ഇസ്ലാമാബാദ്: വനിതാ വിഭാഗം രൂപീകരിക്കുന്നതായി പ്രഖ്യാപിച്ച് പാകിസ്താന് ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് (ജെഇഎം).
ഓപ്പറേഷന് സിന്ദൂറില്‍ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ ഇന്ത്യയിലുള്‍പ്പെടെ ജെയ്ഷെയുടെ സ്വാധീനം പുനരുജ്ജീവിപ്പിക്കാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തല്‍. മസൂദ് അസർ നേതൃത്വം നല്കുന്ന ഈ ഭീകരസംഘത്തില്‍ ആദ്യമായാണ് വനിതകളെ ഉള്‍പ്പെടുത്തുന്നത്.സായുധ ദൗത്യങ്ങളില്‍നിന്നും പോരാട്ടങ്ങളില്‍നിന്നും സ്ത്രീകളെ പരമ്പരാഗതമായി വിലക്കിയിരുന്ന സംഘടനയാണ് ജെയ്ഷെ. ബുധനാഴ്ചയാണ് അവര്‍ തങ്ങളുടെ തന്ത്രങ്ങളില്‍ മാറ്റം വരുത്തി 'ജമാഅത്തുൽ മുഅ്മിനാത്ത്' എന്ന വനിതാവിഭാഗം രൂപീകരിച്ചത്. ഇതിലേക്കുള്ള റിക്രൂട്ട്മെന്റ് ബഹാവല്‍പൂരിലെ മര്‍കസിൽ ആരംഭിച്ചതായാണ് വിവരം.
ഐക്യരാഷ്ട്ര സഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസറിന്റെ സഹോദരി സാദിയ അസറായിരിക്കും ഈ വിഭാഗത്തെ നയിക്കുകയെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യന്‍ സേന മര്‍കസ് സുബ്ഹാനല്ലയിലെ ജെഇഎം ആസ്ഥാനത്ത് ആക്രമണം നടത്തിയപ്പോഴാണ് ഇവരുടെ ഭര്‍ത്താവ് യൂസഫ് അസര്‍ കൊല്ലപ്പെട്ടത്. ബഹാവല്‍പൂര്‍, കറാച്ചി, മുസാഫറാബാദ്, കോട്ലി, ഹരിപൂര്‍, മന്‍സെഹ്റ എന്നിവിടങ്ങളിലെ തങ്ങളുടെ കേന്ദ്രങ്ങളില്‍ പഠിക്കുന്ന, കമാന്‍ഡര്‍മാരുടെ ഭാര്യമാരെയും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സ്ത്രീകളെയും സംഘടന റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ട്.
ഐഎസ്ഐഎസ്, ബൊക്കോ ഹറാം, ഹമാസ്, എല്‍ടിടിഇ തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് വനിതകളെ ചാവേറുകളായി ഉപയോഗിച്ച ചരിത്രമുണ്ടെങ്കിലും, ജെഇഎം, ലഷ്കറെ തൊയ്ബ (എല്‍ഇടി) പോലുള്ള സംഘടനകള്‍ ഇതുവരെ ആ വഴി പിന്തുടർന്നിരുന്നില്ല. ഭാവിയിലെ ഭീകരാക്രമണങ്ങളില്‍ വനിതാ ചാവേറുകളെ ഉപയോഗിക്കാന്‍ ജെഇഎം ലക്ഷ്യമിടുന്നതായി കരുതുന്നുവെന്ന് അനുമാനിക്കണം. സ്ത്രീകളെ ഭീകര സംഘടനയുടെ പ്രവര്‍ത്തന ചട്ടക്കൂടിലേക്ക് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് മസൂദ് അസറും സഹോദരന് തല്‍ഹ അല്‍ സെയ്ഫും അംഗീകാരം നല്‍കിയെന്നും ഇതാണ് പ്രത്യേക വനിതാ ബ്രിഗേഡ് സ്ഥാപിക്കുന്നതിലേക്ക് നയിച്ചതും.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രചരിക്കാനാണ് സാധ്യത. 2001-ലെ പാര്‍ലമെന്റ് ആക്രമണവും 2019-ലെ പുല്‍വാമ ചാവേറാക്രമണവും ഉള്‍പ്പെടെ ഇന്ത്യയിൽ നടന്ന ആക്രമണങ്ങളില്‍ ജെഇഎമ്മിന് പങ്കുണ്ട്. ഓപ്പറേഷന് സിന്ദൂറിനിടെ, പാകിസ്താന്റെ തെക്കന്‍ പഞ്ചാബ് പ്രവിശ്യയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ബഹാവല്‍പൂരിലെ ജെഇഎം ആസ്ഥാനം ഇന്ത്യന്‍ സേന ലക്ഷ്യമിട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഓപ്പറേഷന് സിന്ദൂറില്‍ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടതായി മസൂദ് അസർ നേരത്തെ വ്യക്തമാക്കിയിരുന്നു. 1994-ല്‍ ഇന്ത്യയില്‍ അറസ്റ്റിലാവുകയും എയര്‍ ഇന്ത്യ ഐസി 814 വിമാനം റാഞ്ചിയതിനെ തുടര്‍ന്ന് മോചിപ്പിക്കപ്പെടുകയും ചെയ്ത അസറിന്റേതായി പുറത്തുവന്ന ഒരു പ്രസ്താവനയില്‍, ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തന്റെ മൂത്ത സഹോദരി, അവരുടെ ഭര്‍ത്താവ്, ഒരു സഹോദരപുത്രനും ഭാര്യയും, ഒരു സഹോദരപുത്രി, കൂടാതെ കുടുംബത്തിലെ അഞ്ച് കുട്ടികളുമാണെന്ന് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.