തൃശൂർ :അഞ്ച് കൊലപാതകം അടക്കം 53 കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി ബാലമുരുകൻ വിയ്യൂർ സെൻട്രൽ ജയിലിനു മുന്നിൽ തമിഴ്നാട് പൊലീസിനെ വെട്ടിച്ചു കസ്റ്റഡിയിൽ നിന്നു കടന്നുകളഞ്ഞ സംഭവത്തിൽ അടിമുടി ദുരൂഹത.
വിയ്യൂരിൽ എത്തുന്നതിനു മുൻപു തന്നെ ബാലമുരുകൻ കസ്റ്റഡിയിൽ നിന്നു കടന്നുകളഞ്ഞിരുന്നോ എന്നതടക്കമുള്ള സാധ്യതകളിലേക്കു പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ്ഇയാൾ പൊലീസ് കസ്റ്റഡിയിൽ നിന്നു ചാടിയത്.വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരുന്ന തെങ്കാശി ആലങ്കുളം കാടയം അമ്മൻകോവിൽ സ്വദേശി ബാലമുരുകനെ(44) തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം ശിവകാശിക്കടുത്തു വിരുതുനഗർ കോടതിയിൽ ഹാജരാക്കി തിരികെ എത്തിക്കുമ്പോഴാണു സംഭവം. ജയിൽ കവാടത്തിനരികിൽ മൂത്രമൊഴിക്കാൻ ഇറക്കിയ സമയത്തു റോഡരികിലെ ജയിൽവളപ്പിന്റെ മതിൽ ചാടി ഉള്ളിലേക്കു കടന്നശേഷം ബാലമുരുകൻ കൃഷിത്തോട്ടത്തിലെ ഇരുട്ടിലൂടെ ഓടിക്കളഞ്ഞെന്നാണു തമിഴ്നാട് പൊലീസിന്റെ വാദം.
സെൻട്രൽ ജയിലിന്റെ വളപ്പിലേക്കെടുത്തു ചാടി കൃഷിത്തോട്ടത്തിലൂടെ ഓടിക്കളഞ്ഞു എന്നാണു തമിഴ്നാട് പൊലീസ് സംഘം പറഞ്ഞതെങ്കിലും മേഖലയിലെ ഒരു സിസിടിവിയിലും ഇതുവരെ ബാലമുരുകന്റെ ദൃശ്യം പതിഞ്ഞിട്ടില്ല. അതേസമയം, ബാലമുരുകനെ കാണാതായ സംഭവത്തിൽ തമിഴ്നാട് പൊലീസിലെ എസ്ഐക്കും രണ്ടു കോൺസ്റ്റബിൾമാർക്കുമെതിരെ കേസെടുത്തു എന്ന പ്രചാരണം ശരിയല്ലെന്നു പൊലീസ് പ്രതികരിച്ചു. ഒട്ടേറെ വൈരുധ്യങ്ങൾ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായിട്ടുണ്ട്.
ബാലമുരുകൻ ചാടിയത് റിസർവ് ബറ്റാലിയൻ പൊലീസ് സേനാംഗങ്ങളുടെ ക്വാർട്ടേഴ്സ് പരിസരത്തേക്കാണ്. രാത്രി ഒൻപതര കഴിഞ്ഞിട്ടേയുള്ളൂ എന്നതിനാൽ ആരുടെയും കണ്ണിൽപ്പെടാതെ ഓടിക്കളയാൻ കഴിഞ്ഞതെങ്ങനെ എന്നതു സംശയകരമാണ്. ഇയാളെ പിന്തുടർന്നു മതിൽ ചാടുന്നതിനു പകരം തമിഴ്നാട് പൊലീസ് സംഘം ജയിലിന്റെ ഒന്നാം കവാടത്തിലെത്തി സുരക്ഷാ സേനാംഗത്തോടു വിവരം പറഞ്ഞശേഷമാണു തിരച്ചിലിനു ശ്രമിച്ചതെന്നു സൂചനയുണ്ട്. വീട്ടുമതിലിന്റെ ഉയരം മാത്രമുള്ളതാണു റോഡരികിലെ മതിൽ. നിസ്സാരമായി ചാടി പിന്തുടരാതിരുന്നതിന്റെ കാരണം അജ്ഞാതം.
കൈവിലങ്ങ് ധരിപ്പിക്കാതിരുന്നതാണ് അടുത്ത ദുരൂഹത. മൂത്രമൊഴിക്കുന്നതിനു മുൻപു വിലങ്ങ് അഴിച്ചു നൽകിയെന്നാണ് പൊലീസ് വാദം. എന്നാൽ, ഒരു കൈ മാത്രം വിലങ്ങിൽ നിന്നു മോചിപ്പിച്ചു രണ്ടാമത്തെ കയ്യിലേക്കു വിലങ്ങിന്റെ രണ്ടുവശവും വള പോലെ അണിയിപ്പിക്കുകയെന്ന പതിവുരീതി പ്രയോഗിക്കാതെ വിലങ്ങ് പൂർണമായി അഴിച്ചു മാറ്റിക്കൊടുത്തതു സംശയത്തിനിടയാക്കുന്നുണ്ട്. വിയ്യൂരിലെത്തുന്നതിനു മുൻപേ ബാലമുരുകൻ ചാടിയിരുന്നോ എന്ന സാധ്യത കണക്കിലെടുത്തു തമിഴ്നാട് പൊലീസ് സംഘത്തിന്റെ യാത്രാപഥത്തിലെ സിസിടിവി ദൃശ്യങ്ങൾ വിയ്യൂർ പൊലീസ് പരിശോധിക്കുന്നുണ്ട്.പൊലീസിനെ അറിയിക്കാൻ വൈകി രാത്രി ഒൻപതരയോടെ ബാലമുരുകൻ കസ്റ്റഡിയിൽ നിന്നു ചാടിയെങ്കിലും തമിഴ്നാട് പൊലീസ് സംഘം ഈ വിവരം സിറ്റി പൊലീസിനെ അറിയിച്ചതു രാത്രി പത്തരയോടെ മാത്രം. തങ്ങൾ സ്വന്തം നിലയ്ക്കു തിരച്ചിൽ നടത്തുകയായിരുന്നെന്നും ജയിൽ വളപ്പിലെ കൃഷിത്തോട്ടം മുതൽ സമീപത്തെ വ്യാപാര കേന്ദ്രങ്ങളിൽ വരെ തിരയുകയായിരുന്നു എന്നുമാണു തമിഴ്നാട് പൊലീസിന്റെ വാദം. ബാലമുരുകന്റെ ചെരിപ്പ് തോട്ടത്തിൽ നിന്നു കണ്ടെടുത്തെന്നും ഇവർ പറയുന്നു.
വിവരം അറിഞ്ഞയുടൻ ലോക്കൽ പൊലീസ് പാഞ്ഞെത്തി വിയ്യൂരും പരിസരപ്രദേശങ്ങളും ഇളക്കിമറിച്ചു പരിശോധിച്ചു. എന്നാൽ, എവിടെയും ഒരു സിസിടിവിയിലും ബാലമുരുകന്റെ സാന്നിധ്യം തെളിയിക്കുന്ന ദൃശ്യങ്ങൾ കണ്ടെടുക്കാനായിട്ടില്ല. കസ്റ്റഡിയിൽ നിന്നുള്ള രക്ഷപ്പെടൽ ആസൂത്രിതമെന്ന സംശയം ബലപ്പെടാൻ ഇതും കാരണമായി. ഇയാൾ തെങ്കാശിയിലെ വീട്ടിലെത്തിയിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അവിടേക്കും അന്വേഷണം നീങ്ങിയിട്ടുണ്ട്.
യാത്ര സ്വകാര്യ കാറിൽ ബാലമുരുകനെ കോടതിയിൽ ഹാജരാക്കാൻ തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നതു രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണ. 15 ദിവസം മുൻപു കോടതിയിൽ ഹാജരാക്കി തിരികെ എത്തിച്ചതിനു ശേഷമാണു കഴിഞ്ഞ ഞായറാഴ്ച വീണ്ടും കൊണ്ടുപോയത്. തിരികെ എത്തിച്ചതു സ്വകാര്യ കാറിലാണെന്നത് അതീവ ദുരൂഹമായി. കൊടുംകുറ്റവാളികളെ ജയിലിനു പുറത്തേക്കു സ്വകാര്യ വാഹനങ്ങളിൽ കൊണ്ടുപോകുന്നതു ജയിലുകളിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്.
അകമ്പടിക്കെത്തിയ പൊലീസ് സേനാംഗങ്ങളുടെ ഭാഗത്തു പ്രഥമദൃഷ്ട്യാ തന്നെ വീഴ്ചകൾ പ്രകടമാണെങ്കിലും പ്രതിചേർത്തു കേസെടുക്കാൻ നിയമപരമായ തടസ്സങ്ങളുണ്ട്. രക്ഷപ്പെടാൻ സഹായിച്ചു എന്നു തെളിഞ്ഞാലല്ലാതെ കേസെടുക്കാൻ കഴിയില്ല. ഒരു വർഷത്തിനിടെ രണ്ടാം ചാട്ടം വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്തു നിന്നു ബാലമുരുകൻ പൊലീസിനെ വെട്ടിച്ചു കടന്നുകളയുന്നത് ഒരു വർഷത്തിനിടെ രണ്ടാംതവണ.
കഴിഞ്ഞ മേയിൽ അതിസുരക്ഷാ ജയിലിൽ പ്രവേശിപ്പിക്കാനെത്തിയ തമിഴ്നാട് പൊലീസ് സംഘത്തിന്റെ വാനിന്റെ വാതിൽ ചവിട്ടിത്തുറന്ന് ഇയാൾ ഓടിപ്പോയിരുന്നു. മുൻപു തമിഴ്നാട്ടിലെ ജയിലിൽ കിടക്കുമ്പോഴും ഇയാൾ പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞിട്ടുണ്ട്. 33 വയസ്സിനുള്ളിൽ തന്നെ 5 കൊലപാതകവും കവർച്ചയും വധശ്രമങ്ങളുമടക്കം 53 കുറ്റകൃത്യങ്ങൾ ബാലമുരുകൻ ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടിലെ ജയിലുകളിൽ കഴിയുമ്പോൾ പരിചയപ്പെട്ടു സുഹൃത്തുക്കളാകുന്ന ക്രിമിനലുകളുമൊത്തു വൻ കവർച്ചകൾ ആസൂത്രണം ചെയ്യുന്നതാണു ശീലം. മറയൂർ കോട്ടക്കുളത്ത് 2023ൽ നടത്തിയ കവർച്ചയ്ക്കിടെ അറസ്റ്റിലായാണു വിയ്യൂരിലെത്തിയത്.
വേഷംമാറി നടക്കുന്നതാണു ശീലം. ചിലപ്പോൾ ലുങ്കിയും ബനിയനും ധരിച്ചും ചിലപ്പോൾ ആധുനികയുവാവായി കൂളിങ് ഗ്ലാസും ബ്രാൻഡഡ് വസ്ത്രങ്ങളുമൊക്കെ ധരിച്ചും നടക്കാറുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.