ഛത്തീസ്ഗഢിലെ ബിലാസ്പൂർ സ്റ്റേഷന് സമീപം പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് കുറഞ്ഞത് 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെയാണ് അപകടമുണ്ടായത്. കോർബ ജില്ലയിലെ ഗേവ്റയിൽ നിന്ന് ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന എം.ഇ.എം.യു. (MEMU - മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) പാസഞ്ചർ ട്രെയിൻ, മുന്നിൽ പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മരിച്ചവരിൽ ട്രെയിനിലെ ലോക്കോ പൈലറ്റും ഉൾപ്പെടുന്നു. വനിതാ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് അപകടത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
'നിലവിളികളും ഇരുട്ടും, കൺമുന്നിൽ മൃതദേഹങ്ങൾ'
കൂട്ടിയിടിക്കുമ്പോൾ ഗേവ്റ റോഡ്-ബിലാസ്പൂർ ട്രെയിനിലുണ്ടായിരുന്ന സഞ്ജീവ് വിശ്വകർമ്മ എന്ന യാത്രക്കാരൻ അപകടത്തിന് മുൻപുള്ള ഭീകരാവസ്ഥ വിവരിച്ചു. കൂട്ടിയിടിക്കുന്നതിന് തൊട്ടുമുമ്പ് താൻ മൊബൈലിൽ ശ്രദ്ധിച്ചിരിക്കുകയായിരുന്നുവെന്നും, മറ്റ് ചില യാത്രക്കാർ സംസാരിക്കുകയും ചിലർ ഉറങ്ങുകയുമായിരുന്നുവെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
"അങ്ങനെയിരിക്കെ, നിമിഷങ്ങൾക്കകം ലോഹം ഉരസുന്ന ഭീകര ശബ്ദം കേട്ടു, ജനൽച്ചില്ലുകൾ തകർന്നു, ട്രെയിൻ കമ്പാർട്ടുമെന്റുകളിൽ പരിഭ്രാന്തി പടർന്നു," അദ്ദേഹം പറഞ്ഞു.
ബിൽഹ സ്വദേശിയായ വിശ്വകർമ്മയുടെ വാക്കുകൾ ഇങ്ങനെ: "ഗതോറ വിട്ട് 500 മീറ്റർ പിന്നിട്ടപ്പോൾ പെട്ടെന്ന് ട്രെയിൻ അക്രമാസക്തമായി കുലുങ്ങുകയും എന്തോ ഒന്നിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. ഒരു ഇടിമുഴക്കത്തോടെയുള്ള ശബ്ദത്തിന് പിന്നാലെ ആളുകളുടെ നിലവിളി ഉയർന്നു... പിന്നെ എല്ലാം ഇരുട്ടിലായി." പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂട്ടിയിടിക്ക് ശേഷം കണ്ണ് തുറന്നപ്പോൾ താൻ സീറ്റിനടിയിലായിരുന്നുവെന്ന് വിശ്വകർമ്മ ഓർമ്മിച്ചു. ആദ്യ കോച്ചിലിരുന്ന താൻ, തന്റെ കോച്ച് ഗുഡ്‌സ് ട്രെയിനിന് മുകളിലേക്ക് കയറിക്കിടക്കുന്നതാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
"ആളുകൾ സഹായത്തിനായി കരയുകയായിരുന്നു... എന്റെ കൺമുന്നിൽ തന്നെ മൃതദേഹങ്ങൾ കണ്ടു. ഒരു സ്ത്രീയടക്കം മൂന്ന് പേർ മരിച്ചു. അവരുടെ മുഖങ്ങൾ ഇപ്പോഴും എന്നെ വേട്ടയാടുന്നു," വിശ്വകർമ്മ കൂട്ടിച്ചേർത്തു.
നിമിഷങ്ങൾക്കുള്ളിൽ സംഭവിച്ച ദുരന്തം
ചമ്പയിൽ നിന്ന് ട്രെയിനിൽ കയറിയ റായ്പൂരിലെ മാർക്കറ്റിംഗ് പ്രൊഫഷണലായ മോഹൻ ശർമ്മ എന്ന മറ്റൊരു യാത്രക്കാരനും അപകടത്തിന്റെ ഭീകരത വിവരിച്ചു. ലിങ്ക് എക്സ്പ്രസിൽ റായ്പൂരിലേക്ക് പോകാനാണ് അദ്ദേഹം ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും, സമയം ലാഭിക്കാൻ വേണ്ടിയാണ് MEMU ട്രെയിനിൽ കയറിയത്.
ഫോൺ ഉപയോഗിക്കുന്നതിനിടെ നടുക്കുന്ന രീതിയിൽ ഉള്ള ഒരുകുലുക്കം അനുഭവപ്പെട്ടതായി ശർമ്മ പറഞ്ഞു. "അടുത്ത നിമിഷം ഞാൻ തറയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. എന്റെ ഫോൺ ദൂരേക്ക് തെറിച്ചുപോയി," അദ്ദേഹം പറഞ്ഞു. പുറത്തേക്ക് നോക്കിയപ്പോൾ ട്രെയിനിലെ ആദ്യ കോച്ച് ഗുഡ്‌സ് ട്രെയിൻ വാഗണുകൾക്ക് മുകളിൽ കയറിക്കിടക്കുന്ന കാഴ്ചയാണ് കണ്ടത്.
"എന്റെ വലത് കാൽ കുടുങ്ങി, ചലിപ്പിക്കാൻ കഴിഞ്ഞില്ല. റെയിൽവേ ജീവനക്കാർ എന്നെ വലിച്ചെടുത്ത് ചികിത്സയ്ക്കായി ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചു. ഇതെല്ലാം സംഭവിച്ചത് നിമിഷങ്ങൾക്കുള്ളിലാണ്," ശർമ്മ പറഞ്ഞു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.