കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്‌ലിം ലീഗും തമ്മിലുള്ള തർക്കം മേൽത്തട്ടിൽ താത്‌കാലിക അനുരഞ്ജനത്തിലെത്തിയെങ്കിലും താഴെത്തട്ടിൽ നിലനിൽക്കുന്ന ഭിന്നത തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നിർണായകമായേക്കും. പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇത് യു.ഡി.എഫ്. മുന്നണിക്ക് ഭീഷണിയായി മാറാൻ സാധ്യതയുള്ളത്. മലപ്പുറം ജില്ലയിൽ 94 പഞ്ചായത്തുകളിൽ 68 എണ്ണവും യു.ഡി.എഫ് ആണ് ഭരിക്കുന്നത്. ഇതിൽ പല തദ്ദേശ സ്ഥാപനങ്ങളിലും ഒന്നോ രണ്ടോ സീറ്റുകളുടെ നേരിയ ഭൂരിപക്ഷം മാത്രമാണ് സഖ്യത്തിനുള്ളത്.
പ്രാദേശിക തലത്തിൽ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി എല്ലായിടത്തും ശക്തമല്ലെങ്കിലും, നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുന്ന പഞ്ചായത്തുകളിൽ ഒരു ബൂത്തിൽ പത്ത് വോട്ടുകൾ വരെ ഇവർക്ക് നിർണ്ണായകമാവാൻ മതിയാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ ഉൾപ്പെടെ മുസ്‌ലിം ലീഗിനെതിരെ ലീഗ് വിരുദ്ധർ വ്യാപകമായ പ്രചാരണം നടത്തിയിരുന്നെങ്കിലും രാഷ്ട്രീയ തരംഗത്തിൽ അവരുടെ ശ്രമങ്ങൾ നിഷ്‌പ്രഭമായിരുന്നു. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ ഇവർ ശക്തമായി പ്രവർത്തിക്കാനും ലീഗ് വിരുദ്ധരെ കൂട്ടിയോജിപ്പിക്കാനും ശ്രമം നടന്നേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ, ഇത്തരത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, മറ്റുള്ളവരെ സ്വാധീനിക്കാൻ ഇവർക്ക് കഴിയില്ലെന്നുമാണ് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട്.
സമസ്തയിലെയും മുസ്‌ലിം ലീഗിലെയും നേതാക്കളുടെ നേതൃത്വത്തിൽ പലതവണ അനുരഞ്ജന ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഇരുപക്ഷവും മുന്നോട്ടുവെച്ച ആവശ്യങ്ങൾ അതേപടി നിലനിൽക്കുകയാണ്. നിലവിലെ യോജിപ്പ്, സമസ്തയുടെ നൂറാം വാർഷികത്തിന് മുന്നോടിയായുള്ള താത്കാലിക ഒത്തുതീർപ്പ് മാത്രമാണ്. ഈ തീരുമാനം താഴെത്തട്ടിലുള്ള പ്രവർത്തകരിലേക്ക് എത്തിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഭിന്നതയുടെ പ്രധാന കാരണങ്ങളിലൊന്നായ, സമസ്തയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ലീഗ് അനുകൂലിയായ മുശാവറ അംഗം മുസ്‌തഫൽ ഫൈസിയെ തിരിച്ചെടുക്കാൻ സമസ്ത തയ്യാറായിട്ടില്ല. വിശദീകരണം തൃപ്‌തികരമല്ലെന്ന് പറഞ്ഞാണ് സമസ്ത ഈ ആവശ്യം തള്ളിക്കളഞ്ഞത്. ഈ നടപടിയിൽ മുസ്‌ലിം ലീഗിന് ശക്തമായ അതൃപ്തിയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ പരസ്യ നിലപാടുകൾ സ്വീകരിക്കുന്നതിൽ നിന്ന് ലീഗ് വിട്ടുനിൽക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സമസ്തയിൽ പുതുതായി ഉൾപ്പെടുത്തിയ ആറ് മുശാവറ അംഗങ്ങളും ഒരു പ്രത്യേക വിഭാഗത്തിന്റെ ആളുകളാണ് എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷമാണ് സമസ്തയിൽ ലീഗ് വിരുദ്ധ പക്ഷം ശക്തിപ്പെട്ടത്. അതിനുമുൻപ് ഒറ്റപ്പെട്ട ചില നീക്കങ്ങളേ ഉണ്ടായിരുന്നുള്ളൂ. മലപ്പുറം ജില്ലയിൽ സമസ്തയിലെ രണ്ടാംനിര നേതാവിന്റെ നേതൃത്വത്തിൽ ലീഗ് സ്ഥാനാർത്ഥിക്കെതിരേ യോഗം നടന്നത് മാത്രമായിരുന്നു അതിനുമുൻപ് നടന്ന പ്രധാന സംഭവം. നിയമസഭാ തിരഞ്ഞെടുപ്പോടെ ശക്തരായ ലീഗ് വിരുദ്ധ സംഘം വഖഫ് ബോർഡ് നിയമന വിഷയത്തോടെയാണ് ലീഗുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് കടന്നത്. അന്ന് തുടങ്ങിയ രൂക്ഷമായ അഭിപ്രായഭിന്നത ഇപ്പോഴും തുടരുന്നുണ്ട്. സമസ്തയിലെ രണ്ടാംനിരയിലുള്ള പല നേതാക്കളും ഇപ്പോഴും ലീഗ് വിരുദ്ധ പക്ഷത്തുതന്നെ ഉറച്ചുനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.