പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ വജ്രവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് കൈമാറുന്നതിൽ നിയമപരമായി "തടസ്സങ്ങളില്ല" എന്ന് ബെൽജിയൻ കോടതിയുടെ സുപ്രധാന വിധി. ചോക്സിയുടെ പ്രത്യർപ്പണ (Extradition) നടപടികൾക്ക് നിയമപരമായ വിലക്കുകളില്ലെന്ന് കോടതി വ്യക്തമാക്കി.
ഏകദേശം 13,500 കോടി രൂപയുടെ പിഎൻബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്, ഒക്ടോബർ 17-ന് ആൻ്റ്‌വെർപ്പിലെ ബെൽജിയൻ കോടതിയാണ് ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി നൽകിയത്. ഏപ്രിലിൽ ബെൽജിയൻ അധികൃതർ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിൻ്റെ നിയമസാധുത കോടതി ശരിവച്ചു. ഒളിവിലായിരുന്ന വജ്രവ്യാപാരിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇത് നിർണ്ണായകമായ മുന്നേറ്റമാണ് നൽകുന്നത്.
ബെൽജിയൻ നിയമത്തിൽ കുറ്റകരം, പൗരത്വമില്ല
ചോക്സി ബെൽജിയൻ പൗരനല്ലെന്നും ഒരു വിദേശ പൗരനാണ് എന്നും കോടതി നിരീക്ഷിച്ചു. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ പ്രത്യർപ്പണത്തിന് ന്യായീകരണമാക്കാൻ കഴിയുന്നത്ര ഗൗരവമുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യ ഉന്നയിച്ച വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അഴിമതി തുടങ്ങിയ കുറ്റകൃത്യങ്ങൾ ബെൽജിയൻ നിയമപ്രകാരവും കുറ്റകരമാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ 120B, 409, 420, 477A എന്നിവ പ്രകാരവും അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണ് ഇന്ത്യയിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ വകുപ്പുകൾ പ്രകാരം ഒരു വർഷത്തിൽ അധികം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.
ക്രിമിനൽ ഗൂഡാലോചന , വഞ്ചന, അഴിമതി, വ്യാജരേഖകളുടെ ഉപയോഗം എന്നിവയെല്ലാം ബെൽജിയൻ ക്രിമിനൽ കോഡിലെ വിവിധ ആർട്ടിക്കിളുകൾ പ്രകാരം ഗൗരവമായ കുറ്റകൃത്യങ്ങളായി കണക്കാക്കുന്നവയാണ്. എന്നിരുന്നാലും, ഇന്ത്യ ചുമത്തിയ ഒരു കുറ്റം – തെളിവ് നശിപ്പിക്കൽ (IPC സെക്ഷൻ 201) – ബെൽജിയൻ നിയമപ്രകാരം കുറ്റകരമായി കണക്കാക്കുന്നില്ലെന്നും, അതിനാൽ ആ പ്രത്യേക കുറ്റത്തിന്മേൽ കൈമാറ്റം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തത നൽകി. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ നടന്നത് 2016 ഡിസംബർ 31-നും 2019 ജനുവരി 1-നും ഇടയിലാണെന്നും, ഇന്ത്യയിലോ ബെൽജിയത്തിലോ ഈ കുറ്റങ്ങളുടെ കാലഹരണ കാലാവധി (Statute of limitations) കഴിഞ്ഞിട്ടില്ലെന്നും വിധിയിൽ പറയുന്നു.
ചോക്സിയുടെ വാദങ്ങൾ തള്ളി: മതിയായ തെളിവുകളില്ല
തന്നെ ആൻ്റിഗ്വയിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്നും, ഇന്ത്യയിൽ രാഷ്ട്രീയപരമായ പീഡനവും മനുഷ്യത്വരഹിതമായ പെരുമാറ്റവും നേരിടേണ്ടി വരുമെന്നും ചോക്സി കോടതിയിൽ വാദിച്ചു. എന്നാൽ, ഈ വാദങ്ങളെ പിന്തുണയ്ക്കുന്ന കൃത്യമായ തെളിവുകളൊന്നും കണ്ടെത്താൻ കോടതിക്ക് സാധിച്ചില്ല.
ചോക്സിയെ മുംബൈയിലെ ആർതർ റോഡ് ജയിലിലെ 12-ാം നമ്പർ ബാരക്കിൽ പാർപ്പിക്കുമെന്നും, ഇതിൽ 46 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മുറിയും സ്വകാര്യ ശുചിമുറിയും ഉണ്ടെന്നും ഇന്ത്യൻ സർക്കാർ കോടതിയെ അറിയിച്ച വിവരങ്ങളിൽ പറയുന്നു. വൈദ്യസഹായത്തിനോ കോടതി നടപടികൾക്കോ അല്ലാതെ ജയിലിന് പുറത്തേക്ക് കൊണ്ടുപോകില്ലെന്നും ഇന്ത്യ ഉറപ്പ് നൽകിയിട്ടുണ്ട്.
തൻ്റെ പ്രതിരോധത്തിനായി ചോക്സി വിദഗ്ദ്ധ റിപ്പോർട്ടുകളും അന്താരാഷ്ട്ര രേഖകളും ഹാജരാക്കിയെങ്കിലും, ഇവയൊന്നും കേസിന് നേരിട്ട് പ്രസക്തമല്ലെന്നും, അദ്ദേഹത്തിന് യഥാർത്ഥ വ്യക്തിപരമായ അപകടസാധ്യതയുണ്ട് എന്ന് സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയ്ക്ക് സ്വാതന്ത്ര്യമില്ല എന്ന ചോക്സിയുടെ വാദവും, മാധ്യമ ശ്രദ്ധ കാരണം ന്യായമായ വിചാരണ ലഭിക്കില്ല എന്ന ആശങ്കയും അടിസ്ഥാനരഹിതമാണെന്ന് കോടതി തള്ളി. ഒരു വലിയ സാമ്പത്തിക തട്ടിപ്പ് കേസിൽ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും താൽപ്പര്യമുണ്ടാകുന്നത് സ്വാഭാവികമാണെന്നും, അത് ചോക്സിയുടെ ന്യായമായ വിചാരണയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.