പത്തനംതിട്ട ;ശബരിമല സന്നിധാനത്ത് ധർമശാസ്താവിനെ ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. പതിനൊന്നരയോടെ പമ്പയിലെത്തിയ രാഷ്ട്രപതിയും സംഘവും അവിടെനിന്നു കെട്ടു നിറച്ചാണ് മല കയറിയത്.
പ്രത്യേക വാഹനത്തിലായിരുന്നു മലകയറ്റം. 15 മിനിറ്റ് കൊണ്ട‌് സന്നിധാനത്തെത്തിയ രാഷ്ട്രപതി 11.45 ന് പതിനെട്ടാംപടി കയറി. കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. രാഷ്ട്രപതിക്കൊപ്പം എഡിസി സൗരഭ് എസ്.നായർ, പിഎസ്ഒ വിനയ് മാത്തൂർ, രാഷ്ട്രപതിയുടെ മരുമകൻ ഗണേഷ് ചന്ദ്ര ഹോംബ്രാം എന്നിവരും ഇരുമുടിക്കെട്ടേന്തി പടിചവിട്ടി. ദോവസ്വം മന്ത്രി വി.എൻ. വാസവൻ രാഷ്ട്രപതിയെ സ്വീകരിക്കാൻ സന്നിധാനത്തുണ്ടായിരുന്നു.ദർശനത്തിനു ശേഷം ദേവസ്വം ഗെസ്റ്റ് ഹൗസിലാണു ഭക്ഷണവും വിശ്രമവും. മൂന്നു മണി വരെ അവിടെ ഉണ്ടാകും. രാഷ്ട്രപതിക്ക് ദേവസ്വം ബോർഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയിൽ കൊത്തിയെടുത്ത അയ്യപ്പ രൂപം സമ്മാനിക്കും.നേരത്തേ, തിരുവനന്തപുരത്തുനിന്ന് രാഷ്ട്രപതിയുമായെത്തിയ ഹെലികോപ്റ്റർ കാലാവസ്ഥ പ്രതികൂലമായതിനാൽ നിലയ്ക്കലിൽ ഇറങ്ങാതെ പത്തനംതിട്ടയിലെ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇറങ്ങിയത്. 9.05-ന് പ്രമാടത്ത് ഇറങ്ങി റോഡ് മാർഗം പമ്പയിലേക്കു പോകുകയായിരുന്നു.പമ്പയിൽ പമ്പ ഗണപതി ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തിലാണ് രാഷ്ട്രപതിക്കും സംഘത്തിനും കെട്ടുനിറച്ചു നൽകിയത്.സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തിരുമുറ്റം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, രാഷ്ട്രപതി താമസിക്കുന്ന ദേവസ്വം ഗെസ്റ്റ്ഹൗസ് എന്നിവ പ്രത്യേക സുരക്ഷാ സംഘത്തിന്റെ നിയന്ത്രണത്തിലാണ്. മലകയറും മുൻപ് രാഷ്ട്രപതിക്ക് പമ്പാ സ്നാനം നടത്താൻ ത്രിവേണിയിൽ ജലസേചന വകുപ്പ് താൽക്കാലിക സ്നാനഘട്ടം ഒരുക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.