ലണ്ടൻ: മദ്യപിച്ച് ലക്കുകെട്ട് വിമാനത്തില്‍ പ്രശ്നമുണ്ടാക്കിയ യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി. ലണ്ടനിലെ ലൂട്ടൺ വിമാനത്താവളത്തിൽ നിന്ന് അലികാന്‍റയിലേക്ക് പുറപ്പെട്ട റയാൻഎയർ വിമാനത്തിലാണ് സംഭവം ഉണ്ടായത്. മദ്യപിച്ച് ലക്കുകെട്ട ബ്രിട്ടീഷ് യാത്രക്കാരെയാണ് വിമാനത്തില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കിയത്.
ഫ്രാൻസിലെ ടൗളൂസിൽ അടിയന്തരമായി വിമാനം ഇറക്കിയാണ് യാത്രക്കാരെ പുറത്തിറക്കിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഫ്രഞ്ച് പൊലീസ് വിമാനത്തിൽ കയറി അഞ്ച് പേരെ പുറത്താക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
പുറത്താക്കപ്പെട്ടവരിൽ ഒരാളായ, ഡാനിയൽ ആഷ്‌ലി-ലോസിനെ (ഓൺലൈനിൽ ഡാൻ റിസ് എന്നും അറിയപ്പെടുന്നു) ചെവിക്ക് പിടിച്ച് വലിച്ചിഴച്ച് ഇടനാഴിയിലൂടെ കൊണ്ടുപോകുന്നതും മറ്റ് യാത്രക്കാർ കൈയ്യടിക്കുകയും "ചിയറിയോ" എന്ന് പാടുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. 'ന്യൂയോർക്ക് പോസ്റ്റ്' ആണ് ഇത് റിപ്പോർട്ട് ചെയ്തത്.
റിപ്പോർട്ടുകൾ പ്രകാരം, ആഷ്‌ലി-ലോസ് എമർജൻസി എക്സിറ്റിന് അടുത്താണ് ഇരുന്നിരുന്നത്. പറക്കുന്നതിനിടെ ഇയാൾ വാതിൽ തുറക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. ഒരു ബാച്ചിലർ പാർട്ടിക്കായി ബെനിഡോമിലേക്ക് പോയ സംഘത്തിലെ അംഗമായിരുന്നു ഇയാൾ. വിമാനത്തിൽ കയറുന്നതിന് മുമ്പ് ഡ്യൂട്ടി ഫ്രീയിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ചതായും റിപ്പോർട്ടുണ്ട്.
സംഘത്തിലെ രണ്ട് പേർ എതിർപ്പില്ലാതെ വിമാനത്തിൽ നിന്ന് ഇറങ്ങിപ്പോയെങ്കിലും, ആഷ്‌ലി-ലോസ് വഴങ്ങാൻ തയ്യാറായില്ല. തുടർന്ന് ഇയാൾ ഉച്ചത്തിൽ ബഹളം വെയ്ക്കുകയും അറസ്റ്റിനെ എതിർക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ പൊലീസ് ബലം പ്രയോഗിച്ച് ഇയാളെ നീക്കം ചെയ്യുകയായിരുന്നു. പൊലീസുകാരോട് തട്ടിക്കയറിയതിനെ തുടർന്ന് ഇയാളുടെ മകനെയും വിമാനത്തിൽ നിന്ന് പുറത്താക്കി.
അഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായി ഫ്രഞ്ച് അധികൃതർ സ്ഥിരീകരിച്ചു. ആഷ്‌ലി-ലോസ് അമിതമായി മദ്യപിച്ചിരുന്നതിനാൽ ചോദ്യം ചെയ്യാൻ മണിക്കൂറുകളെടുത്തു എന്നും പൊലീസ് അറിയിച്ചു. അറസ്റ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടയിലും, പിന്നീട് പുറത്തുവന്ന ചിത്രങ്ങളിൽ ഇയാൾ സുഹൃത്തുക്കളോടൊപ്പം ബെനിഡോമിൽ ചിരിച്ചുകൊണ്ട് തമാശ പറയുന്നതായി കണ്ടു. ഈ യാത്രക്കാരെ നീക്കം ചെയ്ത ശേഷം, രാത്രി 10:15 ഓടെ വിമാനം അലികാന്‍റയിലേക്ക് യാത്ര തുടർന്നു. പിന്നീട് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.
നിരവധി യാത്രക്കാർ വിമാനത്തിൽ അസ്വസ്ഥതയുണ്ടാക്കിയതിനെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് റയാൻഎയർ സ്ഥിരീകരിച്ചു. സ്വീകാര്യമല്ലാത്ത യാത്രക്കാരുടെ പെരുമാറ്റം റയാൻഎയര്‍ വെച്ചുപൊറുപ്പിക്കില്ല. എല്ലാ യാത്രക്കാർക്കും ജീവനക്കാർക്കും തടസ്സമില്ലാത്തതും സന്തോഷകരവുമായ യാത്ര ഉറപ്പാക്കാൻ കർശനമായ നടപടികൾ തുടരും- വിമാനക്കമ്പനി പ്രസ്താവനയിൽ അറിയിച്ചു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.