട്രീയ വിമർശനങ്ങൾക്ക് അവസരം ലഭിക്കാതെ വരുമ്പോൾ മോശം പരാമർശങ്ങളിലൂടെ അപകീർത്തിപ്പെടുത്താമെന്നത് വ്യാമോഹമാണ് എന്നും സി.പി.എം. പ്രസ്താവനയിൽ വ്യക്തമാക്കി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.