കോട്ടയം; വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം കൊലപാതകമാണോ എന്ന സംശയവുമായി ബന്ധുക്കൾ.
കോട്ടയം വയലാ കടപ്ലാമറ്റം പടിഞ്ഞാറേ മുണ്ടിയാനിയിൽ പി.എൻ.ജയന്റെ (43) മരണത്തിൽ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. 10ന് രാത്രി വയലാ കാട്ടാമ്പള്ളി ഭാഗത്ത് വാഹനം തട്ടി മരിച്ച നിലയിലാണ് ജയനെ കണ്ടെത്തുന്നത്. സുഹൃത്തുക്കളാണ് ജയനെ ആശുപത്രിയിൽ എത്തിച്ചത്.ഏതോ വാഹനം തട്ടി വഴിയിൽ കിടന്ന ജയനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. എന്നാൽ സുഹൃത്തിന്റെ കാർ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് കണ്ടെത്തി. മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.ജയനെ കാണാൻ ആശുപത്രിയിലെത്തിയ സഹോദരങ്ങൾ അറിഞ്ഞത് മരണ വാർത്തയാണ്. മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്ത മരങ്ങാട്ടുപിള്ളി പൊലീസ് വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
സുഹൃത്തുക്കൾ ഫോണിൽ വിളിച്ചതിനെ തുടർന്നാണ് ജയൻ സംഭവ സ്ഥലത്തേക്ക് പോകുന്നത്. ഇവിടെ വച്ച് ജയനും സുഹൃത്തുക്കളുമായി വാക്കു തർക്കവും കയ്യാങ്കളിയും ഉണ്ടായി. ഇതിന്റെ ചിത്രങ്ങൾ ജയന്റെ ഫോണിലുണ്ട്. കൂടാതെ ജയന്റെ തലയ്ക്ക് പിന്നിൽ അടിയേറ്റിരുന്നു. കഴുത്തിനു താഴെ മുറിവേറ്റ പാടുകളുണ്ട്. സംഭവ ദിവസം രാത്രി ഈ ഭാഗത്തു നിന്നും ജയന്റെ നിലവിളികൾ അയൽവാസികൾ കേട്ടതായും ബന്ധുക്കൾ പറയുന്നു.കാർ നെഞ്ചിലൂടെ കയറി വാരിയെല്ലു പൊട്ടിയായിരുന്നു മരണം. കാർ പിന്നോട്ട് എടുത്തപ്പോൾ റോഡിൽ കിടന്ന ജയനെ കണ്ടില്ലെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. എന്നാൽ കാറിന്റെ മുൻ ചക്രങ്ങളാണ് ദേഹത്ത് കയറിയതെന്നും ടയറുകളിൽ രക്തക്കറ ഉണ്ടെന്നും ബന്ധുക്കൾ പറയുന്നു.ജയൻ ഉൾപ്പെടെ 8 പേരാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്. സുഹൃത്തുക്കൾ പരസ്പര വിരുദ്ധമായാണ് വിവരങ്ങൾ നൽകുന്നത്. ജയന്റെ ഫോൺ കണ്ടില്ലെന്നാണ് സുഹൃത്തുക്കൾ ആദ്യം പറഞ്ഞത്. എന്നാൽ അപകടം ഉണ്ടായ കാറിൽ നിന്ന് ഫോൺ കണ്ടെടുക്കുകയായിരുന്നു.
ജയന്റെ ഫോണിലെ പല വിഡിയോകളും ചിത്രങ്ങളും നീക്കം ചെയ്ത നിലയിലാണ്. ഇക്കാര്യങ്ങൾ പൊലീസിനെ അറിയിച്ചെങ്കിലും എഫ്ഐആറിൽ ഇവയൊന്നും ഉൾപ്പെടുത്തുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. ജയന്റെ ഫോൺ പരിശോധിക്കാൻ പൊലീസ് തയാറായിട്ടില്ല. മരിക്കുന്നതിന് തൊട്ടു മുൻപ് അമ്മ ശാരദ ജയനെ വിളിച്ചിരുന്നു. പത്ത് മിനിറ്റിനുള്ളിൽ വീട്ടിലെത്തുമെന്നാണ് ജയൻ അറിയിച്ചത്. 16 ദിവസം പിന്നിട്ടിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. സുഹൃത്തുക്കളെ വിശദമായി ചോദ്യം ചെയ്യുകയോ ആരോപണങ്ങൾ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. ജയൻ അവിവാഹിതനാണ്.
അമ്മ ശാരദയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. കേസിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് അമ്മ ശാരദ നാരായണൻ, ജയന്റെ സഹോദരങ്ങളായ പി.എൻ.പ്രസാദ്, പി.എൻ.വിനോദ്, സഹോദര ഭാര്യ സന്ധ്യ എന്നിവർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതി പാലാ ഡിവൈഎസ്പിക്ക് കൈമാറിയതായി എസ്പി അറിയിച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.