കോട്ടയം;മദ്യത്തിന്റെയും മാരക ലഹരിവസ്തുക്കളുടെയും ഹബ്ബായി മാറിയിരിക്കുന്ന കേരളത്തില്‍ ഇനിയും മദ്യോല്പാദനം കൂട്ടണമെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം അപക്വവും ധാര്‍ഷ്ട്യം നിറഞ്ഞതുമാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി.
വരുമാനം ഉണ്ടാക്കാനും, തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും സാമ്പത്തിക വളര്‍ച്ചക്കുമുതകുന്ന നയരൂപീകരണമാണ് മന്ത്രി ലക്ഷ്യമിടുന്നതെങ്കില്‍ മദ്യത്തിന്റെ ദുരന്തവും ദുരിതവുമനുഭവിക്കുന്നവരുടെ അഭിപ്രായ സ്വരൂപണവുംകൂടി താങ്കള്‍ നടത്തണം. ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് വരുന്നത് കേരളമദ്യം കഴിക്കാനല്ല, പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ആചാരാനുഷ്ഠാനങ്ങള്‍ പഠിക്കാനുമാണ്.
പാലക്കാട്ടെ ബ്രൂവറി സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണ്. പഞ്ചായത്തിന്റെ അധികാരത്തെയും പൊതുജനത്തിന്റെ താല്പര്യത്തെയും മറികടന്ന് ഈ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല.മദ്യനയത്തില്‍ ഒരു ഘട്ടത്തിലും പൊതുജനത്തോട് കൂറു പുലര്‍ത്താത്ത ഒരു സര്‍ക്കാരാണ് ഇടതു സര്‍ക്കാര്‍. ആസന്നമായ തെരഞ്ഞെടുപ്പുകളെ ഭയമില്ല സര്‍ക്കാരിന്. തെരഞ്ഞെടുപ്പിന് മുമ്പ് മദ്യനിരോധനം പറയുകയും കഴിയുമ്പോള്‍ വര്‍ജ്ജനം പറയുകയും കടകവിരുദ്ധമായ സമീപനം സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍.
മദ്യനയം സംബന്ധിച്ച പ്രകടന പത്രിക ഇടതുമുന്നണി ഇനി പ്രസിദ്ധീകരിക്കരുത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നല്കിയതൊക്കെ വ്യാജമായിരുന്നെന്ന് മന്ത്രി എം.ബി. രാജേഷ് പുതിയ നയങ്ങളിലൂടെ വിളിച്ച് പറയുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം മദ്യശാലകളും മാരക ലഹരിവസ്തുക്കളും ഉണ്ടായ കാലമില്ല.
യുവതലമുറ കത്തിയെടുത്ത് മറ്റുള്ളവരെ ആക്രമിക്കുന്നതും സ്വയം ദേഹമാകെ വരഞ്ഞും, കുത്തിയും മുറിവേല്‍പ്പിക്കുന്നതും പൊതുനിരത്തില്‍ സര്‍വ്വസാധാരണമായിരിക്കുകയാണ്. ജാഗ്രത പുലര്‍ത്തേണ്ട ഭരണ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭക്ഷ്യകിറ്റ് നല്കാന് പോലീസിനെ ഉപയോഗിച്ച് വാഹനങ്ങളെ പിഴിയാന്‍ പൊതുനിരത്തിലിറക്കി വിട്ടിരിക്കുകയാണ്. കുടുംബകോടതികളിലെ പതിനായിരക്കണക്കിന് വിവാഹ മോചന കേസുകളും പൊതുനിരത്തിലെ വാഹനാപകടങ്ങളും ജയില്‍വാസങ്ങളും മാനസിക രോഗങ്ങളും മദ്യ-മാരക ലഹരിമരുന്നുകളുടെ ഉല്പന്നങ്ങളാണ്.
ഗാര്‍ഹിക പീഢനങ്ങള്‍ പെരുകുന്നുവെന്നും മുഖ്യമായും ലഹരിവസ്തുക്കളുടെ പ്രേരണയിലാണിതെന്നുമുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ ഭീതിപ്പെടുത്തുന്നതാണ്. ഈ കാലഘട്ടത്തിലാണ് മദ്യം ഹോം ഡെലിവറി ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്നുള്ള കാര്യം അത്ഭുതമുളവാക്കുന്നു. 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണമെന്ന ചിന്ത' സര്‍ക്കാരും അബ്കാരികളും വെടിയണമെന്നും സമിതി സംസ്ഥാന കമ്മറ്റിക്കുവേണ്ടി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.