തുല്യ പെൻഷന് നാമെല്ലാവരും അർഹരാണ്,വൺ ഇന്ത്യ വൺ പെൻഷന്റെ നേതൃത്വത്തിൽ ശക്തി പ്രകടനവും പൊതു സമ്മേളനവും 18 3.30 ന് പാലായിൽ

പാലാ ;സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വിപ്ലവകരമായ ആശയമാണ് വൺ ഇന്ത്യ വൺ പെൻഷൻ അഥവാ - OIOP. 60 കഴിഞ്ഞ എല്ലാ ഇന്ത്യക്കാർക്കും കുറഞ്ഞത് പ്രതിമാസം പതിനായിരം രൂപയെങ്കിലും തുല്യ പെൻഷൻ നൽകണമെന്ന സാമൂഹിക നീതിയുടെ ആവശ്യം ഉയർത്തി പ്പിടിക്കുന്ന മഹത്തായ പ്രസ്ഥാനം. ഈ ആവശ്യം നേടിയെടുക്കാൻ സംഘടന നടത്തുന്ന ആശയ പ്രചരണ സമരപരിപാടികൾ രണ്ടാം സ്വാതന്ത്ര്യ സമരം തന്നെയാണ്.

തുല്യ പെൻഷന് നാമെല്ലാവരും അർഹരാണ്

60 വയസ്സ് വരെ കാർഷിക, വ്യവസായ, വാണിജ്യ, നിർമ്മാണ, വാഹന, സേവന മേഖലകളിൽ പണിയെടുത്തും വാങ്ങുന്ന സാധന ങ്ങൾക്കും സേവനങ്ങൾക്കും തുല്യനികുതി കൊടുത്തും രാഷ്ട്ര നിർമ്മാണത്തിലും രാജ്യപുരോഗതിയിലും പങ്കാളികളായ നാം ഓരോരുത്തർക്കും ഗവൺമെന്റ്റ് ഉദ്യോഗസ്ഥരെ പോലെ തന്നെ പെൻഷന് അർഹതയുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ മാത്രമല്ല രാജ്യസേവനം നടത്തുന്നത്. കർഷകനും കർഷക തൊഴിലാളിയും അധ്വാനിച്ചില്ലെങ്കിൽ ആർക്കും ഭക്ഷണം കഴിക്കാൻ സാധിക്കില്ല. അതുപോലെ മുട്ടുസൂചി മുതൽ മോട്ടോർ കാർ വരെ ഉണ്ടാക്കുന്നവരുടെ സേവനം രാജ്യപുരോഗതിക്കും, രാഷ്ട്രനിർമ്മാണത്തിനും അത്യാവശ്യമാകുന്നു. തയ്യൽക്കാരില്ലാത്ത ഒരു പരിഷ്കൃത സമൂഹത്തെ പറ്റി നമുക്ക് ചിന്തിക്കാൻ ആകുമോ?

തങ്ങൾക്കു മാത്രമാണ് പെൻഷന് അർഹത എന്ന് ചിന്തിക്കുന്ന ഉദ്യോഗസ്ഥർ അറിയേണ്ട ഒരു വസ്‌തുത നിങ്ങൾ എഴുതുന്ന പേനയും കടലാസും, ജോലി ചെയ്യുന്ന കെട്ടിടവും, ഇരിക്കുന്ന കസേരയും, കാറ്റുകൊള്ളുന്ന ഫാനും, ധരിക്കുന്ന ചെരുപ്പും, അണിയുന്ന വസ്ത്രവും, ഓടിക്കുന്ന കാറും, അതോടുന്ന റോഡും, നിങ്ങളുടെ സംഭാവനയല്ല മറിച്ച് ഇവിടുത്തെ കോടിക്കണക്കിനായ തൊഴിലാളികളുടെ പ്രയത്ന ഫല മാണ്.

ഇവരെല്ലാം അധ്വാനിക്കുന്നത് പണത്തിനും അവരുടെ കുടുംബം പോറ്റുന്നതിനും അല്ലേ എന്ന് ചോദിക്കുന്നവരോട് എങ്കിൽ, സർക്കാർ ഉദ്യോഗസ്ഥരും വേതനം കൈപ്പറ്റി അവരുടെ കുടുംബം സംരക്ഷിക്കുന്നതിനല്ലേ പണിയെടുക്കുന്നത്?

പി.എസ്.സി പരീക്ഷ എഴുതിയിട്ടാണ് ജോലി ലഭിക്കുന്നതെന്ന അവകാശവാദത്തിനും അടിസ്ഥാനമില്ല. സർക്കാരിന് 10 പേരെ നിയമി ക്കേണ്ടിവരുമ്പോൾ യോഗ്യരായ 11 പേർ അപേക്ഷകരായി എത്തിയാൽ ഒരാളെ ഒഴിവാക്കാൻ വേണ്ടി നടത്തുന്ന പരീക്ഷയാണ് പി.എസ്.സി പരീക്ഷ.

അതുപോലെ വാങ്ങുന്ന എല്ലാ സാധനങ്ങൾക്കും സേവനങ്ങൾക്കും നമ്മൾ തുല്യനികുതി നൽകുന്നു. 100 രൂപയ്ക്ക് പെട്രോൾ അടി ക്കുമ്പോൾ 60 രൂപയും കേന്ദ്ര സംസ്ഥാന ഗവൺമെൻ്റുകൾക്ക് നികുതിയായി നൽകുന്നു. 20 ലക്ഷം രൂപയുടെ കെട്ടിടം പണിയുന്ന ഒരാൾ കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും നികുതി ഇനത്തിൽ സർക്കാരുകൾക്ക് നൽകുന്നു. 30 വർഷം ഓട്ടോറിക്ഷ ഓടിക്കുന്ന ഒരാൾ 30 ലക്ഷം രൂപയെങ്കിലും സർക്കാരിലേക്ക് നികുതിയിനത്തിൽ കൊടുക്കുന്നു.

60 കഴിഞ്ഞ എല്ലാവർക്കും പ്രതിമാസം 10,000 രൂപ പെൻഷൻ കൊടുക്കുക സാധ്യമാണോ?

ഉദ്യോഗസ്ഥരുടെ അമിത ശമ്പളവും അന്യായ പെൻഷനും വെട്ടി കുറച്ചുകൊണ്ടും എണ്ണിയാൽ ഒടുങ്ങാത്ത ആനുകൂല്യങ്ങൾ നിയ ന്ത്രിച്ചും രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും തിന്നു കൊഴുക്കുവാൻ ഉണ്ടാക്കിയിട്ടുള്ള അനാവശ്യ കോർപ്പറേഷനുകൾ പിരിച്ചുവിട്ടുകൊണ്ടും രണ്ടുവർഷം മാത്രം ജോലി ചെയ്യുന്ന മന്ത്രിമാരുടെ പേഴ്‌സൺ സ്റ്റാഫിൻ്റെ ജീവിതാന്ത്യ പെൻഷൻ ഒഴിവാക്കിയും പാടത്തും പറമ്പിലും കട യിലും കടലിലും ഫാക്ട‌റിയിലും വിദ്യാലയത്തിലും ആതുരാലയത്തിലും എന്ന് വേണ്ട സമൂഹത്തിൻ്റെ സമസ്‌ത മേഖലകളിലും പണിയെടുത്ത എല്ലാവർക്കും കുറഞ്ഞത് 10,000 രൂപ തുല്യ പെൻഷൻ നൽകുക തികച്ചും സാധ്യമാണ്.

പ്രൈവറ്റ് സ്‌കൂളുകളിൽ അദ്ധ്യാപകരായും ആശുപത്രികളിൽ നേഴ്‌സായും കച്ചവട സ്ഥാപനങ്ങളിൽ ക്ലാർക്കായും പണിയെടുക്കുന്ന തിന് 10,000 രൂപ മുതൽ 20,000 രൂപ വരെ ശമ്പളം കൊടുത്താൽ യോഗ്യരായ ചെറുപ്പക്കാർ ജോലി ചെയ്യാൻ ക്യൂ നിൽക്കുന്ന ഇവിടെ അതിൻ്റെ നാലും അഞ്ചും ഇരട്ടി തുക അതേ തൊഴിൽ ചെയ്യുന്നതിന് ഗവൺമെൻ്റ് കൊടുക്കുന്നത് അവസാനിപ്പിക്കണം. 50,000 രൂപ ശമ്പളം കൊടുത്താൽ കോളേജ് അധ്യാപനത്തിന് യോഗ്യരായ വിദ്യാർത്ഥികൾ ആവശ്യത്തിലും അധികമുള്ള രാജ്യത്ത് ഈ ജോലിക്ക് 2 ലക്ഷവും 3 ലക്ഷവും കൊടുക്കേണ്ട യാതൊരു ആവശ്യവുമില്ല.

സാമ്പത്തിക - ഭരണകാര്യ വിദഗ്‌ധരുടെ കണക്കനുസരിച്ച് കേരളത്തിൽ ഉദ്യോഗസ്ഥ മേഖലയിൽ 40% വും അദ്ധ്യാപന മേഖലയിൽ 60 ശതമാനവും ജീവനക്കാർ അധികമാണ്.

ഓരോ വർഷവും 20,000 ജീവനക്കാർ റിട്ടയർ ആകുമ്പോൾ 1000 മോ അതിനടുത്തോ മാത്രം നിയമനം നടത്തിയാൽ അഞ്ചു വർഷം കൊണ്ട് അധിക തസ്‌തികകളും അനാവശ്യമായ നിയമനങ്ങളും ഒഴിവാക്കി പതിനായിര കണക്കിന് കോടി രൂപ.സർക്കാരിന് ലാഭിക്കാം. ഏതാനും ചെറുപ്പക്കാർക്ക് തൊഴിൽ കൊടുക്കാൻ വേണ്ടി അനാവശ്യ തസ്‌തികൾ ഉണ്ടാക്കി ഖജനാവ് കാലിയാക്കുകയല്ല മറിച്ച് വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ച് തൊഴിൽ സാധ്യത വർദ്ധിപ്പിക്കുകയാണ് സർക്കാരുകൾ ചെയ്യേണ്ടത്.

മരുന്നു വാങ്ങാൻ നിവൃത്തിയില്ലാത്തവന് 1600 രൂപപോലും ക്ഷേമപെൻഷൻ കൊടുക്കാൻ ഇല്ലാത്ത ഭരണകൂടങ്ങൾ,ജോലി ചെയ്യുമ്പോൾ ലക്ഷങ്ങൾ ശമ്പളവും പിരിയുമ്പോൾ കോടികളും കൊടുത്തവന് അടുത്ത മാസം ഒന്നാം തീയതി മുതൽ വെറുതെ വീട്ടിൽ ഇരിക്കുമ്പോൾ ലക്ഷങ്ങൾ വീണ്ടും പെൻഷൻ കൊടുക്കുന്ന ഏർപ്പാട് നിർത്തണം. 

രാജ്യത്ത് ലഭിക്കുന്ന നികുതി വരുമാനം ഏതാണ്ട് മുഴുവനായി ഉദ്യോഗസ്ഥ - ഭരണവർഗ്ഗം തങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണെന്ന ചിന്തയോടെ പങ്കിട്ടെടുക്കുന്ന ഈ നവ ഫ്യൂഡലിസ വ്യവസ്ഥിതി അവസാനിപ്പിക്കണം. വല്ലപ്പോഴും പാവങ്ങൾക്ക് ലഭിക്കുന്ന 1600 രൂപ ക്ഷേമപെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാത്തത് സാധാരണക്കാരുടെ നികുതിപ്പണം പങ്കിട്ടെടുക്കുന്നതിൽ ഭരണ-ഉദ്യോഗസ്ഥ വർഗ്ഗം ഒറ്റക്കെട്ടാണെന്ന് തെളിയിക്കുകയാണ് നികുതി വരുമാനത്തിൻ്റെ 85 ശതമാനത്തിൽ അധികവും 3% വരുന്ന ഉദ്യോഗസ്ഥ - ഭരണവർഗ്ഗം ശമ്പളവും പെൻഷനും എണ്ണിയാൽ ഒടുങ്ങാത്ത ആനുകൂല്യങ്ങളുമായി പങ്കിട്ടെടുക്കുന്നതാണ് ഈ രാജ്യത്തെ ഏറ്റവും വലിയ അഴിമതി.

60 കഴിഞ്ഞ എല്ലാവർക്കും 10000 രൂപയെങ്കിലും പെൻഷൻ ലഭിക്കുകയാണെങ്കിൽ മുതിർന്നവർ അവരുടെ വീടുകളിൽ ആദരിക്കപ്പെടുകയും വൃദ്ധസദനങ്ങൾ ഇല്ലാതാവുകയും ചെയ്യും. സാധാരണക്കാരിലേക്ക് പണം എത്തുമ്പോൾ സർക്കാർ ഉദ്യോഗസ്ഥർ ചെയ്യുന്നതുപോലെ ബാങ്കിൽ ഫിക്‌സഡ് ഡിപ്പോസിറ്റ് ഇടുകയോ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയോ വിദേശ യാത്ര നടത്തുകയോ ചെയ്യാതെ ആവശ്യസാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കും. അതുവഴി നാട്ടുമ്പുറങ്ങളിലെ കച്ചവട സ്ഥാപനങ്ങൾ സജീവമാവുകയും പെൻഷനായി നൽകുന്ന തുകയുടെ 25 % തുകയെങ്കിലും പല മറിവിലൂടെ സർക്കാരിന് നികുതിയായി അതേ മാസം തന്നെ തിരികെ ലഭിക്കുകയും ചെയ്യും.

നികുതി വരുമാനത്തിൻ്റെ 1/3 കൊണ്ട് ഉദ്യോഗസ്ഥന്മാരുടെ ശമ്പളം ഉൾപ്പെടെയുള്ള ഭരണ ചിലവിനും 1/3 തുക ക്ഷേമപെൻഷൻ സബ്‌സിഡി മുതലായ ക്ഷേമപ്രവർത്തനങ്ങൾക്കും അവസാനത്തെ 1/3 ഭാഗം സംസ്ഥാനത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്കും മാറ്റിവയ്ക്കുന്ന ഒരു ഭരണ സമ്പ്രദായം ഇവിടെ രൂപപ്പെടണം. കഴിഞ്ഞ 50 വർഷം കൊണ്ട് കർഷകരുടെയും അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരുടെയും വരുമാനം/ ശമ്പളം ഏതാണ്ട് 10 - 12 ഇരട്ടി മാത്രം വർദ്ധിപ്പിച്ചപ്പോൾ ഉദ്യോഗസ്ഥരുടെ ശമ്പളം ശരാശരി 200 - 300 ഇരട്ടിയായി മാറി മാറി വന്ന ഗവൺമെൻ്റുകൾ വർധിപ്പിച്ചു നൽകി. കേരള കൃഷിവകുപ്പിൻ്റെ കണക്കനുസരിച്ച് 1976 ൽ 5 ഏക്കർ കൃഷി ചെയ്‌തിരുന്ന ഒരു കർഷകൻ്റെ പ്രതിമാസ വരുമാനം 1450 രൂപയായിരുന്നു. അന്ന് ഒരു കോളേജ് പ്രൊഫസറുടെ ശമ്പളം 350 രൂപയും കളക്ടറുടെ ശമ്പളം 750 രൂപയുമായിരുന്നു. ഇന്ന് അഞ്ചേക്കർ കൃഷി ചെയ്യുന്ന കർഷകൻ്റെ വരുമാനം 16,500 രൂപ മാത്രമാണ്

അധികനികുതി കളുടെയും അനാവശ്യമായി ചുമത്തുന്ന ഫീസുകളുടെയും കാരണം ഉദ്യോഗസ്ഥരുടെ അമിതമായ ശമ്പളവും അന്യായ പെൻഷനുമാണ്. സർക്കാർ ആശുപത്രിയിൽ മരുന്നുകൾ ഇല്ലാത്തതും സപ്ലൈകോയിൽ ആവശ്യ സാധനങ്ങൾ ഇല്ലാത്തതും കുട്ടികൾക്ക് സ്‌കൂളുകളിൽ ഉച്ചക്കഞ്ഞി മുടങ്ങിയതും കോൺട്രാക്ടർമാർക്ക് 16000 കോടി രൂപ കുടിശ്ശിക വന്നതും വികസന പ്രവർത്തനങ്ങൾ നിലയ്ക്കുന്നതും ആയിരക്കണക്കിന് കോടി രൂപ മാസംതോറും കടമെടുത്ത് നമ്മളെയും നമ്മുടെ വരും തലമുറയെയും കടക്കണിയിൽ ആക്കുന്നതും ഇതേ കാരണത്താലാണ്.

വൺ ഇന്ത്യ വൺ പെൻഷൻ്റെ ആവശ്യങ്ങൾ നടപ്പിലാകുമോ എന്ന് ചോദിക്കുന്നവരോട്

സൂര്യൻ അസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പടപൊരുതിയപ്പോൾ, വഴി നടക്കാൻ താഴ്‌ ജാതിക്കാർക്ക് അവകാശമില്ലാതിരുന്ന കാലത്ത് അതിനെതിരെ ശബ്ദിച്ചപ്പോൾ, ഇന്നത്തെ 5 ലക്ഷം രൂപയ്ക്ക് തുല്യമായ 5 രൂപ കരം ഒടുക്കുന്നവർക്കു മാത്രം വോട്ടവകാശം ഉള്ളപ്പോൾ എല്ലാവർക്കും ഈ അവകാശം വേണമെന്ന് ചില ധൈര്യശാലികൾ ആവശ്യപ്പെട്ടപ്പോൾ ഇതു വല്ലതും നടക്കുമോ എന്ന് ചോദിച്ചവർ ഉണ്ടായിരുന്നു. അടിമക്കച്ചവടം നിലനിന്നിരുന്ന നാടാണ് നമ്മുടേത്, ഇത്തരം അനാചാരങ്ങൾ അന്നത്തെ നിയമമായിരുന്നു നീതിയായിരുന്നു ശരിയായിരുന്നു. അതിനെതിരെ ശബ്ദിച്ചവർ അന്ന് വിവരദോഷികളും വിപ്ലവകാരികളുമായിരുന്നു. 

ഈ അനാചാരങ്ങളുടെ ഇരകളിൽ പലരും ഇന്നത്തേതുപോലെ ഇതു വല്ലതും നടക്കുമോ എന്ന് അന്നും സംശയം പ്രകടിപ്പിച്ചിരുന്നു. മൂന്ന് ശതമാനം വരുന്ന ഉദ്യോഗസ്ഥ - ഭരണ വർഗ്ഗം രാജ്യത്തെ നികുതി വരുമാനത്തിൻ്റെ ഏതാണ്ട് മുഴുവനും പങ്കിട്ടെടുക്കുന്ന ഈ ഭരണ വ്യവസ്ഥിതി മാറിയേ തീരൂ. 3% വരുന്ന ഭരണ ഉദ്യോഗസ്ഥ ഭരണവർഗത്തിനു വേണ്ടി 97% അധ്വാനിക്കുന്ന ഭരണസംവിധാനം മാറ്റിയെടുക്കുവാൻ രാഷ്ട്രീയ, ജാതി, മത, വർഗ്ഗ,വർണ്ണ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന വൺ ഇന്ത്യ വൺ പെൻഷൻ എന്ന സംഘടനയിൽ നമ്മുക്ക് അണിചേരാം.

ഒ.ഐ.ഒ.പി യുടെ നേതൃത്വത്തിൽ ഒക്ടോബർ 18 ശനിയാഴ്ച പാലായിൽ വമ്പിച്ച ശക്തിപ്രകടനവും പൊതുസമ്മേളനവും നടക്കുകയാണ്.പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന പ്രകടനം ളാലം പാലം ജംഗ്ഷനിൽ സമാപിക്കുന്നു .പൊതുസമ്മേളനത്തിൽ ഒ.ഐ.ഒ പി യുടെ സംസ്ഥാന ജില്ലാ നേതാക്കൾ സംസാരിക്കും.

പാലാ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അഡ്വ: ജോസുകുട്ടി മാത്യു (സംസ്ഥാന കൺവീനർ) ബെന്നി മാത്യു (കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട്) റോജർ സെബാസ്ത്യൻ (സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ) ഷാജി ജോസ് (ജില്ലാ ജോയിൻ്റ് സെക്രട്ടറി) അപ്പച്ചൻ തെള്ളിയിൽ (കർഷക സംഘം സംസ്ഥാന പ്രസിഡണ്ട്) ബേബി പേണ്ടാനം (കർഷക സംഘം സംസ്ഥാന സെക്രട്ടറി) എന്നിവർ പങ്കെടുത്തു .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !