കാഠ്മണ്ഡു: നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിലേക്ക് കേരളത്തിൽ നിന്ന് ആയുധശേഖരണത്തിനാഹ്വാനം നടന്നതായി റിപ്പോർട്ട്.
സാമൂഹിക മാധ്യമമായ ഡിസ്കോർഡിൽ കൂടി ആയുധശേഖരണത്തിനാഹ്വാനം ചെയ്യുന്നതിന്റേയും ഇതിനാവശ്യമായ സഹായങ്ങൾ സാമൂഹിക മാധ്യമത്തിൽ കൂടി വാഗ്ദാനം ചെയ്യുന്നതിന്റേയും ചാറ്റുകൾ പുറത്ത്.ഓൺലൈൻ ഗെയിമർമാർക്കിടയിൽ വ്യാപക പ്രചാരത്തിലുള്ള ഡിസ്കോർഡ് പ്ലാറ്റ് ഫോം ആണ് പ്രതിഷേധക്കാർ പ്രധാനമായും പ്രക്ഷോഭ ചർച്ചകൾക്ക് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്. യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോം ആണ് ഡിസ്കോർഡ്. പ്രതിഷേധം ഏകോപിപ്പിക്കുന്നതിനായി ഡിസ്കോർഡിൽ പ്രത്യേക ചാനലുകൾ തന്നെ രൂപപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.അഴിമതിക്കെതിരേ യുവത, യുവ ഹബ് തുടങ്ങിയ രണ്ട് ഡിസ്കോർഡ് സെർവറുകളായിരുന്നു പ്രധാനമായും പ്രക്ഷോഭത്തിന് ചൂട്ടുപിടിച്ചത്. പ്രക്ഷോഭ സ്ഥലം, സമയം, തന്ത്രം ഇവ കൃത്യമായി ആസൂത്രണം ചെയ്യാൻ ഇതിലൂടെ സാധിച്ചിരുന്നു. സുശീല കർക്കിയെ പ്രധാനമന്ത്രി സ്ഥാനത്തേക്കുയർത്തിക്കാട്ടിയതിൽ പ്രധാനിയും ഇതേ പ്ലാറ്റ്ഫോമിലെ ജെൻ സി കൂട്ടമായിരുന്നുവെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആയ ഡിസ്കോർഡിലെ ചാറ്റ് വിവരങ്ങളാണ് കാഠ്മണ്ഡു പോസ്റ്റ് പുറത്തുവിട്ടത്. ആയുധശേഖരണത്തിനായുള്ള ആഹ്വാനങ്ങളും ചർച്ചകളും അതിന് തയ്യാറായുള്ള മറുസന്ദേശങ്ങളുമാണ് ചാറ്റിൽ. പ്രതിഷേധം അവസാനിപ്പിക്കാതെ നീണ്ടു നിൽക്കണമെന്ന തരത്തിലാണ് സന്ദേശങ്ങൾ. ഗ്രീനിഷ് (Greenishhhhhh) എന്ന പേരിലുള്ള ഡിസ്കോർഡ് അക്കൗണ്ടിൽ നിന്നുള്ള ചാറ്റുകളാണ് കാഠ്മണ്ഡു പോസ്റ്റിൽ പറയുന്നത്. സെപ്റ്റംബർ 8- രാത്രി 11.49ന് ഇയാൾ തന്റെ ഡിസ്കോർഡ് അക്കൗണ്ടിൽ 'തോക്കുകൾ വേണം' എന്ന് കുറിച്ചു.
രണ്ടുമിനിറ്റിന് ശേഷം ഇതേ ഉപയോക്താവ് തന്നെ, ഇന്ത്യയിൽ നിന്ന് തോക്കുകൾ ഇറക്കുമതി ചെയ്യാൻ തനിക്ക് സാധിക്കുമെന്ന് അവകാശപ്പെട്ടു. രാത്രി 11.51ന് - ഇന്ത്യയിൽ നിന്ന് താൻ ഇറക്കുമതി ചെയ്യാം എന്നും 50 ഓളം ഗ്രനേഡുകൾ വന്നേക്കുമെന്നും വീണ്ടും ഇയാൾ കുറിച്ചു. രാത്രി 11.56ന് വീണ്ടും ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. കേരളത്തിൽ എനിക്കൊരു ഡീലറെ അറിയാം. ഞാൻ ആവശ്യപ്പെട്ടാൽ അയാൾക്ക് കൊണ്ടു വരാൻ സാധിക്കും. ഇങ്ങനെ നീളുന്നു. ചിലർ അച്ചടക്കം പാലിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാൽ നേതൃപരമായ ഒരു ശൂന്യത, ജെൻസികളെ പിടിച്ചുകെട്ടുന്നതിന് വെല്ലുവിളിയാകുകയും സംഘർഷത്തിലേക്ക് ആക്കം കൂട്ടുകയും ചെയ്തു.
ഇതേ സമയം തന്നെ ഡിസ്കോർഡിൽ വ്യാപകമായ വ്യജപ്രചാരണങ്ങളും നടന്നു കൊണ്ടിരുന്നു. ഗ്ലോബൽ കോളേജ് ഹോസ്റ്റലിൽ ബലാത്സംഗം നടന്നുവെന്ന് ടോണി എന്ന ഉപയോക്താവ് വ്യാജമായി പ്രചരിപ്പിച്ചു. ഇത് സംഘർഷത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. വ്യാജ വാർത്ത വളരെ വേഗത്തിൽ പടർന്നു. എന്നാൽ പിന്നീട് ഇത് തെറ്റാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2025 സെപ്റ്റംബർ 8 തിങ്കളാഴ്ചയാണ് ആയിരക്കണക്കിന് യുവജനങ്ങൾ കാഠ്മണ്ഡുവിലെ തെരുവുകളിലിറങ്ങിയത്. ഒപ്പം പൊഖ്റ, ബട്വാൾ, ബൈരഹവ, ഭരത്പുർ തുടങ്ങിയ പ്രധാന നഗരങ്ങളിലും പ്രതിഷേധം നടന്നു. അവർ പാർലമെന്റ് കെട്ടിടത്തിന് ചുറ്റും ഒത്തുകൂടി.
പ്രതിഷേധക്കാർ ദേശീയ പതാകകൾ വീശി, ദേശീയഗാനം ആലപിച്ചു, അഴിമതിക്കും സെൻസർഷിപ്പിനുമെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്തതോടെ പ്രകടനങ്ങൾ അക്രമാസക്തമായി.നേപ്പാൾ ഗവൺമെന്റിൽ നിന്നും 'ഷൂട്ട് അറ്റ് സൈറ്റ്' അനുമതി കിട്ടിയിട്ടുള്ള പോലീസ് സേന ജലപീരങ്കികൾ, കണ്ണീർവാതകം, റബ്ബർ ബുള്ളറ്റുകൾ, വെടിയുണ്ടകൾ എന്നിവ ഉപയോഗിചാണ് പ്രതിഷേധക്കാരെ നേരിട്ടത്. ഇതൊക്കെ പ്രയോഗിച്ചിട്ടും സമരക്കാർ ഒടുവിൽ പോലീസിനെ പാർലമെന്റ് സമുച്ചയത്തിനുള്ളിൽ വളഞ്ഞു. കെട്ടിടത്തിന് തീയിടുകയും ചെയ്തിരുന്നു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.