ഭോപ്പാൽ: ചിന്ദ്വാരയിൽ കഫ് സിറപ്പ് കുറിച്ച് കൊടുത്ത ഡോക്‌ടർ പ്രവീൺ സോണിയെ അറസ്റ്റ് ചെയ്‌തു. കഫ് സിറപ്പ് കഴിച്ചതിന് പിന്നാലെ ഇതു വരെ 11 കുട്ടികൾ മരിച്ച സംഭവത്തിലാണ് ശിശുരോഗ വിദഗ്‌ധനായ ഡോ. പ്രവീൺ സോണിയെ അറസ്റ്റ് ചെയ്‌തത്.
സർക്കാർ ഡോക്‌ടറായിരുന്നിട്ടും സ്വകാര്യ ക്ലിനിക്കിൽ കുട്ടികളെ ചികിത്സിച്ചിരുന്ന ഡോ. പ്രവീൺ സോണിയക്കെതിരെ പരേഷ്യ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ശനിയാഴ്‌ച വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്‌തു.സിറപ്പ് നിർമിച്ച തമിഴ്‌നാട് കാഞ്ചീപുരത്തെ കമ്പനിക്ക് എതിരെ മധ്യപ്രദേശ് സർക്കാർ കേസെടുത്തതായി എസ് പി അജയ് പാണ്ഡെ പറഞ്ഞു. "പരേഷ്യയിൽ കഫ് സിറപ്പ് കഴിച്ച് പത്തിലധികം കുട്ടികൾ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിച്ചു.
കമ്പനിയുടെ മറ്റ് ഉത്‌പന്നങ്ങളുടെ വിൽപനയും സർക്കാർ നിരോധിച്ചു" എന്ന് അജയ് പാണ്ഡെ വ്യക്തമാക്കി.കപാസ് സിറപ്പ് നിർമാണ കമ്പനിക്കെതിരെയും ഡോ. പ്രവീൺ സോണിക്കെതിരെയും പരേഷ്യയ പൊലീസ് സ്റ്റേഷനിൽ മൂന്ന് വ്യത്യസ്‌ത കേസുകളാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ബിഎൻഎസ് (ഭാരതീയ ന്യായ സംഹിത) 276, 105 വകുപ്പുകൾ, 1940 ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്‌ട് സെക്ഷൻ 27 എ എന്നിവ പ്രകാരമാണ് ഡോ. പ്രവീണിനെതിരെ കേസ് ഫയൽ ചെയ്‌തത്.രോഗബാധിതരായ മിക്ക കുട്ടികൾക്കും ഡോക്‌ടർ സോണി കോൾഡ്രിഫ് കഫ് സിറപ്പ് നിർദേശിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ചെന്നൈയിലെ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയിലെ ഗവൺമെൻ്റ് ഡ്രഗ് അനലിസ്റ്റ് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. വെള്ളിയാഴ്‌ച പുറത്തിറങ്ങിയ ലബോറട്ടറി റിപ്പോർട്ടിൽ സിറപ്പിൽ 48.6 ശതമാനം ഡൈഎത്തിലീൻ ഗ്ലൈക്കോൾ (DEG) അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
ഇത് വൃക്ക തകരാറാകുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്ന ഒരു വിഷ രാസവസ്‌തുവാണ്. മായം കലർന്നതിനാൽ മരുന്ന് മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കോൾഡ്രിഫ് സിറപ്പിൻ്റെ വിൽപന, വിതരണം എന്നിവ ഉടൻ നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു.
ചിന്ദ്വാര കഫ് സിറപ്പ് സംഭവത്തില്‍ മധ്യപ്രദേശ് സർക്കാർ നടപടിയെടുക്കുന്നു. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് പ്രഖ്യാപിച്ചു. രോഗബാധിതരായ കുട്ടികളുടെ ചികിത്സ ചെലവുകൾ സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.