കോഴിക്കോട്: സഹപാഠിയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്‌ടിച്ച് വിദേശത്തേക്ക് കടന്ന ആന്ധ്ര സ്വദേശിനിയെ പിടികൂടി കേരളാ പൊലീസ്. ബേപ്പൂർ സ്വദേശിനിയായ ഗായത്രിയുടെ വീട്ടിൽ നിന്നാണ് ആന്ധ്ര വിജയവാഡ സ്വദേശിനിയായ തോട്ടഭാനു സൗജന്യ സ്വർണം മോഷ്‌ടിച്ച് കടന്ന് കളഞ്ഞത്.
ബെംഗളൂരുവിലെ സുരാന കോളജിൽ ഒരുമിച്ച് പഠിക്കുകയായിരുന്ന തോട്ടഭാനു സൗജന്യയെ വെക്കേഷനോടനുബന്ധിച്ച് കേരളം കാണിക്കാൻ കൊണ്ട് വന്നതാണ് മോഷണക്കേസിൻ്റെ തുടക്കം. ഗായത്രിക്കൊപ്പം പിജിക്ക് പഠിക്കുകയായിരുന്നു സൗജന്യ. ബേപ്പൂരിലെ സ്വന്തം നാടും കാഴ്‌ചകളും ചുറ്റി കാണിച്ച് ഏറെ സന്തോഷത്തോടെ കുറച്ച് ദിവസം കൂട്ടുകാരിക്കൊപ്പം വീട്ടിൽ കഴിയുന്നതിനിടയിലാണ് മുപ്പത്താറ് പവൻ സ്വർണവുമായി ഉറ്റമിത്രമായി കരുതിയിരുന്ന കൂട്ടുകാരി സ്ഥലം വിട്ടത്.
കഴിഞ്ഞ ജൂലൈ 17നാണ് ഗായത്രിക്കൊപ്പം സൗജന്യ ബേപ്പൂരിൽ എത്തിയത്. രണ്ട് ദിവസം ബേപ്പൂരിൽ തങ്ങിയ ശേഷം പത്തൊൻപതാം തീയതി നാട്ടിലേക്ക് തിരിച്ചു പോയി. പോകുന്ന സമയത്ത് ഗായത്രിയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച മുപ്പത്താറ് പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും മോഷ്‌ടിച്ചാണ് കടന്നുകളഞ്ഞത്.
സ്വർണം കൈക്കലാക്കിയ ശേഷം കോളജ് അധികൃതരെ ഫോണിൽ വിളിച്ച് ഇനി തിരികെ കോളജിലേക്ക് വരില്ലെന്നും ഗുജറാത്തിൽ ആർമിയിൽ ജോലി ശരിയായിട്ടുണ്ടെന്നും അറിയിച്ചു. തുടർന്ന് നാട്ടിലെത്തിയ സൗജന്യ മുപ്പത്താറ് പവൻ സ്വർണത്തിൽ ഒരു പങ്ക് പണയം വെച്ചും ബാക്കി ഭാഗം വിറ്റും കിട്ടിയ പണം ഉപയോഗിച്ച് ടൻസാനിയയിലുള്ള ബന്ധുവിൻ്റെ അടുത്തേക്ക് പോയി.
അതിനിടയിൽ ഗായത്രിയുടെ ബേപ്പൂരിലെ വീട്ടിൽ അലമാര പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങൾ കാണാതായ വിവരം അറിയുന്നത്. തുടർന്ന് ബേപ്പൂർ പൊലീസിൽ പരാതി നൽകി. പൊലീസ് വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തുകയും വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്‌തു.
ഇതോടെയാണ് മോഷണം നടത്തിയത് സൗജന്യ തന്നെ എന്ന് ഉറപ്പിച്ചത്.സൗജന്യയുടെ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസിന് സാധിച്ചിരുന്നില്ല. കോളജിൽ അന്വേഷിച്ചപ്പോൾ ആർമിയിൽ ജോലി ലഭിക്കുന്ന വിവരമറിയിച്ച് പഠനം നിർത്തിയതായ വിവരവും പൊലീസിന് ലഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സൗജന്യ ടാൻസാനിയ യിലേക്ക് മുങ്ങിയതായ വിവരം അറിയുന്നത്.
അതിനുശേഷം മാസങ്ങളായി പൊലീസ് സൗജന്യയുടെ വീട്ടുകാരെയും ബന്ധുക്കളെയുമെല്ലാം നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം ടാൻസാനിയയിൽ നിന്നും സൗജന്യ ഗുജറാത്തിൽ എത്തിയിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. ഉടൻ തന്നെ പൊലീസ് ഗുജറാത്തിലുള്ള സൗജന്യയുടെ സഹോദരിയുടെ വീട്ടിലെത്തിയെങ്കിലും, വിവരം അറിഞ്ഞ സൗജന്യ അവിടെ നിന്നും മുങ്ങുകയായിരുന്നു.
സഹോദരിയുടെ വീട്ടിൽ നിന്നും നേരെ പോയത് മുംബൈയിലുള്ള വിമാനത്താവളത്തിലേക്കാണ്. അവിടെ നിന്നും ഹൈദരാബാദിലേക്ക് പോകുന്നതിന് തയാറെടുക്കുമ്പോഴാണ് ബേപ്പൂർ പൊലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് ഇവരെ പിടികൂടുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് രാവിലെ ബേപ്പൂരിൽ എത്തിച്ചു.
തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ഫറോക്ക് സബ് ഡിവിഷൻ അസിസ്റ്റൻ്റ് കമ്മീഷണർ എഎം സിദ്ദിഖ്, ബേപ്പൂർ എസ്‌ഐമാരായ നൗഷാദ് കുറ്റിക്കടവ്, പിസി സുജിത്ത് എന്നിവരാണ് കേസ് അന്വേഷിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.