എറണാകുളം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാരിന്‍റെ നിലപാടിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമർശനം. “ഭരണഘടന വായിച്ചിട്ട് വരൂ”വെന്ന പരിഹാസവും ഹൈക്കോടതിയില്‍ നിന്നുണ്ടായി.
കേന്ദ്ര സർക്കാരിന്‍റെ സത്യവാങ്മൂലത്തിൽ, ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും പൊതുമേഖലാ ബാങ്കുകൾ സ്വതന്ത്ര സ്ഥാപനങ്ങളായതിനാൽ തീരുമാനമെടുക്കേണ്ടത് ബാങ്കുകളുടെ ഡയറക്ടർ ബോർഡാണ് എന്നും വ്യക്തമാക്കിയിരുന്നു. ധനകാര്യ മന്ത്രാലയം നയനിർദ്ദേശങ്ങൾ മാത്രമേ നൽകുകയുള്ളൂ, ബാങ്കുകളുടെ ആഭ്യന്തര കാര്യങ്ങളിൽ കേന്ദ്രം ഇടപെടരുത് എന്നതാണ് 2015ലെ സർക്കാരിന്‍റെ നിലപാടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഈ നിലപാടിനെയാണ് ഹൈക്കോടതി കടുത്ത ഭാഷയിൽ വിമർശിച്ചത്.“കേന്ദ്ര നിലപാട് അസ്വസ്ഥപ്പെടുത്തുന്നതാണ്. ഉദ്യോഗസ്ഥർ ഭരണഘടന വായിച്ചിട്ടുണ്ടോയെന്നും ആരെയാണ് വിഡ്ഢികളാക്കാൻ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. “ഭരണഘടനയിൽ വ്യവസ്ഥയുണ്ടെന്നത് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വായ്പ എഴുതിത്തള്ളാൻ മനസുണ്ടോയെന്നതാണ് യഥാർഥ ചോദ്യം. ഗുജറാത്തിനും രാജസ്ഥാനിനും സഹായം നൽകാൻ കഴിഞ്ഞപ്പോൾ വയനാടിനോട് എന്തുകൊണ്ട് കാരുണ്യം കാണിക്കുന്നില്ലെന്ന് ജനങ്ങളോട് തുറന്ന് പറയണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇതിനുശേഷം ബാങ്കുകളുടെ വായ്പ ഈടാക്കൽ നടപടികൾ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു, ദുരിതബാധിതർക്കെതിരായ വായ്പ വീണ്ടെടുപ്പ് നടപടികൾക്ക് വിലക്കേർപ്പെടുത്തി. ബാങ്കുകളെ കേസിൽ കക്ഷികളായി ചേർക്കാനും വായ്പ എഴുതിത്തള്ളൽ സംബന്ധിച്ച തങ്ങളുടെ നിലപാട് കോടതിയെ അറിയിക്കാനും ഹൈക്കോടതി നിർദേശിച്ചു.
കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞതുപോലെ ദുരന്തനിവാരണ നിയമപ്രകാരം വായ്പ എഴുതിത്തള്ളാൻ നേരിട്ട് നിർദ്ദേശം നൽകാൻ കേന്ദ്രത്തിന് അധികാരമില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഹൈക്കോടതി ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, “അധികാരമില്ലെന്ന് പറയുന്നത് ശരിയല്ല, മനസില്ലാത്തതാണ് പ്രശ്നം” എന്നാണ് കോടതി വ്യക്തമാക്കിയത്.
കേരളത്തിൻ്റെ ഉള്ളുലഞ്ഞ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിൻ്റെ പുനർ നിർമാണത്തിനായി 260.56 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതു വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
മുണ്ടക്കൈ ചൂരൽമല ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദേശീയ ദുരന്തമായി വിജ്ഞാപനം ചെയ്യണമെന്നും വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ നേതൃതത്തിൽ യുഡിഎഫ് എംപിമാർ അമിത് ഷായെ നേരിൽ കണ്ടും ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാൽ, കാര്യമായ നടപടികളുണ്ടായില്ല. പ്രധാനമന്ത്രി നേരിൽ കണ്ട് ബോധ്യപ്പെട്ടിട്ടും വയനാട് ദുരന്ത ബാധിതരെ അവഗണിക്കുകയാണെന്ന വിമർശനം കേരള സർക്കാറും പ്രതിപക്ഷവും ആവർത്തിക്കുമ്പോഴാണ് ധനസഹായം ചെറിയ തോതിലെങ്കിലും എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.